Saturday, April 16, 2016

ലോഹിതദാസും രാമായണവും ..

അമരാവതിയുടെ മണ്ണിലിരുന്നു മനുഷ്യവികാരങ്ങള്‍ കൊണ്ടുള്ള വീതുളിയില്‍ തനിയാവര്‍ത്തനങ്ങള്‍ അല്ലാത്ത വെള്ളാരംകല്ലിന്‍റെ പൊടി ഇട്ട് രാഖി മിനുക്കിയെടുത്ത കഥകളുടെ പെരുംതച്ചന്‍ ആണ് ലോഹിതദാസ്. രണ്ടു പതിറ്റാണ്ടുകള്‍ അധികം മലയാളത്തിന്റെ കഥാസരിത്‌സാഗരം അഭ്രപാളിയില്‍ മെനഞ്ഞെടുത്ത അനുഗ്രഹീത എഴുത്തുകാരന്‍. എന്നാല്‍ നാട്ടുവഴക്കങ്ങള്‍ തേടി മലയാളസിനിമയില്‍ സ്വന്തമായ മേച്ചില്‍ പുറങ്ങള്‍ തേടിയ ആ എഴുത്തുകാരന് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയ കൃതി ഏതെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്‍റെ സൃഷ്ട്ടികളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍  ഭാരതത്തിന്റെ പൌരാണിക ഇതിഹാസങ്ങളില്‍ ഒന്നായ  "രാമായണം" ആണെന്ന് കരുതപെടെണ്ടിയിരിക്കുന്നു.

സിനിമകളുടെ പേരില്‍ നിന്നും (ഭരതം, ദശരഥം തുടങ്ങിയവ ) ചിലതിന്‍റെ സന്ദര്‍ഭങ്ങളില്‍ നിന്നും മുമ്പും ഇത് ചര്‍ച്ച ചെയ്യപെട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരു കൌതുകത്തിന് ഒന്നുകൂടെ സിനിമകളിലൂടെ യാത്ര ചെയ്തപ്പോള്‍ അധികം ആരാലും ചര്‍ച്ചചെയ്യപ്പെടാത്ത ചില നിരീക്ഷണങ്ങളിലേക്ക് എത്തിപെടാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ആദ്യകാലത്ത് വന്ന കിരീടം പോലെയുള്ള സിനിമകളില്‍  "രാമപുരം" എന്നൊരു സ്ഥലപേരില്‍ തുടങ്ങുന്ന ചെറിയ  രാമായണഅംശം ക്രമേണ സിനിമയിലെ ചില   സന്ദര്‍ഭങ്ങള്‍ ആയും കഥ മുഴുവനായും അടാപ്റ്റ് ചെയ്തപോലെയും കാണപെടുകയുണ്ടായി.

ഭരതം സിനിമ മുമ്പൊക്കെ ചര്‍ച്ച ചെയ്യപെട്ട ടൈറ്റില്‍നെക്കുറിച്ച് ഒന്നുകൂടി . ജേഷ്ടന്‍ വിട്ടുപോയ അനിയന്‍റെ ദുഖം എന്ന അര്‍ഥം വരുന്ന രാമനില്‍ നിന്ന് അകന്ന ഭരതന്‍റെ ദുഖം "ഭരതം" ആയി തീരുകയാണെന്ന്. നെടുമുടിയുടെ കഥാപാത്രത്തിന്റെ പേരിലും ഒരു രാമന്‍ ഉണ്ട്. കല്ലിയൂര്‍ രാമനാഥന്‍ എന്ന പ്രശസ്ഥഗായകന്‍. ഭരതന്‍ ശ്രീരാമന്‍റെ മെതിയടികള്‍ സിംഹാസനത്തില്‍ വച്ച് ആരാധിച്ചതായി രാമാനായണത്തില്‍ പറയുന്നുണ്ട്. ഗോപി പോലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടുന്ന രാമനാഥന്റെ ചെരുപ്പ് അടക്കമുള്ള വസ്തുക്കള്‍ നെഞ്ചോട്‌ചേര്‍ത്ത് പിടിക്കുന്നത് ഈ അവസരത്തില്‍ ഓര്‍ക്കാം.

