Friday, July 28, 2017

എലിപത്തായം - കളർ മോഡൽ

എലിപത്തായത്തിലെ കളർവീൽ

===================================

കളർ മോഡലിലെ പ്രാഥമിക വർണ്ണങ്ങൾ (primary colours) ആണ് ചുവപ്പ്, നീല, പച്ച അഥവാ RGB. എലിപത്തായം സിനിമയിലെ കരമന അവതരിപ്പിക്കുന്ന ഉണ്ണികുഞ്ഞിന്റെ സഹോദരിമാരുടെ വസ്ത്രങ്ങൾക്ക് ഈ പാറ്റേൺ ആണ് അടൂർ ഗോപാലകൃഷ്ണൻ തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹം തന്നെ ഒരിക്കൽ എക്സ്പ്ലെയ്ൻ ചെയ്തത് ആണെങ്കിലും അതിലേക്ക് ഒന്ന് കടക്കാൻ ശ്രമിക്കാം.

റെഡ് - ഇളയ സഹോദരി ആയ ജലജ അവതരിപ്പിക്കുന്ന ശ്രീദേവി. സ്വന്തമായി ആഗ്രഹങ്ങൾ ഉള്ള ആർക്കും എളുപ്പത്തിൽ ഭരിക്കാൻ സാധിക്കാത്ത പ്രകൃതം. എലിയെ കുളത്തിൽ മുക്കി കൊല്ലാനും വലിയേച്ചിയോട് എതിർത്തു പറയാനും തന്റേടം ഉള്ളവൾ. ഏറ്റവും vibrant ആയ ധൈര്യത്തിന്റെ രൂപകമായ ചുവപ്പ് ആണ് ശ്രീദേവിയുടെ വസ്ത്രങ്ങൾ. വസ്ത്രങ്ങളിൽ ഒതുക്കുന്നില്ല അടൂർ, വിരിപ്പിലും ചാന്ത് ഡപ്പയിലും പൌഡർ ടിന്നിലും ഒക്കെ ചുവപ്പ് ടോണുകളാൽ ശെരിക്കും ശ്രീദേവിയുടെ ക്യാരക്റ്റർ എസ്റ്റാബ്ലിഷ്‌ ചെയ്യുന്നുണ്ട്.

ബ്ലൂ - ശാരദ അവതരിപ്പിക്കുന്ന രാജമ്മ. അച്ചടക്കത്തിന്റെയും അനുസരണയുടെയും കഠിനപ്രയത്നത്തിന്റെയും പ്രതീകം. നീല ബ്ലൗസുകൾ ധരിക്കുക മാത്രമല്ല, ചില സീനുകളിൽ അവരുടെ നീല വസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്നതായും കാണിക്കുന്നുണ്ട്. കൂറിന്റെയും വിശ്വാസ്യതയുടെയും നിറമാണ് നീല. ഉണ്ണിക്ക് ഏറ്റവും അടുപ്പവും എല്ലാ ആവശ്യങ്ങൾക്കും വിളിക്കുന്നതും രാജമ്മയെയാണ്.

ഗ്രീൻ - ഉണ്ണിയുടെ മൂത്ത പെങ്ങൾ ജാനമ്മ. എല്ലാത്തിനോടും പൊരുത്തമുള്ള എന്നാൽ ആവശ്യമുള്ളപ്പോൾ പറയേണ്ടത് പറയാനും അറിയാവുന്ന പ്രായോഗിക ബുദ്ധി ഉള്ള സ്ത്രീ. പച്ച സമ്പത്തിന്റെയും ഐക്യത്തിനെയും സൂചിപ്പിക്കുന്നതാണ്. രാജമ്മയുടെ concern സാമ്പതികമാണ്. തറവാടിന്റെ ഭാഗം ആണ്. തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും  കേറി ഭർത്താവിനെ ശണ്ഠക്ക് വിടാൻ ആഗ്രഹമില്ലാത്ത പ്രായോഗികബുദ്ധിയുള്ള സ്ത്രീ. പുരയിടത്തിലെയും തേങ്ങയിലും മറ്റു വരവുകളിലും താത്പര്യമുണ്ട്. പച്ച ആഗ്രഹങ്ങളുടെ കൂടി രൂപകമാണ്.

മൂന്നു നിറങ്ങളുടെയും മിശ്രിതമാണ് ഉണ്ണികുഞ്ഞിന്റെ വെള്ള വസ്ത്രങ്ങൾ എന്ന് വരുമ്പോൾ ആണ് അടൂർ എത്ര മനോഹരമായി കളർ സ്‌പേസുകളെ ക്യാരക്റ്റർ എസ്റ്റാബ്ലിഷ്‌മെന്റിന് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാവും.

എന്തുകൊണ്ട് ഹ്യുമർ ?

“Gentlemen, You Can't Fight In Here! This is The War Room."

കുബ്രിക്കിന്റെ മാസ്റ്റര്‍പീസ്‌ സറ്റയര്‍ ആയ Dr. Strangelove: or How I Learned To Stop Worrying And Love The Bomb എന്ന സിനിമയിലെ ഒരു  സംഭാഷണം ആണ്. ഒരേ സമയം ഐറണി ആയും തമാശയായും ഒരു സുപ്രധാനമായ വിഷയത്തെ സൂചിപ്പിക്കുകയാണിടെ. കോള്‍ഡ് വാറും   ന്യുക്ക് ഭീഷണികളും ഒക്കെ അസംഗതമായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

ഗൌരവമായ ഒരു പ്രമേയം സിനിമയാക്കുമ്പോള്‍ പ്രമേയപരിചരണം  "ഗൌരവം" തന്നെ ആവേണ്ടതുണ്ടോ? സീരിയസ് വിഷയങ്ങള്‍ സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളിലും ഒക്കെ ഹാസ്യത്തിന്റെ മേമ്പൊടി വിതറി കാലാതീതമായ ഒട്ടേറെ സിനിമകള്‍ നമ്മുക്ക് ചിരപരിചിതമാണ്. The Great Dictator, Being There, Dr. Strangelove, Life is Beautiful, Monty Python, Blazing Saddles  തുടങ്ങിയ സിനിമകള്‍ മുന്നോട്ട് വക്കുന്ന രാഷ്ട്രീയം വളരെ ഗൌരവപൂര്‍ണമാണ് എന്നാല്‍ പ്രമേയപരിചരണത്തിലെ  "ഹാസ്യരസം" ഈ പറഞ്ഞ സിനിമകള്‍ക്കൊക്കെ വലിയൊരു റീച് കിട്ടാന്‍ സഹായിച്ചിട്ടുണ്ട്. അത് സറ്റയറൊ , സ്ലാപ്സ്സ്റ്റിക്കോ, കോമഡി -ഡ്രാമയോ ഒക്കെ ആവാം. ഏതു ഐഡിയോളജിയും അര്‍ഹിക്കുന്ന ഗൌരവത്തോടെ ജനങ്ങളിലേക്ക് എത്തണമെങ്കില്‍ നര്‍മ്മം തന്നെയാണ് അത്ത്യുത്തമം. കുഞ്ചന്‍ നമ്പ്യാരും, വി കെ എനും, ബഷീറും ഒക്കെ മുന്നോട്ട് വച്ച "വലിയ ചിന്തകള്‍"  ചെറിയ ചിരികളിലൂടെ ആയിരുന്നു.

