Saturday, December 31, 2016

ദളപതിയും സൂര്യഭഗവാനും

വിഷ്വൽ ഇമേജറിക്ക് മണിരത്നം കൊടുക്കുന്ന പോലെ പ്രാധാന്യം തമിഴിൽ വേറെ ആരും അധികം ഇല്ല. കാച്ചികുറുക്കിയ സംഭാഷണങ്ങളും spontaneous കഥാസന്ദര്ഭങ്ങളും ഒരുക്കുന്ന മണിരത്‌നം ചില സമയങ്ങളിൽ ദൃശ്യഭാഷാ കൊണ്ടൊരുക്കുന്ന ബിംബങ്ങൾ കഥക്ക് അനുയോജ്യമാവാറുണ്ട്. അത്തരത്തിൽ  ദൃശ്യമായ ഒന്നിനെ "അദൃശ്യമായി" മറ്റൊരു കഥാപാത്രം ആക്കുന്ന വിഷ്വൽ മെറ്റഫർ ന്റെ ക്ലാസിക്ക് ഉദാഹരണം ആണ് മണിരത്നം സംവിധാനം ചെയ്ത "ദളപതി".

വ്യക്തമാക്കാൻ ശ്രമിക്കാം. വെറും "സൂര്യ" എന്ന പേരിലോ പുഴയിൽ ഒഴുക്കുന്ന പോലെയുള്ള കഥാസന്ദര്ഭങ്ങളിലോ മാത്രം അല്ല കർണ്ണൻ സൂര്യഭാഗവാന്റെ പുത്രൻ ആണെന്ന് പുരാണം മണിരത്നം പറയുന്നത്. മറിച്ചു സൂര്യനെ ചില സമയങ്ങളിൽ രജനികാന്ത്ന് ചുറ്റും halo (പ്രഭാമണ്ഡലം) പോലെയും ചിലപ്പോൾ silhouette പോലെയും ഫ്രേമുകളില് കാണിക്കുന്ന മണിരത്നം ബ്രില്ല്യന്സ് ഉണ്ട്. സിനിമയിൽ പല ഭാഗത്തും സൂര്യഭഗവാന്റെ മകന്‍ ആയ കര്ണനെ ആസ്പദമാക്കിയുള്ള രജനികാന്തിന്റെ ക്യാരക്റ്റർ വരുന്നിടത്തെല്ലാം സിമ്പോളിക്ക്  ആയി (മനഃപൂർവം)  വരുന്ന സൂര്യന്‍ മറ്റൊരു കഥാപാത്രം ആയി സിനിമയില് ഉടനീളം മാറുന്ന അവസ്ഥ ഉണ്ട്.

പാത്രസൃഷ്ടി പുരാണത്തിൽ നിന്നാണെങ്കിലും അതിൽ ഈ ഒരു ലിങ്ക് അതിമനോഹരമായി സിനിമയുടെ ലാവണ്യശാസ്ത്രത്തിനു ഭംഗം വരുത്താതെ ചെയ്തത് മണിരത്നത്തിന്റെ ക്രിയേറ്റിവ് ഹൈ തന്നെയാണ്.


കിലുക്കം - ലോങ്ങ് ടേക്ക്

കൃത്യമായി പറഞ്ഞാല്‍ ഒരു മിനുട്ടും അഞ്ച് സെക്കണ്ടും ഉള്ള മലയാളത്തിലെ റിലേറ്റീവ് സ്കേലില്‍ പറഞ്ഞാല്‍ അത്യാവശ്യം ദൈര്‍ഖ്യമുള്ള അണ്‍കട്ട് ഷോട്ട് ആണ് കിലുക്കത്തില്‍ കിട്ടുണ്ണിയെ ആദ്യം കാണിക്കുന്നത്.

പുതപ്പും ചൂലും ഒക്കെ എടുത്തോടി പിള്ളയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവും പറഞ്ഞു അയാള്‍ കേള്‍ക്കാതെ അയാളെ കുറ്റവും പറഞ്ഞു പോകുന്ന കിട്ടുണ്ണി. ക്യാമറ ഹാന്‍ഡ്ഹെല്‍ഡ് ആണ് എന്ന് തോന്നുന്നു. ക്യാരക്റ്റര്‍ ഏറെകുറെ ഫ്രേമില്‍ തന്നെയാണ്, പുറത്ത് പോവുന്നില്ല. ഈ ഒറ്റ സീന്‍ കൊണ്ട് കിട്ടുണ്ണി ആരാണെന്നും അയാളുടെ സ്വഭാവം എന്താണെന്നും "യേമാനോടുള്ള" സമീപനം എന്നാണെന്നും നമ്മുക്ക് പിടിക്കിട്ടും.  അതിലും പ്രധാനമായി കൊട്ടാരം പോലത്തെ ആ വീട്ടിൽ കിട്ടുണ്ണിയുടെ ബുദ്ധിമുട്ടുകൾ എസ്റ്റാബ്ലിഷ്‌ ചെയ്യാൻ ആണ് സംവിധായകൻ ശ്രമിക്കുന്നത്.