ദശരഥവും ഇങ്ങനെ പേരിലും കഥയുടെ കാമ്പിലും രാമായണം ഉണ്ട്. Artificial Insemination വിഷയമായി വരുന്ന സിനിമയില്‍ രണ്ടു തരത്തില്‍ സിനിമയുടെ പേരിനെ സാധൂകരിക്കുന്ന കാര്യങ്ങള്‍ ഉണ്ട്. ഒന്ന് കോര്‍ സബ്ജെക്റ്റ് രാമായണത്തില്‍ ദശരഥന് കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത് അലൈംഗികമായ പ്രത്യുല്‍പാദനത്തിലൂടെ ആണ്. വിശേഷമായ പായസം കഴിച്ചാണ് അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ ഗര്‍ഭിണികള്‍ ആവുന്നത്. മറ്റൊരു തലത്തില്‍ നോക്കിയാല്‍ പുത്രദുഖം എന്ന ശാപം ഉള്ള ദശരഥന്‍ മരിക്കുന്നത് മകനെ വിട്ടുപോയതിലുള്ള  agony കാരാണം ആണ്. രാജീവ് മേനോനും സമാനമായ മാനസികാവസ്ഥയില്‍ ക്ലൈമാക്സില്‍ എത്തുന്നുണ്ട്. അങ്ങനെ അച്ഛന്റെ ദുഖം എന്ന രീതിയിലും "ദശരഥം" എന്ന പേര് അര്‍ത്ഥവത്താണ് .

വാത്സല്യം സിനിമ അനുജനെയും കുടുംബത്തെയും സ്നേഹിച്ച ഏട്ടന്‍റെ കഥയാണ്. ത്യാഗം, സ്നേഹം, ഭൂമിയും വീടും വേണ്ടെന്ന് വച്ചുള്ള യാത്ര, കാടിന് സമാനമായ കുന്നിന്‍പുറത്ത് ജീവിക്കുന്ന മേലേടത്ത് രാഘവന്‍ നായര്‍  "ശ്രീരാമന്‍" തന്നെയാണ്.  രാഘവന്‍ എന്നുള്ളത് ശ്രീരാമന്‍റെ പര്യായമാണെന്നതും ക്ലൈമാക്സില്‍ പശ്ചാത്തലമായി വരുന്ന ശ്ലോകം രാമായണത്തിലെത് ആണെന്ന് എല്ലാവര്ക്കും അറിവുള്ളതാണെന്ന് വിശ്വസിക്കുന്നു. രാമായണം വായിക്കുന്ന മമ്മുട്ടിയുടെ "വാതസല്യം" സിനിമയുടെ പോസ്റ്റര്‍ ചെറുപ്പത്തില്‍ കണ്ട ഓര്‍മയുണ്ട്. സിനിമയിലെ പാട്ടിലെ ചില വരികളില്‍ പോലും ഈ രാമായണചൈതന്യം ഉണ്ട്." രാമായണം കേള്‍ക്കാതെയായ്‌ പൊന്‍മൈനകള്‍ മിണ്ടാതെയായ്‌...".. രാമായണത്തിന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ലോഹിതദാസ് സിനിമ ഒരുപക്ഷെ വാത്സല്യമാവും.