 സമാന്തരസിനിമകള്‍ക്ക് അറിഞ്ഞോ അറിയാതയോ വന്ന  "ഗൌരവ" ഭാവം ഒരുപക്ഷെ വലിയൊരു അംശം സാമാന്യജനത്തെ അതില്‍ നിന്ന് അകറ്റുകയോ ഒരു  മുന്‍വിധി സൃഷ്ടിക്കാനും കാരണമായിട്ടുണ്ട്. ചില അപവാദങ്ങള്‍ ഉണ്ടെങ്കില്‍ കൂടി  സിനിമയുടെ ഉത്ഭവകാലം തൊട്ടുള്ള കോമഡി എന്ന ഴോനാര്‍ ഇന്നും മലയാളത്തിലെ ആര്‍ട്ട് സിനിമാ / മിഡില്‍ സിനിമ വിഭാഗം ഒരു തീണ്ടാപാടകലെ തന്നെയാണ് നിര്‍ത്തിയിരിക്കുന്നത്. സാമാന്യവത്കരണം അല്ലെങ്കില്‍ കൂടി സിനിമയില്‍ ഉടനീളം  നര്‍മ്മത്തിന്റെ അകമ്പടിയോടെ എടുത്ത  അരവിന്ദന്റെ ഒരിടത്ത്, ടി വി ചന്ദ്രന്‍റെ ഡാനി പിന്നെ ക്യാരക്റ്റര്‍ സ്റ്റഡിയുടെ ഭാഗഭാക്കായി സന്ദര്‍ഭങ്ങളില്‍ ഹാസ്യം അതിവിദഗ്തമായി സന്നിവേശിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം, എലിപത്തായം തുടങ്ങിയ സിനിമകള്‍ ഒഴിവാക്കിയാല്‍  അങ്ങനത്തെ സിനിമകള്‍ ശുഷ്ക്കം തന്നെയാണ്. വാണിജ്യപരമായ വാര്‍പ്പുമാതൃക്കളെ തിരസ്ക്കരിക്കുന്ന്താണ് തങ്ങളുടെ സിനിമകള്‍ സ്വയം  എന്ന് കരുതുന്ന മറ്റു ചില സംവിധായകരും പ്രമേയത്തില്‍  കോമഡിയുടെ  യുക്തമായ ഉപയോഗത്തെ തരം താണതായി കാണുന്നവര്‍ ആണ് എന്ന് വേണം അനുമാനിക്കാന്‍.

സീരിയസ് (മേക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ) സിനിമകളെ കുറച്ചു കൂടി ജനകീയമാക്കാന്‍ ഒരു "ബ്രിഡ്ജ് " എന്നവണ്ണം കോമഡി ഴാനാര്‍ സമാന്തരസിനിമാക്കാര്‍ കുറച്ചുകൂടി ആവേശത്തോടെ കാണുകയും അത്തരത്തില്‍ സിനിമകള്‍ സൃഷ്ട്ടിച്ചാല്‍ നന്നാവും എന്ന് തോന്നുന്നു. മിഡില്‍ സിനിമകളില്‍ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ കെ ജി ജോര്‍ജ്ജിന്‍റെ പഞ്ചവടിപാലം ഇത്രമാത്രം ജനകീയമായത് അതിന്‍റെ നര്‍മ്മത്തില്‍ ചാലിച്ച ട്രീറ്റ്മെന്‍റ് കൂടിയുള്ളത് കൊണ്ടാണ്.
ഹോളോകോസ്റ്റ് ഏറ്റവും ഭീകരമായി തോന്നിയ സിനിമയുടെ പരിചരണം ഹാസ്യാത്മകമായിരുന്നു - ലൈഫ് ഈസ് ബ്യൂട്ടിഫുൾ. Luis bunuel സിനിമകള്‍ എന്തിന് ലഗാന് ഒപ്പം ഓസ്കാർ മത്സരിച്ചു ജയിച്ച നോ മാൻസ് ലാൻഡ് പോലും കോമടിയുടെ സാധ്യതകൾ തേടുന്നവയായിരുന്നു. ചാപ്ലിന്റെ പല slapstick സിനിമൾക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു.

 സിനിമകള്‍ പിന്‍പറ്റുന്ന "ഗൌരവ" ഭാവം മുഖത്തും വാക്കുകളിലും പേറി കൊണ്ട് നടക്കുന്നവരാല്‍ സമ്പല്‍സമൃദ്ധമായ കേരളത്തില്‍ തങ്ങള്‍ ഗഹനമായ ചിന്തകള്‍ മാത്രേ പറയാറും ചിന്തിക്കാറും ഉള്ളൂ  എന്നൊരു ഇമേജ് ഉണ്ടാക്കാന്‍ ഒരു തമാശ പോലും പറയാതെ (അറിയാതെ) കമ്മന്റ് ഇടുന്നവരെയും ഫേസ്ബുക്കില്‍ കാണാറുണ്ട്. അവരെ കാണുമ്പോള്‍ അല്ലെങ്കില്‍ എന്‍റെ സിനിമകളില്‍ സീരിയസ് മാത്രേ ഉള്ളൂ  കോമഡി ഒന്നും ഇല്ല എന്ന് അഭിമാനത്തോടെ സമൂഹത്തോട് പറയാതെ പറയുന്നവരെ കാണുമ്പോള്‍ ആണ് "humour and wisdom" എന്ന ക്വോട്ട് ഓര്‍മ വരുന്നത്.

Tuesday, July 25, 2017

അണ്ടർവേൾഡ് ഒബ്സെഷൻ

As far back as I can remember, I always wanted to be a gangster. To me being a gangster was better than being president of the United States.

ഏത് ഭാഷയിലും വിശിഷ്യാ ഹോളിവുഡിൽ ഒക്കെ നടന്മാരുടെ മികച്ച പ്രകടങ്ങൾ കണക്കിലെടുക്കുമ്പോൾ അവരുടെ "ഗാങ്സ്റ്റർ" റോളുകൾക്ക് ഒരു ചെറിയ മുൻതൂക്കം ലഭിക്കുന്നുണ്ട്. അതിന് ഹേതുവോ - അധോലോകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പണവും പവറും കൊണ്ടുണ്ടാക്കിയ പാരലൽ സിസ്റ്റത്തിനോടുള്ള ഒരു പൊതുബോധ "ആരാധന"യാണ് എന്ന് പറഞ്ഞാൽ അതിശയമില്ല.

സ്‌കോർസെസേ, കോപ്പോള തുടങ്ങിയ മഹാരഥന്മാരുടെ മേക്കിങ്ങിനെയോ മോബ്സ്റ്റർ വേഷത്തിൽ വന്ന നടന്മാരുടെയോ അഭിനയതികവിനെ നിരാകാരിക്കുന്നില്ല മറിച്ചു അറിഞ്ഞോ അറിയാതെയോ നാമൊക്കെ obsessed ആയ അണ്ടർവേൾഡ് എന്ന ചിലന്തിവലയോട് ഉള്ള ആകാംക്ഷയും ഇഷ്ടവും കാരണം പ്രഥമ പരിഗണന പലപ്പോഴും ഒരു നടന്റെ "ഗാങ്സ്റ്റർ" വേഷങ്ങൾക്ക് പോകുന്നതായി തോന്നിയിട്ടുണ്ട്.

എന്നിരുന്നാലും ജെയിംസ് കാഗ്നി, മൈക്കിൾ കെയിൻ തുടങ്ങിയ നടന്മാരുടെ കാര്യത്തിൽ ഒരു പക്ഷെ അവരുടെ ക്രൈം ഡ്രാമ സിനിമകൾ അയ വൈറ്റ് ഹീറ്റ്, ഗെറ്റ് കാർട്ടർ ഒക്കെ അവരുടെ മികച്ച പ്രകടങ്ങൾ ആയി കണക്കാക്കുന്നതിൽ തെറ്റില്ല. പക്ഷെ അൽ പാച്ചിനോ, ഡി നീറോ,  എന്തിന്‌ കമൽ ഹാസൻ പോലും വൈവിധ്യമായ പല റോളുകൾ ചെയ്തിട്ടും ഒരു ലിസ്റ്റ് എടുത്താൽ നായകനും, സ്‌കാർഫേസും, ഗുഡ്ഫെല്ലാസ് ഒക്കെ മുന്നിൽ കിടക്കുന്നത് മേൽ പറഞ്ഞ പണവും ആജ്ഞാനുവർത്തികളും ഗണ്ണും അധികാരവും ചേർന്ന ആ സാമൂഹികക്രമത്തോടുള്ള അവഗണിക്കാൻ പറ്റാത്ത സാധാരണക്കാരൻ തൊട്ട് മാധ്യമങ്ങൾക്ക് പോലും ഉള്ള ആ ആരാധന കാരണമാണ്.