 അവസാനം ഹാളില്‍ ഡൈനിംഗ് ടേബിളില്‍ അവര്‍ ഒക്കെ ഇരിക്കുന്നിടത്ത് ചെന്ന് പിന്നെയും ചില സംഭാഷണങ്ങള്‍ കഴിഞ്ഞാണ് ഷോട്ട് അവസാനിക്കുന്നത്. സംഗതി കാഷ്വല്‍  ആയി എടുത്ത ഷോട്ട് ആണെന്ന് തോന്നുമെങ്കിലും ധാരാളം കോപ്പി ആരോപണങ്ങള്‍ ഉണ്ടെങ്കിലും  പ്രിയദര്‍ശന്‍ ചില സീനുകള്‍ എക്സിക്യൂട്ട് ചെയ്യുന്നത് ബ്രില്ല്യന്റ് ആയിട്ടാണ്. ഒരു ഡേവിഡ് ലീൻ ആരാധകൻ കൂടി ആയ പ്രിയദർശൻ ലോങ്ങ് ടെക്ക് ഷോട്ടുകളുടെ ഭംഗിയും പരിചരണവും ശേരിക്ക് മനസ്സിലാക്കിയിട്ടുണ്ട്.


മഹാനദി - ടൈറ്റിൽ പെരുമ

മഹാനദി എന്ന  സിനിമയുടെ ശീര്‍ഷകം എങ്ങനെ സാധൂകരിക്കുന്നു എന്ന് ആദ്യകാഴ്ചയില്‍  തന്നെ ചിന്തിച്ചിരുന്നു എങ്കിലും അപ്പോഴൊന്നും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. കമലഹാസന്‍ ആയതുകൊണ്ട് വെറുതെ ഭംഗിക്ക്  ഇരിക്കട്ടെ എന്ന് കരുതി ഇട്ടതാണെന്ന് ആശ്വസിക്കാനും വകയില്ല. Taken എന്ന ഹോളിവുഡ് സിനിമക്ക് പോലും പ്രചോദനമായ സൃഷ്ട്ടി. ഹൃദയഭേദകമാണ്‌ സിനിമയും ട്രീറ്റ്മെന്റും. എന്നിരുന്നാലും ടൈറ്റില്‍ എങ്ങനെ ആ പേരായി  എന്നത് ചോദ്യചിഹ്നമായിരുന്നു.

കൃഷ്ണ, യമുനാ, കാവേരി, ഭരണി എന്നിങ്ങനെ പല ക്യാരക്ട്ടരിന്റെയും പേരുകള്‍ നദികളുടെ ആണ്. പല സീനുകളും നദികരയിലും നദിയിലും ഉണ്ട്. ജീവിതം നദി പോലെ വളഞ്ഞും പുളഞ്ഞും ഏറിയും കുറഞ്ഞും ശാന്തമായും ആര്‍ത്ത് അട്ടഹസിച്ചും പൊടുന്നനെ എല്ലാം തകര്‍ത്തും മുന്നേറുന്ന ഒന്നാണെന്ന് ഒറ്റനോട്ടത്തില്‍ വക്കാം. പക്ഷെ എനിക്ക് "മഹാനദി" എന്ന പേര് വേറൊരു അര്‍ത്ഥത്തില്‍ വായിക്കാന്‍ ആണ് താത്പര്യം. നിരന്തരമായ വെള്ളപൊക്കങ്ങള്‍ മൂലം മഹാനദിയെ "Sorrow of Orissa" എന്ന് വിളിക്കുന്നുണ്ട്. ഒറിസ്സയുടെ ദുഖം/ആശങ്ക  എന്നൊക്കെ അറിയപെട്ടിരുന്ന മഹാനദി വലിയ ഒരു ആശങ്കയുടെയും ദുഃഖത്തിന്റെയും പ്രതീകം ആണ്.. അച്ഛന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍ ഏറ്റവും വലിയ ആശങ്കയും പ്രതീക്ഷയും മകള്‍ ആണ്.. നഷ്ട്ടപെട്ട അല്ലെങ്കില്‍ കണ്ടെത്താന്‍ പറ്റാത്ത മകള്‍ തന്നെയല്ലേ ഒരു അച്ഛന്റെ ഏറ്റവും വലിയ ദുഖം. അത് തന്നെയല്ലേ "മഹാനദി".