കമലദളത്തില്‍ വരുമ്പോള്‍ നന്ദഗോപന്റെ സ്വപനം സുമംഗലയെ കൊണ്ട്  "സീതാ രാമായണം"  കളിപ്പിക്കുക എന്നുള്ളതാണ്. പിന്നീടു ഈ ആവശ്യം പറഞ്ഞു വരുന്ന മാളവികയുടെ അഹങ്കാരം ഇല്ലാതാക്കുന്ന നന്ദഗോപന്റെ പാപമോക്ഷം പാട്ടില്‍ അഹല്യാമോക്ഷം പോലെ വരുന്നുണ്ട്. അഹങ്കാരത്തില്‍ നിന്നുള്ള മാളവികയുടെ മോക്ഷമായി കാണാം. മറ്റൊരു സാധ്യത "അഗ്നിപരീക്ഷ" ആണ്. തന്‍റെ സ്നേഹവും ആത്മാര്‍ത്ഥയും സത്യമെന്ന് കാണിക്കാന്‍ സുമംഗല തിരഞ്ഞെടുത്ത മരണത്തിലേക്കുള്ള വഴി രാമായണത്തിലെ "അഗ്നിപരീക്ഷയോട്" ഉപമിക്കാമെന്നു കരുതുന്നു.

പാഥേയം സിനിമയില്‍ കുറച്ചു പരോക്ഷമായാണ് രാമായണം കടന്നു വരുന്നത്. രാമായണത്തിലെ മറ്റു ചില വെര്‍ഷനുകളില്‍ സീത രാവണന്‍റെ പുത്രിയാണെന്ന് സൂചിപ്പിക്കുന്നുണ്ട്. കമ്പരാമായണം ആസ്പദമാക്കിയാണ് ലോഹിതദാസ് പാഥേയം എഴുതിയതെന്ന് ചില ആര്‍ട്ടിക്കിള്‍ കേട്ടിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ രാവണന്‍ സീതയെ മകളായി വരിച്ച് തന്‍റെ കൊട്ടാരത്തില്‍ കുറേകാലം വാഴിച്ച പോലെയാണ് ചന്ദ്രദാസ് ഹരിതയെ കുറച്ചു നാള്‍ തന്‍റെ കൂടെ കൂട്ടുന്നത്. ശിവന്‍ കൊടുത്ത വാളായ "ചന്ദ്രഹാസം" കയ്യില്‍ ഉള്ള രാവണന്‍ ചന്ദ്രഹാസന്‍ എന്നും അറിയപെട്ടിരുന്നു എന്ന് പണ്ട് എവിടെയോ കേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആ പേരിന് നല്ല സാമ്യമുള്ള "ചന്ദ്രദാസ്" എന്നതാണ് മമ്മുട്ടിയുടെ കഥാപാത്രം എന്നും നിരീക്ഷിക്കാം.

ഇങ്ങനെ സിനിമകളില്‍ പേരയും കഥാപാത്രങ്ങളുടെ പേരുകള്‍ ആയും സന്ദര്‍ഭങ്ങള്‍ ആയും ലോഹിതദാസ് രാമായണത്തെ തന്‍റെ എഴുത്തിലൂടെ എന്നും ആവാഹിച്ചിരുന്നു എന്ന് വേണം കരുതാന്‍. കൌരവര്‍, വെങ്കലം പോലെയുള്ള സിനിമകളില്‍ മഹാഭാരതത്തിന് സമാനമായ സംഗതികള്‍ ഉണ്ടെങ്കിലും രണ്ടു ഇതിഹാസങ്ങളും ഒരു താരതമ്യപഠനം ചെയ്‌താല്‍ മനുഷ്യവികാരങ്ങള്‍ കൂടുതല്‍ രാമായണത്തിലാണെന്ന് ഞാന്‍ ഒരു നിഗമനത്തില്‍ എത്തിയിട്ടുണ്ട്. മനുഷ്യമനസ്സിന്റെ കഥകള്‍ മണ്ണിന്‍റെ ഗന്ധം ചേര്‍ത്തെഴുതിയ ലോഹിതദാസ് കൂടുതല്‍ രാമായണത്തെ ഇഷ്ട്ടപെട്ടിട്ടുണ്ട് എന്നതില്‍ കൂടുതല്‍ തെളിവ് വേണ്ടാ എന്ന് കരുതുന്നു.

No comments:

Post a Comment

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...