 ഡി നീറോ ഒക്കെ അനലൈസ് ദിസ്, കിംഗ് ഓഫ് കോമഡി പോലെയുള്ള അന്യായ കോമഡി റോളുകളും പാച്ചിനോ സെർപിക്കോ, ഡോഗ് ഡേ പോലെ ഗോഡ്ഫാദരേക്കാൾ ഇന്റൻസ് റോളുകളും ചെയ്തിട്ടും പലപ്പോഴും നമ്പർ 1 ആയി പരിഗണിക്കപ്പെടുന്നത് അവരുടെ ഗാങ്സ്റ്റർ റോളുകൾ ആണ്. ചിലപ്പോ ഇറ്റാലിയൻ അമേരിക്കൻ ആകട്ടേഴ്‌സ് ആവുമ്പോഴുള്ള പെര്ഫെക്ഷൻ ആവാം.  ഒരു പുതിയ നടൻ പോലും അങ്ങനെ ഒരു പ്രോജക്റ്റ് പ്രഖ്യാപിച്ചാൽ കിട്ടുന്ന ഹൈപ്പ് ഈ പറഞ്ഞ സമൂഹത്തിന്റെ അധോലോക ഒബ്സെഷൻ തന്നെയായിരുന്നിരിക്കണം.

Wednesday, July 12, 2017

എക്സ്ട്രീം ലോങ്ങ് ഷോട്ടുകളുടെ അറേബ്യ

നയനാനന്ദകരമാക്കുക എന്നതിനേക്കാൾ ലോങ്ങ് ഷോട്ടിന്റെ മൂത്താപ്പയായ ELS - എക്ട്രീം ലോങ്ങ് ഷോട്ട് ( എക്സ്ട്രീം വൈഡ് ഷോട്ട് - EWS) കൊണ്ട് കഥ നടക്കുന്ന പശ്ചാത്തലത്തെ , അതിന്റെ മുമ്പിൽ വച്ച് സബ്ജെക്റ്റിനെ തട്ടിച്ചു നോക്കുക എന്ന ഒരു പ്രാഥമിക ഉദ്ദേശമാണ് ഉള്ളത്. പലപ്പോഴും സബ്ജെക്റ്റ് ഒരു ചെറു കണികയോളം ചെറുതായോ അല്ലെങ്കിൽ "അപ്രത്യക്ഷമായി" തന്നെ കാണേണ്ടി വരും ഈ ഷോട്ടിൽ. ഇപറഞ്ഞ ഷോട്ടിന്റെ അക്ഷയഖനി എന്ന് വിശേഷിപ്പിക്കാവുന്ന എപിക്ക് സിനിമാനുഭവം ആണ് ഡേവിഡ് ലീൻ സംവിധാനം ചെയ്ത ലോറൻസ് ഓഫ് അറേബ്യ.

മൂന്നര മണിക്കൂറോളം വരുന്ന സിനിമ ഓരോ അഞ്ചു മിനിട്ടിലും pause ചെയ്ത് ഒരു സ്ക്രീൻഷോട്ട് എടുക്കാൻ നോക്കിയാൽ അതിൽ ഒരു ELS ഉണ്ടായിരിക്കും എന്ന് പറഞ്ഞാൽ സിനിമയിൽ അതിന്റെ ചാകരയാണെന്ന് സാരം. വളരെയധികം ബുദ്ധിമുട്ടും ആൾബലവും സാഹസികതയും വേണ്ടിവരുന്ന ഇത്തരം ഷോട്ടിന്റെ ആധിക്യം എന്തുകൊണ്ട് എന്ന് ചിന്തിക്കുമ്പോൾ ആണ് സിനിമയുടെ പ്ലോട്ടിലെ ഒരു കഥാപാത്രം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അറേബ്യൻ മരുപ്രദേശത്തിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വരുന്നത്.

ലോറൻസിന്റെയും കൂട്ടരുടെയും ഇച്ഛാശക്തിയെയും കായികബലത്തെയും വെല്ലുവിളിക്കുന്ന നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മണലാരണ്യം ആണ് നേഫുദ് മരുഭൂമി. അതിനെ താണ്ടുക എന്ന ദൗത്യത്തിന്റെ (സിനിമയിൽ ഏകദേശം 25 മിനുട്ട് വരുന്ന സീനുകൾ) ഭീകരതയും മനുഷ്യൻ ആ മണൽപ്പരപ്പിന്റെ മുമ്പിൽ എത്ര നിസ്സാരനെന്നും എസ്റ്റാബ്ലിഷ്‌ ചെയ്യുക ആണ് ഡേവിഡ് ലീൻ എക്സ്ട്രീം വൈഡ് ഷോട്ടുകളിലൂടെ. അങ്ങനെ ആ പരുക്കൻ പ്രദേശത്തെ മനുഷ്യന് എളുപ്പം വഴങ്ങാത്ത, കീഴടക്കാൻ കഴിയാത്ത പ്രകൃതിരൂപമായി അവതരിപ്പിക്കുന്നു. അതിന്റെ അനന്തതക്കും വന്യതക്കും മുന്നിൽ ഒരു കടുകിനോളം വരുന്ന മനുഷ്യൻ എത്ര നിസ്സാരനെന്ന് കാണിക്കുന്ന അനേകം ഷോട്ടുകൾ ഉണ്ട് ഈ സിനിമയിൽ.

ഒരുപക്ഷെ ഓരോ ഷോട്ടും എടുത്ത "എഫർട്ട്" വച്ച് നോക്കിയാൽ ലോകത്തിലെ ഏറ്റവും മികച്ച സിനിമായാവണം "ലോറൻസ് ഓഫ് അറേബ്യ".

Saturday, May 20, 2017

കൃഷ്ണൻ നായർ - ദാസന്റേയും വിജയനെയും മെന്റർ..

ഒരു വിഡ്ഢിക്കേ മറ്റൊരു വിഡ്ഢിയെ അംഗീകരിക്കാൻ കഴിയൂ എന്നത് വാസ്തവമാണ്. അടിസ്ഥാനപരമായി ദാസനും വിജയനും "ശിക്കാരി ശംഭു" കാരിക്കേച്ചറുകൾ ആണ്. അബദ്ധത്തിൽ നേടിയ വിജയങ്ങൾക്കും പേരും പെരുമക്കുമൊന്നും അവരിലെ വിഡ്ഢികളെ മാറ്റാൻ തക്ക കെൽപ്പുണ്ടായിരുന്നില്ല. മണ്ടത്തരവും ഈഗോയും പരസ്പര സഹകരണമില്ലായ്മയും ജന്മനാ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇവരുടെ മേലുദ്യോഗസ്ഥൻ എങ്ങനെ ആയിരിക്കും?

ഒരു വട്ടം അബദ്ധത്തിൽ അനന്തൻ നമ്പ്യാരെ പിടിച്ചു എങ്ങനെയൊക്കെ പോലീസിൽ എത്തി എന്നുള്ള ആനുകൂല്യം മാറ്റി നിർത്തിയാൽ പോലും പിന്നീടും പല ദൗത്യങ്ങൾ ഏറ്റെടുക്കുകയും സർവീസിൽ തുടരുകയും ചെയ്യണമെങ്കിൽ ഇവരുടെ മേലുദ്യോഗസ്ഥൻ അതിലും വലിയ ഒരു മണ്ടൻ ആവണം എന്നുള്ള കൺവിക്ഷൻ ഉള്ളത് കൊണ്ടായിരിക്കാം ശ്രീനിവാസൻ അക്കരെ അക്കരെ അക്കരയിൽ "കൃഷ്ണൻ നായർ" എന്ന പൊലീസ് മേധാവിയെ സൃഷ്ടിച്ചത്. സീരീസിലെ ഏറ്റവും പ്രമാദവും (ദാസന്റെ ടോണിൽ വായിക്കുക) ചെലവേറിയതും ആയ രാജ്യാന്തര മിഷന് രണ്ടു മണ്ടൻ CID കളെ അയക്കാൻ തീരുമാനിക്കുന്നത് തീർച്ചയായും അതിലും വലിയ തിരുമണ്ടൻ പോലീസ് ഉദ്യോഗസ്ഥൻ ആയിരിക്കണം എന്ന് തിരക്കഥയിൽ കൊണ്ടുവന്നത് ഒരർത്ഥത്തിൽ ശ്രീനിവാസൻ ബ്രില്യൻസാണ്.

സ്വാഭാവികമായും കൃഷ്ണൻ നായർ തന്നെയാവും ഇവരെ അത്രയും കാലം നിയന്ത്രിച്ചത് എന്നൂഹിക്കാം. ദാസനും വിജയനുമായി സമ്പർക്കം വരുന്ന ആദ്യഭാഗങ്ങളിലെ സി ഐ പോൾ, അസ്സീസ് എന്നിവരുടെ പോലീസ് കഥാപാത്രങ്ങൾ മാന്യരും സമചിത്തതയോടെ പെരുമാറുന്നവരും ആയാണ് കാണിക്കുന്നത്. അതിൽ നിന്ന് വിപരീതധ്രുവത്തിൽ ആണ് എം.ജി സോമൻ അവതരിപ്പിച്ച കൃഷ്ണൻ നായർ.