കോസി, ദാമോദർ നദികൾക്കൊക്കെ അതാത് പ്രദേശത്തെ sorrow ആയി കാണുന്നുണ്ടെങ്കിലും വാച്യാർത്ഥത്തിൽ മഹാനദിക്ക് മാത്രമേ കലുഷിതമായ ഒരു അവസ്ഥയെ സൂചിപ്പിക്കാൻ കഴിയുന്നുള്ളൂ.


ഡോണും ടോം ആൻഡ് ജെറിയും

ഡോണും ടോം ആൻഡ് ജെറിയും

=========================

ഫർഹാൻ അക്തറിന്റെ പഴയ ഒരു ടോം ആൻഡ് ജെറി ട്വീറ്റ് കണ്ടപ്പോൾ ആണ് ഡോൺ സിനിമയിലെ ചില കാര്യങ്ങൾ ഓർമ്മ വന്നത്. "ക്യാറ്റ് ആൻഡ് മൗസ് ഗെയിം " എന്നത് വേട്ടക്കാരും വേട്ടയാടപെടുന്നവനെയും അവരുടെ പിന്തുടരുകളും രക്ഷപെടലുകളെയും സൂചിപ്പിക്കുന്ന ഒരു പൊതു പ്രയോഗമാണ്. അത് ഒരു പക്ഷെ പോലീസും കള്ളനുമാവാം കിഡ്നാപ്പറും ഇരയും ഒക്കെ ആവാം.

ഒരു സ്ലിക്ക് ആക്ഷൻ ജോനാറിൽ ഉള്ള ഡോൺ സിനിമയുടെ (രണ്ടു ഭാഗങ്ങളിലും) ഷാരൂഖ് ഖാന്റെ കഥാപാത്രം ടോം ആൻഡ് ജെറി കാർട്ടൂൺ ആസ്വദിക്കുന്നത് കാണിക്കുന്നുണ്ട്. ക്യാരക്റ്റർ ഡെവലപ്പ്മെന്റ് ചെയ്യാൻ വേണ്ടി അധോലോകം വാഴുന്ന കൂട്ടുകാരെ പോലും കൊല്ലാൻ മടിക്കാത്ത ക്രൂരന്റെ ഒരു ലൈറ്റ് സൈഡ് അല്ലെങ്കിൽ കോന്ധ്രാസ്റ്റ് കാണിച്ചതായാണ് ആദ്യം തോന്നിയത്. എന്നാൽ സിനിമയിൽ ആ കാർട്ടൂൺ നല്ലവണ്ണം സ്വാധീനിക്കുന്നുണ്ട് എന്ന് രണ്ടാംകാഴ്ചയിൽ മനസ്സിലായി.

ആദ്യഭാഗത്തിലെ  the chase begins പിന്നെ രണ്ടാം ഭാഗത്തിലെ the chase continues എന്നീ ടാഗ് ലൈൻ നോക്കിയാൽ അറിയാം "ചേസ്" എന്ന വാക്കും ടോം ആൻഡ് ജെറിയും ആയുള്ള ബന്ധവും. സിനിമ ഉടനീളം പോലീസും ഡോണും തമ്മിലുള്ള ചേസ് ആണ്. പിടിക്കാൻ അവരും പിടികൊടുക്കാതിരിക്കാൻ ഡോണും മെനയുന്ന തന്ത്രങ്ങൾ ആണ് സിനിമയുടെ കോർ. രണ്ടാം ഭാഗം കുറേകൂടി ഒരു heist സ്വഭാവം ഉണ്ടെങ്കിലും അവിടെയും കള്ളനും പോലീസും കളി ഉണ്ട്.