പോൾ ബാർബറുടെ മകളെ പ്രേമിച്ചു വശത്താക്കി അയാളെ പിടിച്ചാലോ എന്ന ദാസന്റെ ശുദ്ധ വിഡ്ഢിത്തരം കലർന്ന നിർദ്ദേശം അയാൾ "that's a good idea" എന്നാണു പറയുന്നത്. പ്രായോഗിക ബുദ്ധി തീരെ ഇല്ലാതെ വെറും ഹോളിവുഡ് സിനിമകൾ കണ്ട പോലീസ് ബുദ്ധിയെ അയാൾക്കുള്ളൂ എന്നതിന് തെളിവാണ് "സിഗരറ്റ് ലൈറ്റർ തോക്ക്". അതും പോരാഞ്ഞു ഒരു മറ്റേടത്തെ കോഡും പറഞ്ഞു കൊടുത്തു രണ്ടെന്നതിനെയും അമേരിക്കക്ക് വിടുന്ന പോലീസ് മേധാവി തനി കിറുക്കൻ ആണ്. പിന്നീട് ഇവരെ പിടിക്കാൻ വേഷം മാറി കുറോസോവ ആയി പോകുന്ന ലെവലിൽ ക്യാരക്കറ്റർ ഉണ്ടാക്കിയത് രസകരമാണ്.

ഒരു ബുദ്ധിമാൻ ആണ് ഈ സ്ഥാനത് എങ്കിൽ ഇത്രയും കാലം ദാസനും വിജയനും എങ്ങനെ ഡിപാർട്മെന്റിൽ കഴിഞ്ഞു എന്നൊരു ചോദ്യം ഉയർന്നു വരും. അങ്ങനെ ഒരു സാധ്യതയെ പാടെ നീക്കി മണ്ടത്തരങ്ങൾ കൊണ്ട് അഴിഞ്ഞാടാൻ ദാസനും വിജയനെയും വഴി ഒരുക്കുന്നത് കൃഷ്ണൻ നായർ എന്ന എ ക്ലാസ് മണ്ടൻ മേലുദ്യോഗസ്ഥന്റെ അനുഗ്രഹാശ്ശിസുകൾ തന്നെയാണ്.


Friday, April 14, 2017

സിനിമാ ഗൺ ഷോട്ട് ടെക്ക്നിക്ക്

ചെറുപ്പത്തിൽ എട്ടാനുജന്മാരോടോ കസിൻസിനോടോ ഒപ്പം സിനിമയിലെ പോലെ "ഇടികൂടി" കളിച്ചിട്ടുണ്ടാവും നമ്മൾ ഏറെപ്പേരും. ഇടികൊണ്ടു വീഴുന്ന നമ്മുടെ "ഭാവാഭിനയം" കണ്ടു അമ്മയും വല്യമ്മയും അച്ഛനും ഒക്കെ അന്തം വിട്ടിട്ടുണ്ടാകും. ചിലർ ഒരുപടികൂടി കടന്നു കുങ്കുമ്മപൊടി കലക്കിയോ ടൊമാറ്റോ സോസ് എടുത്തു ചുണ്ടിന്റെ സൈഡിൽ തേച്ചു ഏട്ടന്റെ മടിയിൽ കിടന്നു ജയ്-വീരു ഷോലെ ക്ളൈമാക്സ് അഭിനയിച്ചവർ വരെ ഉണ്ടാകും. പക്ഷെ അന്നും പിടികിട്ടാത്ത ഒരു ഇഫെക്റ്റ് ആണ് ഗൺ ഷോട്ട്.

തോക്കിൽ നിന്ന് വെടി പൊട്ടുമ്പോൾ വില്ലന്റെയോ നായകന്റെയോ ശരീരത്തിൽ നിന്ന് പൊട്ടി ചീറ്റി തെറിക്കുന്ന ചോര. ബ്ളാക്ക് & വൈറ്റ് യുഗത്തിൽ തോക്ക് പൊട്ടുമ്പോൾ വെടി കൊണ്ട് വീഴുന്ന ആളയോ അയാളുടെ നിഴലോ മാത്രമേ കാണിക്കാറുള്ളൂ. ഗ്രാഫിക്ക് ആയി അത് കാണിക്കാൻ ഉള്ള സങ്കേതം അന്നില്ല. ചെറുപ്പത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും ജിജ്ഞാസ ഉളവാക്കിയതും പിടിതരാതെ ഇരുന്നതും ഈ ഗൺ ഷോട്ട് രീതിയാണ്. പലർക്കും അറിയാമെങ്കിലും അത് എങ്ങനെയെന്ന് പറയാം.

പ്രശസ്ത പോളിഷ് സംവിധായകൻ Andrzej Wajda യുടെ "എ ജെനറേഷൻ" എന്ന സിനിമയിൽ ആണ് ഗൺ ഷോട്ട് explicit ആയി ആദ്യം കാണിക്കുന്നത്. ഈ സങ്കേതത്തിനു ഉപയോഗിക്കുന്ന പ്രധാന വസ്തു ആണ് squib. നമ്മുടെ മാലപടക്കത്തിലെ ഒരു ചെറിയ കുറ്റി പോലെയുള്ള കുഞ്ഞൻ explosive ആണത്. ദക്ഷിണേന്ത്യൻ സിനിമയിൽ ഒക്കെ കുറച്ചുകൂടെ നീളമുള്ള squib(ബോഡി ബുള്ളെറ്റ് എന്നാണു ഇവിടെ പറയാറുള്ളത്) ആണ് ഉപയോഗിക്കുന്നത്. ഗൺ ഷോട്ട് കാണിക്കാൻ വേണ്ടി വെടിയേൽക്കുന്ന ആളുടെ ഷർട്ടിന്റെ അടിയിൽ കട്ടികൂടിയ പ്ളേറ്റോ മറ്റോ വച്ച് കെട്ടി (explosive അപകടം വരാതെ ഇരിക്കാൻ) അതിനു മോളിൽ latex (കോണ്ടം ഉപയോഗിക്കാറുണ്ട്) ൽ ഫേക് ബ്ലഡ് നിറച്ചു വച്ച് കെട്ടി അതിനടിയിൽ നേരത്തെ പറഞ്ഞ squib കൂടെ വച്ച് കെട്ടി അതിനെ wire ചെയ്ത സ്വിച് ബോർഡിൽ കണക്റ്റ് ചെയ്ത വക്കും. ഇപ്പോൾ വയറിങ് ഒഴിവാക്കി റിമോട്ട് സംവിധാനങ്ങളും ഉണ്ടെന്നു തോന്നുന്നു.

ഇനി വേണ്ടത് കോർഡിനേഷൻ ആണ്. സിംഗിൾ ഷോട്ട് സീൻ ആണെങ്കിൽ തോക്കിന്റെ കാഞ്ചി വലിക്കുമ്പോൾ തന്നെ സ്വിച് ബോർഡിൽ സ്വിച് ഓൺ ചെയ്ത് ഒരേസമയം വെടിഏൽക്കുന്ന ആളുടെ ബോഡിയിൽ വച്ച സ്ക്വിബ് പൊട്ടുന്നു. അതോടൊപ്പം "ചുടുചോര" ചീറ്റി തെറിക്കുന്നു. ഗൺ ഡയറക്റ്റർസിന്റെ മേൽനോട്ടത്തിൽ ആണിതൊക്കെ നടക്കുന്നത്. സേപ്പറേറ്റ് സീൻ ആണെങ്കിൽ ഇതൊക്കെ ചെയ്തിട്ട് എഡിറ്റ് ചെയ്‌താൽ ഓക്കേ. വളരെ സിമ്പിൾ സംവിധാനം ആണെങ്കിലും അത് ഇമ്പ്ലിമെന്റ്‌ ചെയ്യാൻ വിദഗ്ധർ തന്നെ വേണം.