സ്‌ക്രീന്ഷോട്ടിൽ കാണിക്കുന്ന രംഗം ടോം ആൻഡ് ജെറിക്ക് ഈ സിനിമകളിൽ ഉള്ള പങ്ക് പ്രത്യക്ഷമായി സൂചിപ്പിക്കുന്ന ഒന്നാണ്. ഇതിൽ കുളിക്കുമ്പോഴും രണ്ടാം ഭാഗത്ത് റിലാക്സ് ചെയ്യുമ്പോഴും ആണ് ഡോൺ ഈ കാർട്ടൂൺ കാണുന്നത്. മറ്റൊരു ഓട്ടം/പ്രശ്നം ആരംഭിക്കുന്നതിനു മുമ്പുള്ള വിശ്രമവേള. ടോം ആൻഡ് ജെറി കാർട്ടൂണുകളിലും ഇവരുടെ ചേസ് ആരംഭിക്കുന്നത് ആരെങ്കിലും ഒരാൾ വിശ്രമിക്കുമ്പോൾ മറ്റൊരാൾ പോയി എന്തെങ്കിലും ഒപ്പിക്കുമ്പോൾ ആണ് എന്നത് ശ്രദ്ധേയമാണ്.

റോമയെ ഡോൺ വിശേഷിപ്പിക്കുന്നത് "ജംഗ്‌ളീ ബില്ലി" എന്നാണ്. തന്റെ എതിരാളികളെ പൂച്ചയാക്കണമെങ്കിൽ ഡോൺ സ്വയം ആർക്കും പിടികൊടുക്കാൻ പറ്റാത്ത എലിയായാണ് സങ്കല്പിക്കുന്നത് എന്ന് കരുതേണ്ടി വരും. മാത്രമല്ല അണ്ടർവേൾഡ് കിംഗ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡോൺ എലിയെ പോലെ അണ്ടർവേൾഡിൽ വിരാജിക്കുന്നവൻ ആണ്. എലികളുടെ മാളങ്ങളും മറ്റും ഒരുതരം അണ്ടർ വേൾഡ് ആണല്ലോ. എപ്പോഴും തന്നെ പിടിക്കാൻ പോലീസ് ഉണ്ടെന്ന വിശ്വാസത്തിൽ ആണ് ഡോൺ. അതിന്റെ പേരിലും അവർക്ക് തന്നെ പിടിക്കാനും പറ്റില്ല എന്ന് ഊറ്റം കൊള്ളുന്നവൻ. അത് അറിഞ്ഞു കൊണ്ടുതന്നെയാണ് ജീവിക്കുന്നത്. ജെറിയും എപ്പോഴും ഈ അവസ്ഥയിൽ ആണ്.

എന്തായാലും തന്റെ പിതാവിന്റെ സിനിമയെ റീമേക്ക് ചെയ്തപ്പോൾ മൂലകഥയെയും കഥാപാത്രങ്ങളെയും അതേപടി നിർത്തിയപ്പോഴും ഫര്ഹാന്റെ മനസ്സിന്റെ ത്രാസ്സിൽ ടോം ആൻഡ് ജെറി എന്ന വിശ്വവിഖ്യാതമായ കാർട്ടൂൺ താണ്‌ തന്നെയാണ് ഇരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു.


Friday, December 30, 2016

സൈക്കോയിലെ ശബ്ദഭീകരത

ക്യാമറ ആംഗിൾ, എഡിറ്റിങ്, രംഗസംവിധാനം എന്നിവയൊക്കെ ചേർന്നുള്ള ദൃശ്യഭീകരതയോടൊപ്പം ഹിച്ച്കോക്ക് സൈക്കോ സിനിമയിൽ അത്രത്തോളം തന്നെ പ്രാധാന്യം കൊടുത്തിട്ടുണ്ട് ബാക്ഗ്രൗണ്ട് സ്കോറിന്. അതെ ഒരർത്ഥത്തിൽ പറഞ്ഞാൽ "ശബ്ദഭീകരത".

ഷവർ സീനിലും അർഭോഗസ്റ്റ് മർഡർ സീനിലും ടെൻഷൻ ബിൾഡ് അപ് നടത്തത്തിയതിന് ശേഷം കൊലപാതകത്തിൽ വരുന്ന കാത് തുളച്ചുകയറുന്ന വയലിൻ മ്യുസിക്ക് ആ സിനിമയുടെ മൊത്തം ക്രാഫ്‌റ്റിന് വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. അതിന്റെ impact അറിയാൻ രണ്ടു സീനുകളും മ്യുട്ട് ആക്കി കണ്ട് നോക്കുക.