ജോൺ വിക്കിന്റെ നിശ്ചയദാർഢ്യം

പരീക്ഷിത്ത് മഹാരാജാവിനെ പോലെ ഏതു മണിമാളികയിൽ എത്ര സുരക്ഷിതമായാലും തക്ഷകൻ തേടിയെത്തും എന്ന സത്യം. ജോൺ വിക്ക് ആണ് ഇവിടെ തക്ഷകൻ എന്ന മരണദൂതൻ. അത്രയൊന്നും ലേയേഡ് അല്ലാത്ത ഒരു മാസ്സ് ആക്ഷൻ ന്വർ ത്രില്ലർ ആണ് ജോണ് വിക്ക്. അതിലെ ചെറിയ ഒരു ഡീറ്റെയിലിങ് നോക്കാം. Fortis Fortuna Adiuvat എന്ന ജോൺ വിക്കിന്റെ പുറത്തുള്ള ടാറ്റൂവിൽ എഴുതിയ ലാറ്റിൻ സ്റ്റേറ്റ്മെന്റ് തർജ്ജമ്മ ചെയ്‌താൽ Fortune favours the bold എന്നാണ്.

ഇവിടുത്തെ ബോൾഡ്നെസ് ജോണിന്റെ നിശ്ചയദാർഢ്യം ആണ്. വിഗ്ഗോ ന്റെ ഭാഷയിൽ പറഞ്ഞാൽ focus, committement & sheer will. വിഗ്ഗോ ഭയക്കുന്നത് ഈ ചങ്കുറപ്പിനെ ആണ്.
"ജോൺ നിന്നെ തേടി വരും .. നിനക്ക് ഒന്നും ചെയ്യാൻ കഴിയുകയും ഇല്ല.." എന്ന് അറിഞ്ഞിട്ടും നിസ്സഹായവസ്ഥയിലും  പ്രതീക്ഷയുടെ ഒരു കണിക ബാക്കി വച്ചാണ് വിഗ്ഗോ തന്റെ മാനേജരോട് ജോണിനെ നേരിടാൻ ആളെ ഒരുക്കാൻ ആവശ്യപ്പെടുന്നത്.

ഈ സീനിൽ വിഗ്ഗോ പറയുന്ന ജോൺ വിക്കിനെകുറിച്ചുള്ള കാര്യങ്ങൾ എസ്റ്റാബ്ലിഷ്‌ ചെയ്യുന്ന സീൻ ആണ് അടുത്ത ഷവർ സീൻ. സിമ്പിൾ എഡിറ്റിങ് ആണ്. വിഗ്ഗോക്ക് ജോണിന്റെ ധൈര്യവും കാര്യം നടത്താനുള്ള കഴിവും നല്ലപോലെ അറിയാം. എത്ര ആൾക്കാരെ ഒരുക്കിയാലും ഏതു കോണിൽ മോനെ ഒളിപ്പിച്ചാലും fortune (ഇവിടെ ഭാഗ്യം) തന്റെ മകന്റെ കൂടെയല്ലെന്നു നന്നായി അറിയാം. ഈ ഷവർ സീനിന്റെ വേറൊരു പർപസ്‌ വിഗ്ഗോ തൊട്ടു മുമ്പത്തെ സീനിൽ ഊട്ടിഉറപ്പിച്ച ജോണിന്റെ പൗരുഷം (masculinity) അതിനെ മസ്സിൽപെരുപ്പം കാണികുന്നതിന് പകരം വളരെ എഫക്ട്ടീവ് ആയി ഒരു ചെറിയത് ടാറ്റൂവിലൂടെ എസ്റ്റാബ്ലിഷ്‌ ചെയ്യുന്നു.

സിനിമ - ജോൺ വിക്ക് (2014)


മൊയ്തീനിലെ "കാണാ"വയലൻസ്

ഡെൻസൽ വാഷിംഗ്ടണിന്റെ ഇക്വലൈസറിൽ ഒരു രംഗമുണ്ട്. കടയിലെ കാഷ്യർ സ്ത്രീയെ ഭീഷണിപ്പെടുത്തി പണവും മോതിരവും എടുക്കുന്ന കവർച്ചക്കാരനെ പിന്നീട് ഡെൻസലിന്റെ റോബർട്ട് എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്ന രീതി. ഒരു ചുറ്റിക എടുത്തുകൊണ്ടുപോകുന്നതും തിരിച്ചു വന്നു ചുറ്റികയിലെ രക്തകറ വാഷ് ബേസിനിൽ കഴുകുന്നതുമേ കാണിക്കുന്നുള്ളൂ. മോതിരം തിരിച് ആ സ്ത്രീയുടെ മേശവലിപ്പിൽ വന്നതായും കാണിക്കുന്നുണ്ട്‌.

Implied violence എന്ന്‌ പറയുന്ന ദൃശ്യപരിചരണം ആണിത്‌. വയലൻസ് explicit ആയി കാണിക്കുന്നതിനേക്കാൾ പതിന്മടങ്ങ് തീവ്രത അതിന് ഉപയോഗിച്ച ടൂൾ കാണിച്ചോ ഇരയുടെ അവസ്ഥ/അവശത കാണിച്ചാലോ പലപ്പോഴും കിട്ടുന്നുണ്ട്. മുകളിൽ പറഞ്ഞ രംഗം അങ്ങനത്തെ അനേകം രംഗങ്ങളിൽ പെട്ടന്ന് ഓർമ്മ വന്ന ഒന്നായത് കൊണ്ടാണ്.

അതിനാടകീയതയും അതിവൈകാരികവുമായ (ഒരുപക്ഷെ കാലഘട്ടം ആവശ്യപ്പെടുന്ന ട്രീറ്റ്‌മെന്റ് ആവാം) "എന്ന് നിന്റെ മൊയ്‌ദീനിൽ" ഇമ്പ്രസ്സ് ആയ ഒരേ ഒരു സീൻ കാഞ്ചനയുടെ അമ്മാവൻ അവരെ അടിക്കുന്ന സീൻ ആണ്. അതുവരെ കണ്ട RS വിമൽ ശൈലിയിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു സീൻ ആയാണ് തോന്നിയത്. സ്വതവേ അമ്മാവൻ വലിച്ചിഴച്ചു കൊണ്ട് പോയി തലങ്ങും വിലങ്ങും അടിച്ചു നായിക മൂലയിൽ ഇരുന്നു കരയുന്ന ക്ളീഷേ ആവേണ്ടിയുരുന്ന സീൻ ആണ്. എന്നാൽ ശിവജി ഗുരുവായൂർ മുറിയിൽ നിന്ന് ഇറങ്ങി വന്ന് കല്ലുവച്ച മോതിരം ലേശം രക്തകറയോടെ ഊരുന്നതും പിന്നീട് കാഞ്ചനയുടെ മുഖത്ത് രണ്ടു കുത്തുപോലുള്ള പാടുകൾ കാണിക്കുമ്പോൾ ആ അടിയുടെ തീവ്രത ശെരിക്കും കാണികൾക്ക് കിട്ടുന്നുണ്ട്. നേരത്തെ പറഞ്ഞ വയലൻസ് നേരിട്ട് കാണിക്കാതെ തന്നെ അതിന്റെ ഭീകരത കാണിക്കാൻ കഴിഞ്ഞ മികച്ച ഒരു സീൻ.


Thursday, February 16, 2017

ക്യാമറ ചലങ്ങളിലൂടെ പാത്രസൃഷ്ടി

കഥാപാത്രത്തിന്‍റെ സ്വഭാവം ക്യാമറ മൂവ്മെന്ടിലൂടെ establish ചെയ്യുന്ന രീതിയാണ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിലെ "സുന്ദരി രെട്ടെ വാല്‍ സുന്ദരി" എന്ന പാട്ട്. പാട്ടിന്‍റെ വരികളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും അനാവരണം ചെയ്യുന്നത് അമുതയുടെ വികൃതിയാണ്. അതിനെ പിന്താങ്ങുന്ന രീതിയിലാണ് രവി കെ ചന്ദ്രന്‍ ക്യാമറ ചലിപ്പിക്കുന്നത്. അനാവശ്യമായ ക്യാമറ ചലനങ്ങള്‍ ഷാജികൈലാസ് രീതിയിലാണെങ്കില്‍ നമ്മുക്ക് തലവേദന എടുക്കും. പക്ഷെ ഇവിടെ അമുതയുടെ സ്വഭാവത്തെ ദൃഢീകരിക്കുന്ന അവളുടെ ചലനങ്ങള്‍ ഒപ്പിയെടുക്കുന്നതിനാല്‍ ക്യാരക്റ്റര്‍ നമ്മുക്ക് എളുപ്പം കണക്റ്റ് ചെയ്യാന്‍ പറ്റും.