എന്തോ സംഭവിക്കാൻ പോകുന്നു എന്ന് നമുക്കറിയാം. പക്ഷെ എങ്ങനെ, എപ്പോ, ആര് എന്നത് ആശ്രയിച്ചു ഇരിക്കും ഇത്തരം സീനുകളുടെ മഹത്വം. അർഭോഗാസ്റ്റ് മർഡർ സീനിൽ ഒക്കെ മുകളിൽ നിന്നുള്ള ക്യാമറ ആംഗിളും ഡോളി സൂമും ഒക്കെ പരീക്ഷിക്കുന്ന സീനിൽ പോലും ശെരിക്കും പറഞ്ഞാൽ bgm ആണ് നമ്മളെ ഞെട്ടിപ്പിച്, ഒരു കൊല നടന്നു അതിനുള്ളിൽ എന്ന് പ്രേക്ഷകനെ വിശ്വസിപ്പിക്കുന്നത്. ഷവർ സീനിലും അതുപോലെതന്നെ ഭീതിതമായ ഒരു മ്യുസിക്ക് തുടങ്ങുന്നത് പിറകിൽ കർട്ടൻ മാറ്റുമ്പോൾ മാത്രം ആണ്. രണ്ടു സീനിലും കഥാപരിസരം നിശ്ശബ്ദമാണ്. വാതിൽ തുറക്കുന്ന ശബ്ദവും കർട്ടൻ മാറ്റുന്ന ശബ്ദവും ഷവരിൽ നിന്ന് വെള്ളം വരുന്ന ശബ്ദങ്ങളും ഒക്കെ വളരെ ഉച്ചത്തിൽ ആണ് റെക്കോർഡ് ചെയ്യപ്പെടുന്നത്. സൗണ്ട് ഇഫെക്റ്റ് കാര്യത്തിലും ഹിച്ച്കോക്ക് അതീവ ശ്രദ്ധകൊടുത്തിട്ടുണ്ട്.

ഇതൊക്കെകൊണ്ടു തന്നെയാണ് ഇന്നും ഈ സീനുകൾ ചർച്ച ചെയ്യപ്പെടുന്നതും ഹോമേജുകൾ ഉണ്ടാവുന്നതും. സിനിമയുടെ പല ഡിപാർട്ടമെന്റുകൾ മികച്ച രീതിയിൽ ചിട്ടപെടുത്തതുന്നത് തന്നെയാണ് ഒരു സീനിനെ കാലാതീതമാക്കുന്നത്.


ഒഡീസ സ്റ്റെപ്പ് സീക്വൻസ്

പോയന്റ് ബ്ലാങ്കിൽ നിസ്സഹായയായ സ്ത്രീയെ സൈനികർ ഷൂട്ട് ചെയ്യുന്നു. അവരുടെ കുഞ്ഞിനെ കിടത്തിയിരുന്ന pram പടികളിലൂടെ താഴേക്ക് പോകുന്നു.

ലോകസിനിമാചരിത്രത്തിലെ ഏറ്റവും influential ആയ സീനുകളിൽ ഒന്നാണ് 1925 ൽ ഇറങ്ങിയ റഷ്യൻ സിനിമയായ ബാറ്റിൽഷിപ്പ് പൊട്ടംകിൻ ലെ odessa steps സീക്വൻസ്. മൊണ്ടാഷ്, ഫാസ്റ്റ് എഡിറ്റിങ്, റിഥമിക്ക് കട്ട്സ് തുടങ്ങി ഒട്ടേറെ നൂതന സിനിമാറ്റിക്ക് സാങ്കേതങ്ങളാൽ പ്രശസ്തിയാർജ്ജിച്ച ഈ സീനിന് ട്രിബ്യുട്ട് ആയും പാരഡി ആയും ഹിച്ച്കോക്ക്, ബ്രയാൻ ഡി പാൽമ തുടങ്ങിയ മഹാരഥന്മാർ തങ്ങളുടെ സിനിമകളിൽ റഫറൻസ് നൽകിയിട്ടുണ്ട്.

Juxtaposition കൊണ്ട് കാണികളിൽ വരുത്തുന്ന വൈകാരിക നിമിഷങ്ങൾ ആണ് സീനിന്റെ മുഖമുദ്ര. വയലന്സും നിഷ്കളങ്കതയും ഭീകരതയും നിസ്സഹായവസ്ഥയും തമ്മിലുള്ള ക്ളോസ് അപ് അടക്കമുള്ള ബാക്ക് ആൻഡ് ഫോർത്ത് കട്ടുകൾ കൊണ്ട് വല്ലാത്തൊരു ഫീൽ സംവിധായകനായ സെർജി ഐൻസ്റ്റീൻ സൃഷ്ടിക്കുന്നു. ഷോട്ട് ലെങ്ത് ന് അനുസൃതമായുള്ള റിഥമ്മിക്ക് കട്ടും മ്യൂസിക്കും എടുത്തു പറയേണ്ടവയാണ്. കുറച് റഫ് ആണെന്ന് തോന്നുമെങ്കിലും ആ എഡിറ്റിങ് രീതി പിന്നീട് വളരെയധികം ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്.

തോക്കുധാരികൾ പടികളിലേക്ക് മാർച് ചെയ്യുന്നത് സിവിലിയന്സിനെ വെടിവച്ചു കൊല്ലുന്നതുമായുള്ള ഫിക്ഷണൽ സന്ദർഭം ആണ് odessa step സീൻ. വെടി കൊള്ളുന്നതും അലറുന്നതും ഒക്കെ ക്ളോസ് അപ് ഷോട്ട് കൊണ്ടും ഫാസ്റ്റ് എഡിറ്റിങ് കൊണ്ടും കാണിച്ച രീതി അന്നത്തെകാലം വച്ച് നൂതനമായിരുന്നു. പടികളിലൂടെ ട്രോളി തൊട്ടിലിൽ കുഞ്ഞു ഉരുണ്ടു പോകുന്നതാണ് മറ്റൊരു ഹൈ ലൈറ്റ്. ഡി പാൽമ അദ്ദേഹത്തിന്റെ "ദി അൺടച്ചബിൽസ്" എന്ന സിനിമയിൽ കാണിച്ച ട്രിബ്യുട്ട് ആണ് ഇതുവരെ വന്നതിൽ വച്ച് ഏറ്റവും വൃത്തിയുള്ളത്. വെടിയേറ്റ് കണ്ണട പൊട്ടി ചോരയൊലിക്കുന്ന സ്ത്രീയുടെ  റഫറൻസ് ഗോഡ്ഫാതരിൽ കപ്പോള എടുത്തത് കാണുമ്പോൾ ആണ് സെർജി ഐൻസ്റ്റീൻ എന്ന സംവിധായകന്റെ മികവിന്റെ മഹത്വം മനസ്സിലാവുന്നത്.


റോബോട്ടിക്‌സും തമിഴ് സംസ്ക്കാരവും

മഞ്ഞ തുണിസഞ്ചി കക്ഷത്തും തലക്കുള്ളിൽ "തമിഴ് കലാചാരം" (cultre) ആയി നടക്കുന്ന ഒരു ജനതയെ ഞെട്ടിക്കാൻ Tera Hertz , Zeta Byte തുടങ്ങിയ കംപ്യുട്ടർ jargons മാത്രം പോരാ. ഹോണ്ടയുടെ മെഷീൻ മാറി അവൻ മിടിക്കുന്ന തമിഴ് "ഇദയം" ഉള്ളവനാവണം.

ടെക്നിക്കൽ വശങ്ങളും പദങ്ങളും മാത്രം എടുത്തു അമ്മാനമാടി ഐ റോബോട്ട് പോലെയോ മറ്റോ ഒരു പക്കാ ടെക്ക് സിനിമ ആയിരുന്നെങ്കിൽ യന്തിരൻ ഒരിക്കലും ഒരു വലിയ വിജയമാവുമായിരുന്നില്ല. പ്രമേയപരമായി സ്കൈഫൈ മാനങ്ങൾ ഉള്ള സിനിമയിൽ തമിഴ് സംസ്കാരം infuse ചെയ്തതിൽ ഉള്ള മിടുക്ക് കൊണ്ട് തന്നെയാണ് ദ്രാവിഡജനകോടികൾ അത് ഏറ്റെടുത്തത്‌. രണ്ടു ധ്രുവങ്ങളിൽ കിടക്കുന്ന കാര്യങ്ങളെ എങ്ങനെ reasonable ആയി ശങ്കർ  യോജിപ്പിക്കും എന്നത് സിനിമ അനൗൺസ് ചെയ്തപ്പോൾ തന്നെ തോന്നിയിരുന്നു. അതിനാൽ തന്നെ സിനിമയിൽ തന്നെ ഒരുപക്ഷെ ഏറ്റവും ക്രിയേറ്റിവ് എന്ന് വിശേഷിപ്പിക്കാവുന്ന സീൻ ആണിത്.