ആണ്‍കുട്ടികളെ അനുസ്മരിപ്പിക്കുന്ന വികൃതിയായ സദാ ഓടിച്ചാടി മറിയുന്ന എല്ലാം തട്ടിമറിക്കുന്ന അടികൂടുന്ന അമുതയെക്കുറിച്ചാണ് പാട്ട്. പാട്ടില്‍ അവളുടെ കുട്ടിത്തമുള്ള സ്വഭാവം ഉറപ്പിക്കുക എന്നതില്‍ കവിഞ്ഞ് വേറെ ഉദ്ദേശം ഒന്നും ഇല്ല. പാട്ടിലെ ഓരോ സീനും ഓരോ jerk നല്‍കിയാണ്‌ തുടങ്ങുന്നത്. സ്ലോമോഷന്‍ - റിയല്‍ടൈം മിക്സ് ധാരാളം വരുന്നുണ്ട് പാട്ടില്‍. കുട്ടികള്‍ അങ്ങനെയാണ് അവരുടെ ഓട്ടവും നടത്തവും ചിലപ്പോ ഫാസ്റ്റ് ചിലപ്പോ സ്ലോ. ഒരിക്കലും അടങ്ങിയിരിക്കാത്ത അമുതയെ പിന്‍തുടരുന്ന ക്യാമറ അവളുടെ ചലനങ്ങള്‍ എന്നോണം കട്ടിലിന്‍റെ അടിയിലൂടെയും, ഗോവണിപടികള്‍ കയറിയും മുകളില്‍ കൂടി ഒക്കെ പോകുന്നുണ്ട്. പെട്ടന്ന് സൂം ഔട്ട്‌ ചെയ്യുന്ന രീതിയും ജിബ് ഷോട്ടുകളും ഉണ്ട്. അവള്‍ തുള്ളിചാടുമ്പോള്‍ തലതിരിച്ചുള്ള ക്യാമറയും ഒക്കെ കാണിക്കുമ്പോള്‍ അമുതയുടെ കുസൃതിത്തരങ്ങളും കുട്ടി പോക്കിരിത്തരങ്ങളും ആണ് ഇവിടെ കാണികളുടെ മനസിലേക്ക് കുടിയിരുത്തുന്നത്.

വൈരമുത്തു എഴുതിവച്ചിരിക്കുന്നത് "അമുതയെ പെട്ടിക്കുള്ളെ അടക്ക മുടിയുമാ?" എന്നാണ്. അങ്ങനത്തെ പൊട്ടിത്തെറിച്ച ഒരു പെണ്‍കുട്ടിയെ ക്യാമറ ചലങ്ങളിലൂടെ അവളുടെ സ്വഭാവം execute ചെയ്യുന്ന വളരെ യുക്തിയുക്തമായ രീതിയാണ് ഈ പാട്ട്. മണിരത്നത്തിന്‍റെ സപ്പോര്‍ട്ട് ഉണ്ടെങ്കിലും ആ പാട്ടിന്‍റെ സന്ദര്‍ഭത്തെയും കാതലായ അവളുടെ സ്വഭാവത്തെയും ആവാഹിച്ച് ഇങ്ങനെയുള്ള ഷോട്ടുകള്‍ സെലെക്റ്റ് ചെയ്ത രവി കെ ചന്ദ്രന് ഒരു കൂപ്പുകൈ.


Thursday, February 9, 2017

മൂന്ന് ത്രില്ലർ ഓപ്പണിംഗ് സീനുകൾ

മലയാളത്തിലെ revenge ത്രില്ലറുകളിൽ ഏറ്റവും മികച്ചതെന്ന് കരുതാവുന്ന  മൂന്നെണ്ണമായ കൗരവർ, താഴ്വാരം, ചാണക്യൻ എന്നീ സിനിമകളുടെ ഓപ്പണിങ് സീൻ/ഷോട്ട് അനലൈസ് ചെയ്‌താൽ മൂന്നിലും പ്രതികാരത്തിന്റെ  modus operandi എങ്ങനെയായിരിക്കുമെന്നു ഒരു സൂചന നൽകുന്നുണ്ട്.

കൗരവർ - സിനിമയുടെ അവസാനത്തോടെ ത്രില്ലർ മൂഡിൽ നിന്ന് മാറി വൈകാരികതലത്തിലേക്ക് വരുന്നുണ്ടെങ്കിലും ഓപ്പണിങ് ക്രെഡിറ്സ് ഒരു ആലയുടെ പെയിന്റിങ് റിയൽ ഇമേജ് ആയി ഡിസോളവ് ചെയ്താണ് കാണിക്കുന്നത്. കൊല്ലന്റെ ആലയിൽ തോക്ക് ഉണ്ടാക്കിയെടുക്കുന്നത് അവസരം കിട്ടിയാൽ അടിക്കുമെന്നുള്ള ഒരു partially planned പ്രതികാരം ആയി നിരീക്ഷിക്കാം. രാത്രിയിൽ കഷ്ടപ്പെട്ട്  ഇരുന്നു ചെയ്യിപ്പിക്കുന്നതിൽ പ്രതികാരത്തിന്റെ തീവ്രതയുണ്ട്. പ്രതിയോഗി പോലീസുകാരൻ ആയതിനാൽ "തോക്ക്" തന്നെയാണ് ആയുധം. ആലയും തീയും ഒക്കെ മനസ്സിൽ "ഊതികാച്ചിയെടുത്ത" പ്രതികാരത്തിന്റെ ജ്വലിക്കുന്ന സിംബലുകൾ ആണ്.

താഴ്വാരം - അടുത്ത സുഹൃത്തിനൊപ്പമുള്ള ഫ്രെയിം ചെയ്ത ഫോട്ടോ ചുമരിൽ നിന്ന് എടുത്ത് അതിൽ കത്തി കൊണ്ട് സുഹൃത്തിന്റെ ഫോട്ടോ കീറി മാറ്റുന്നതാണ് ഓപ്പണിങ് ഷോട്ട്. നേരിട്ടുള്ള ഒരു സംഘട്ടനമോ മൽപിടുത്തമോ സൂചിപ്പിക്കുന്ന ഒരു ആയുധം ആണ് കത്തി. ഇവിടെ പ്രതികാരം അത്ര planned അല്ല. അവൻ എവിടെയാണെങ്കിലും നേരിട്ട് ചെന്ന് അങ്ങ് കൊല്ലുക എന്ന രീതി. കത്തിക്ക് ഒരു വന്യ സ്വഭാവം ഉണ്ട്. അതീ സിനിമക്കും ഉണ്ട്.

ചാണക്യൻ - റൂട്ട് മാപ്പും മിനിയേച്ചർ റോഡും പ്രതിമയും റിമോട്ട് കാറും ഉപയോഗിച്ചുള്ള ഹൈ ടെക്ക് പ്രതികാരം. മലയാള സിനിമയിൽ ചാണക്യന്റെ മഹത്വം ഈ പറഞ്ഞ technical revenge സ്റ്റൈൽ ഉള്ളത്കൊണ്ട് ആണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് റിമോട്ട് കാർ ബോംബ് വച്ച് പ്രതിയോഗിയെ കൊല്ലാൻ ശ്രമിക്കുന്ന നായകൻറെ ഓപ്പണിങ് സീൻ പിനീടങ്ങോട്ട് ഈ സിനിമ ഏത് ഴൊനർ ആണെന്ന് വ്യക്തമായ സൂചന നൽകുന്നു.

ഇത് ലിസ്റ്റ്‌ ഒന്നും അല്ല. മൂന്നു സിനിമകളിലും പ്രതികാരം എങ്ങനെ ആയിരിക്കുമെന്നു കാണിക്കാനുള്ള ശ്രമം ഓപ്പണിങ് സീനിൽ നടന്നതായി തോന്നി. അതാണ് ഈ പോസ്റ്റിനാധാരം.