ഗുണ്ടകൾ സൈക്കിൾ ചെയിനും വടിവാളും ഒക്കെ ആയി വരുമ്പോൾ മാഗ്നെറ്റിക്ക് മോഡ് ഓൺ ആക്കി എല്ലാം തന്നിലേക്ക് വലിച്ചെടുത്ത് സ്വയം ഒരു കാളിരൂപം അല്ലെങ്കിൽ മാരിയമ്മൻ ആയി രൂപാന്തരം പ്രാപിക്കുന്ന ചിട്ടി. രണ്ടു മൂന്നു കാര്യങ്ങൾ ഈ സീൻ കൊണ്ട് ശങ്കർ എസ്റ്റാബ്ലിഷ്‌ ചെയ്യുന്നുണ്ട്. ഒന്ന് - നേരത്തെ പറഞ്ഞ റോബോട്ടിക്ക്സ് പോലെ അതി വിപുലമായ ഒരു വിഷയത്തിൽ എങ്ങനെ intriguing ആയി കൾച്ചറൽ മെർജിങ് നടത്താം എന്നുള്ളത്. മറ്റൊരു സാധ്യത രാജിനികാന്തിലെ demi god (ഇവിടെ ശെരിക്കും goddess ആണ്) ഇമേജിനെ ബലപ്പെടുത്തുക എന്നത്. അദ്ദേഹത്തിന് വേണ്ടി എഴുതിയ മുതൽവനിലെ "പാലഭിഷേകം" സീനിനെക്കാൾ മികവുറ്റ ഒന്ന് തന്നെ വേണം എന്ന് മുന്നിൽകണ്ട് ശങ്കർ ഒരുക്കിയ സീൻ. അമ്മൻ സിനിമകൾക്ക് വളക്കൂറുള്ള സ്ഥലത്ത് ദുഷ്ട്രനിഗ്രഹം നടത്താൻ മെറ്റൽ ശംഖചക്രഗദ്ദാ വിഭൂഷിതയായ "മാരിയമ്മ" തന്നെയാണ് ഏറ്റവും അഭികാമ്യം.

എല്ലാവരും ഒന്ന് കുരവയിട്ടെ...


നാഗേഷ് - വിടവാങ്ങിയ അത്ഭുതപ്രതിഭ

ഉറ്റവർ മരിച്ചെന്നറിയുമ്പോൾ ഞെട്ടുന്ന മുഖത്തിന്റെ ക്ളോസ് അപ് ഷോട്ടില്ല. സൂം ഔട്ട് ഷോട്ടില്ല. ഞെഞ്ചത്തടിച്ചു കരയുന്നില്ല. മൃതദേഹത്തിന്റെ അടുത്തേക്ക് പോകുമ്പോൾ സമാധാനിപ്പിക്കാനോ പിടിച്ചു വലിക്കാനോ ബന്ധുക്കളോ ആരും മുതിരുന്നില്ല. കാതടപ്പിക്കുന്ന ബാക്ഗ്രൗണ്ട് മ്യുസിക്കോ പാട്ടോ ഇല്ല.

മേല്പറഞ്ഞവയൊക്കെ ഉണ്ടെങ്കിൽ അതിഭാവുകമായ ഒരു ശരാശരി ക്ളീഷേ സീൻ ആവുമായിരുന്നു കെ.സേതുമാധവൻ സംവിധാനം ചെയ്ത "നമ്മവർ" സിനിമയിലെ നാഗേഷിന്റെ മകൾ മരിച്ച രംഗം. എന്നാൽ അതിനു വിപരീതമായി ഉറ്റവർ മരിച്ച അറിഞ്ഞു വരുന്ന രംഗം അതിന്റെ എല്ലാ intensity നിലനിർത്തികൊണ്ടു തന്നെ തന്മയത്വത്തോടെ ആണ് ഏകദേശം നാല് മിനുട്ട് വരുന്ന അൺ കട്ട് ഷോട്ടിലൂടെ എക്സിക്യൂട്ട് ചെയ്തിരിക്കുന്നത്. നാഗേഷ് എന്ന കൊമേടിയനിൽ ഒതുക്കെണ്ടാത്ത അത്ഭുത പ്രതിഭയ്ക്ക് മികച്ച സഹനടനുള്ള നേഷണൽ അവാർഡ് നേടികൊടുത്തതും ഈ പറഞ്ഞ സിനിമക്കും വിശിഷ്യാ ഈ പറഞ്ഞ സീനിലും ആണ്.