Tuesday, February 7, 2017

താര ദ്വയങ്ങൾ ഉയരുമ്പോൾ

ജിയോപൊളിറ്റിക്കലി ലോകരാഷ്ട്രങ്ങളെ രണ്ടു തട്ടുകളിൽ ആക്കിയ ശീതയുദ്ധത്തിന്റെ(cold war) ഒരേ ഒരു പോസിറ്റിവ് വശമായി ചരിത്രകാരന്മാർ കരുതുന്ന ഒന്നാണ് അവരുടെ ശാക്തികബലാബലം മൂലം ഉണ്ടായ ശാസ്ത്ര-സാങ്കേതികവിദ്യയിലെ വളർച്ച. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ "സ്‌പേസ് റേസ്" കൊണ്ടും മൈക്രോചിപ് പോലെയുള്ള കണ്ടുപിടുത്തങ്ങൾ കൊണ്ടും മനുഷ്യരാശിക്ക് ഉണ്ടായ ഗുണം. മൂൺ മിഷനും ഇന്റർ പ്ലാനട്ടറി മിഷനുമെല്ലാം പരസ്പരം ആരാദ്യം ചെയ്യും എന്ന് വെല്ലുവിളിച്ചു കൊണ്ട് തന്നെയായിരുന്നു . ഗ്രഹങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും കൂടുതൽ അറിവ് ലഭ്യമാവാൻ ഈ "മത്സരം" സഹായമായി.

ഇങ്ങനെ തുല്യശക്തികൾ അറിഞ്ഞോ അറിയാതെയോ ആരോഗ്യകരമായ കിടമത്സരം നടത്തുമ്പോൾ അവർ വിരാജിക്കുന്ന മേഖലക്ക് മൊത്തത്തിൽ ഉയർച്ച ഉണ്ടാകുന്നതായും തന്മൂലം     ക്വാളിറ്റി പ്രോഡക്റ്റ്സ് ലഭിക്കുന്നു എന്നത്‌ നല്ല ഒരു തോട്ട് പ്രോസസ് ആണ്. സിനിമയിൽ അങ്ങനെ നോക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മലയാളം ഇൻഡസ്ട്രി ആണെന്ന് പറയേണ്ടി വരും. എൺപതുകളുടെ അവസാനത്തോടെ മലയാളത്തിൽ വ്യക്തമായ സ്ഥാനം ഉണ്ടാക്കിയ മമ്മൂട്ടി-മോഹൻലാൽ ദ്വയങ്ങൾ തങ്ങളുടെ പൊട്ടൻഷ്യൽ കൊണ്ട് അന്നത്തെ സമാന്തര-വാണിജ്യ സിനിമാക്കാർക്ക് മികച്ച കഥാപാത്രങ്ങളും സിനിമകളും ഉണ്ടാക്കാനുള്ള രാസത്വരകങ്ങൾ ആയി വർത്തിക്കുകയായിരുന്നു. 

തൊണ്ണൂറുകളുടെ പകുതിയോളം വരെ ഇവർ മത്സരിച്ചഭിനയിച്ച കാലഘട്ടം തന്നെയാണ് ഇരുവരുടെയും മികച്ച അഭിനയ മുഹൂർത്തങ്ങളും സിനിമകളും എന്ന് പറയാം. ആരോഗ്യപരമായ മത്സരത്തിന്റെ ഏറ്റവും മികച്ച ബാക്കിപത്രം ആണ് മലയാളസിനിമയിലെ ഈ പിരീഡ്. ചരിത്രം നോക്കിയാൽ എഴുപതുകളിൽ ഹോളിവുഡിൽ വ്യക്തമായ മെത്തേഡ് അഭിനയശൈലികൾ കൊണ്ട് തുല്യശക്തികൾ എന്ന് വാഴ്ത്തപ്പെട്ട ഡി നീറോ-പാച്ചിനോ എന്നിവരുടെയും മികച്ച സിനിമകൾ അക്കാലത്തു ആണ്. ഇവിടെയും നേരത്തെ സൂചിപ്പിച്ച മത്സരബുദ്ധി ഗുണം ചെയ്തിട്ടുണ്ട്.

മറ്റൊരു ശ്രദ്ധേയ ഉദാഹരരണം ഹിന്ദിയിലെ 70-80 കാലഘട്ടത്തിലെ സമാന്തര സിനിമയിൽ ആണ്. നിഹലാനിയും ബെനഗലും നയിച്ച ഈ ശാഖയിൽ അപൂർവ്വത എന്ന് പറയാവുന്ന കാര്യം നടൻമാരുടെയും നടിമാരുടെയും കേസിൽ ഉയർന്നു വന്ന ഏറെക്കുറെ തുല്യശക്തികൾ ആയ ഓംപുരി - നസീറുദിൻ ഷാ ജോഡിയും ശബാന ആസ്മി - സ്മിതാ പാട്ടിൽ ജോഡിയും ആയിരുന്നു. വലിയ രീതിയിൽ ഇവർ വാണിജ്യസിനിമാ പരീക്ഷണങ്ങളും നടത്തിയില്ല. നേഷണൽ അവാർഡ് നേടിയ ഗോഡ്മദർ പിന്നെ ചെറിയ ചില നല്ല പ്രകടനങ്ങൾ ഒഴിച്ചാൽ സ്മിതാ പാട്ടിൽ മരിച്ചതിന് ശേഷം ശബാന ആസ്മിക്ക് അത്രത്തോളം നല്ല റോളുകൾ ലഭിച്ചില്ല എന്നത്  വസ്തുതയാണ്.

രാവണപ്രഭുവിൽ "നീലനില്ലെങ്കിൽ ശേഖരനും ഇല്ല" എന്ന് പറയുന്ന പോലെ ശക്തനായ എതിരാളി ചിലപ്പോഴെങ്കിലും "അവനെക്കാൾ മികവുറ്റത് സൃഷ്ടിക്കാൻ"  ഒരു പ്രചോദനം ആവും. നടന്മാർ ഇത് തിരിച്ചറിഞ്ഞില്ലെങ്കിലും എഴുത്തുകാർക്ക് ഈ പ്രതിഭാസം അറിയാൻ കഴിയും, അവരുടെ തൂലിക ആ മത്സരം സൃഷ്‌ടിക്കാൻ പാകപ്പെടും. അപവാദങ്ങൾ ഉണ്ടെങ്കിലും ആരോഗ്യപരമായ മത്സരങ്ങൾ സിനിമക്ക് (അകത്തു മാത്രം) ഗുണങ്ങളെ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് കരുതാം.


Thursday, February 2, 2017

ജനതാ ഗ്യാരേജ് "ലാലത്വം"

ജനതാ ഗ്യാരേജ് എന്നാണു പേരെങ്കിലും സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സത്യ ഒരേ ഒരു സീനിൽ മാത്രമേ അയാളിലെ "കാർ മെക്കാനിക്ക്" എത്ര മാത്രം എക്സ്പീരിയൻസും വണ്ടികളെക്കുറിച്ചു നല്ല അവഗാഹവും ഉള്ളതാണെന്ന് സ്ഥാപിക്കുന്നുള്ളു.

റിപ്പയർ ചെയ്ത വണ്ടി ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കൂട്ടാളി ആവശ്യപ്പെടുമ്പോൾ വളരെ കാഷ്വൽ ആയി ആ കാർ ഓടിച്ചു നോക്കുന്നുണ്ട് സത്യ. പൊതുവെ വളരെ ലൗഡ് അഭിനയം ആവശ്യപ്പെടുന്ന തെലുങ്ക് ഇൻഡസ്ട്രിയിൽ അഭിനയിക്കുമ്പോൾ പോലും ഈ സീനിൽ ഒക്കെ മോഹൻലാൽ തൊണ്ണൂറുകളിൽ നമ്മെ വിസ്മയിപ്പിച്ച അയത്നലളിതമായ അഭിനയത്തിന്റെ ചെറിയ ഒരു മിന്നാലാട്ടം കൊണ്ട് വരുന്നുള്ളതായി തോന്നി.

ഇതിലെ സത്യ മറ്റുള്ള ഗോഡ്ഫാദർ ഫിഗറുകളിൽ നിന്ന് വിഭിന്നമായി ഏറെക്കുറെ സാഥ്വികനും കുടുംബത്തോടൊപ്പം കൂടുതൽ നേരം ചിലവഴിക്കുന്നവനും ആണ്. ചില നേരങ്ങളിൽ അവശ്യഘട്ടങ്ങളിൽ മാത്രമേ സത്യ പൊട്ടിതെറിക്കുന്നുള്ളൂ. അങ്ങനെ സ്വതവേ കൂൾ ആയ ഒരാൾ മറ്റു വരുംവരായ്കകളെ കുറിച്ച് യാതൊരു ആശങ്കയും ഇല്ലാതെ കാർ ഓടിക്കുകയാണ്. ശ്രദ്ധിച്ചാൽ മനസ്സിലാകും വളരെ മൈൽഡ് എക്സപ്രഷനുകളിൽ ആണ് ഗിയർ ചെയ്ഞ്ച് ചെയ്യുമ്പോഴും സ്റ്റീയറിങ് തിരിക്കുമ്പോഴും തല ചെരിച്ചും ചെവി വട്ടം പിടിച്ചും കാറിന്റെ "കണ്ടീഷൻ" അയാൾ മനസ്സിലാക്കുന്നുണ്ട്. ചെറിയ ഒരു സ്പെയർപാർട്സ്സിന്റെ അനക്കം പോലും മനസ്സിലാക്കുന്ന തഴക്കം ചെന്ന ഒരു കാർ മെക്കാനിക്കിന്റെ സറ്റിൽ ശരീരഭാഷ അറിയാതെ കടന്നു വരുന്നുണ്ട്.

പറഞ്ഞു വന്നത് ജനതാഗ്യാരേജ് അതിഗംഭീര സിനിമയാണെന്നോ നഖം അഭിനയിച്ചു എന്നോ അല്ല. ശരാശരിയിൽ നിൽക്കുന്ന സിനിമയും മോഹൻലാലിനെ സംബന്ധിച്ചിടത്തോളം യാതൊരു വെല്ലുവിളിയും ഇല്ലാത്ത ക്യാരക്റ്റർ. പക്ഷെ അയാളുടെ സ്വസിദ്ധമായ ഈസിനെസ് അഭിനയത്തിൽ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു. ജില്ലയുടെ സംവിധായകൻ ഒരുപക്ഷെ 2000 തിന് ശേഷമുള്ള ലാലിനെ ആരാധിച്ചപ്പോൾ ജനത ഗ്യാരേജ് സംവിധായകൻ ഇഷ്ടപെട്ടിരുന്നത് തൊണ്ണൂറുകളിലെ മോഹൻലാൽ സിനിമകളെ ആയിരുന്നിരിക്കാം.


ചില തന്തക്ക് വിളികൾ

സുഹൃദ്ബന്ധങ്ങളിലെ തീവ്രതക്ക് കാലം ഒരു ഘടകമല്ലെങ്കിലും, തൊണ്ണൂറുകളിലെ സിനിമകളിലെ ഫ്രണ്ട്ഷിപിന് അതിലെ ചെറു "കലഹങ്ങൾക്ക്" മനസ്സിനേയും ആ ബന്ധത്തെയും മുറിവേല്പിക്കാതെ തന്നെ "തന്തക്ക് വിളിക്കാൻ" ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നതായി തോന്നുന്നു. അത് സിനിമക്ക് അകത്തും പുറത്തും സൗഹൃദവലയങ്ങൾക്ക് പതിവിൽ കവിഞ്ഞു പ്രാധാന്യം കൊടുത്തിരുന്നു പ്രിയദർശന്റെ സിനിമകളിൽ ആണ് കൂടുതൽ എന്നുള്ളതും ശ്രദ്ധേയമാണ്.

"തന്തക്ക് വിളിക്കുന്നതിൽ" അതും അടുത്ത സുഹൃത്തുക്കൾ തമ്മിലുണ്ടാവുന്ന ചെറു സൗന്ദര്യപിണക്കങ്ങളിലും സ്പർദ്ധകളിലും ആ ബന്ധത്തിന്റെ ഒരു കെട്ടുറപ്പ് കൂടി വ്യക്തമാകുന്നുണ്ട്. താൻ ജീവിതത്തിൽ ഏറ്റവും ആരാധിക്കുന്ന / ബഹുമാനിക്കുന്ന അച്ഛനെ പറയാൻ നൽകുന്ന "സ്വാതന്ത്ര്യം". പല സുഹൃദ്ബന്ധങ്ങളും തകരുന്നത് ഈ "സ്വാതന്ത്ര്യത്തെ" മുളയിലേ നുള്ളികളഞ്ഞു കൊണ്ടായിരിക്കാം. പിന്നീടുള്ളത് ചില "സീമകൾ" നിശ്ചയിച്ചുകൊണ്ടുള്ള ഒരു റിലേഷൻ ആണ്.

പരസ്പരം തെറി വിളിക്കുന്നതും അശ്ലീലം പറയുന്നതും ഒക്കെ സുഹൃത്തുകൾ ചെയ്യാറുണ്ടെങ്കിലും അതിലൊന്നും ഈ പറഞ്ഞ "തന്തക്ക് വിളി" യുടെ സ്നേഹമോ അവകാശമോ ഉണ്ടെന്ന് തോന്നിയിട്ടില്ല. പ്രിയദർശൻ സിനിമകളിൽ കാണിക്കുന്ന ഫ്രണ്ട്ഷിപ്പുകളിൽ നേരത്തെ പറഞ്ഞ "സ്വാതന്ത്ര്യം" എസ്റ്റാബ്ലിഷ്‌ ചെയ്യുന്നത് ത്യാഗത്തിന്റെ കഥകളോ ഫ്‌ളാഷ്ബാക്കോ ഒന്നും കാണിക്കാതെ തന്നെ ഈ ഒരൊറ്റ തന്തക്ക് വിളിയിലൂടെ ആണെന്ന് തോന്നിയിട്ടുണ്ട്.

പാടിപ്പുകഴ്ത്താത്ത ചില ഹീറോയിസം

മാളൂട്ടിയിലെ എഞ്ചിനിയർ വിത്സൺ ചെറിയാൻ.

ഹോളിവുഡ് ഡിസാസ്റ്റർ / ഹോസ്റ്റേജ് സിനിമകളിൽ ഒക്കെ ക്രിട്ടിക്കൽ സിറ്റ്വെഷൻ കൈകാര്യം ചെയ്യാൻ ഏതെങ്കിലും എക്സ്പെർട്ടസ് കഥാഗതിയിൽ വരും. മനസ്സാനിധ്യവും യുക്തിയും അപാര ധൈര്യവുമാണ് ഇവരുടെ കൈമുതൽ. അങ്ങനെ ഒരു ജോനർ മലയാളത്തിൽ ഇല്ലാത്തത് കൊണ്ട് തന്നെ അങ്ങനത്തെ ക്യാരകട്ടേഴ്സും വിരളമാണ്.

എന്നാൽ അത്തരത്തിൽ ഒരു പാത്രശൃഷ്ടി ആണ് ദേവൻ അവതരിപ്പിച്ച വിത്സൺ ചെറിയാൻ. നായകനെ പിന്നീട് ഒരു സഹനടൻ ആക്കികൊണ്ട് വിത്സൺ ആണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി കാര്യങ്ങൾ തന്റെ കയ്യിലേക്ക് എടുക്കുന്നത്. ഇമോഷണൽ ആവാതെ പ്രായോഗിക ബുദ്ധിയും മനസ്സാനിധ്യവും കൊണ്ട് ആ മിഷൻ വിജയിപ്പിച്ച ആൾ. ഡോക്റ്ററെ വിളിക്കാനും ഒരു തോട്ടി കൊണ്ട് മാളൂട്ടിയെ രക്ഷപെടുത്താൻ നോക്കുകയും പിന്നീട് ഫയർഫോഴ്‌സ്ന്റെ ഒപ്പം നിന്ന്‌ കാര്യങ്ങൾ എക്സിക്യൂട്ട് ചെയ്ത നേത്രപാടവും ഉള്ള "ഹീറോയിസം" കാണിച്ച വ്യക്തി.

ആടുതോമായാണോ ബിലാൽ ആണോ യഥാർത്ഥ ഹീറോയിസം കാണിച്ചത് എന്ന ചർച്ചയിൽ നിന്നാണ് മലയാള സിനിമ അധികം പാടിപുകഴ്ത്താത്ത ഇത്തരം ചില "ഹീറോയിസം" കാണിച്ചവർ ഉണ്ടെന്ന തിരിച്ചറിവിലേക്ക് എത്തിയത്.


"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...