മകളുടെ ആത്മഹത്യ അറിഞ്ഞ നിമിഷം ആ fact പെട്ടന്ന് മനസ്സിലാക്കി വീട്ടിലേക്ക് ഓടുന്നു. ബുഷ് ഒക്കെ ചാടി കടന്നു വീട്ടിലേക്ക് ഓടി വരുമ്പോഴും വീട്ടിൽ ചുറ്റും നിൽക്കുന്നവരെ ഒക്കെ കണ്ടുള്ള ക്ളീഷേ ഞെട്ടലോ പരിഭ്രമോ ഒന്നുമില്ല. മൃതദേഹത്തിൽ മൂടികിടന്നു പുതപ്പ് ഓടിച്ചെന്നു മാറ്റി "ഹയ്യോ" എന്ന് ഒരു ഞെരുക്കം മാത്രം. പിന്നെ ഷോക്ക് ഏലമെന്റോട് തന്നെ മരണം എന്ന സത്യത്തെ അറിഞ്ഞുകൊണ്ട് ആ അച്ഛൻ നടത്തുന്ന സംഭാഷണങ്ങൾ അതിന്റെ പ്രായോഗിക രീതികൊണ്ടാണ് നമ്മളെ സ്തബ്ദരാക്കുന്നത്. ഡോക്റ്ററോടും പൊലീസിനോടും നാഗേഷ് പെരുമാറുന്ന രീതി വളരെ subtle ആയാണ്. മോൾ ജനിച്ചപ്പോൾ തലക്ക് ഷേപ്പ് ഇല്ലായിരുന്നെന്നും പറഞ്ഞു ഒരു തലയിണ വെക്കുന്ന രംഗവും "ഇത് ഇനിമേൽ കുഴന്ത ഇല്ലെ.. ബോഡി താൻ" എന്ന് പറയുന്നതും അതിനാൽ ചുറ്റും ഐസ് വക്കാൻ ഓർമ്മിപ്പിക്കുന്ന  തലത്തിലേക്ക് മനസ്സിനെ പാകപ്പെടുത്തിയ അച്ഛൻ.

ചിതക്ക് തീ വച്ച ശേഷം മാത്രമേ അയാൾ കുറച്ചു eccentric മോഡിൽ വരുന്നുള്ളൂ. മോളെ എടുത്ത് ഉയർത്തി ഡാൻസ് കളിക്കുന്ന മനോനിലയിൽ നിന്ന് കമലിന്റെ കഥാപാത്രം ആശ്വസിപ്പിക്കുമ്പോൾ ആൾക്കൂട്ടത്തെ കാണുന്ന മാത്രയിൽ മാത്രമാണ് അയാൾ പൊട്ടികരയുന്നത്. പ്രിയദർശന്റെ ചെപ്പ് സിനിമയുടെ അൺ ഒഫിഷ്യൽ റീമേക്ക് ആയ നമ്മവർ നാഗേഷിന്റെ പ്രത്യേകിച്ച് അദ്ദേഹം ഉള്ള സീനുകളിൽ കമലഹാസനെ പോലും നിഴലിൽ ഒതുക്കിയുള്ള പെർഫോമൻസ് ശെരിക്കും ഹൃദയ ഭേദകമാണ്.

https://www.youtube.com/watch?v=CSkPfNcG8SI


കോപ്പ കബാന ഷോട്ട്

മൂന്ന് മിനുട്ട് നാല് സെക്കണ്ടുള്ള അൺ കട്ട് ഷോട്ട്.  മാർട്ടിൻ സ്കോർസെസ്‌യുടെ ഗുഡ്ഫെല്ലാസിൽ ഉള്ള കോപകബാന ക്ലബ്ബിലേക്കുള്ള സിംഗിൾ ഷോട്ട് അദ്ദേഹത്തിന്റെ സിനിമകളിൽ വച്ച് ഏറ്റവും സാങ്കേതികത്തികവുള്ളതും കഥാപാരമായി ചേർന്ന് നിൽക്കുന്നതുമാണ്. വെറുതെ ക്യാമറ ഗിമിക്ക് അല്ല ഉദ്ദേശം, മറിച് ആ ഒരൊറ്റ സ്റ്റഡിക്യാം ഷോട്ടിലൂടെ രണ്ടു കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ്‌ ചെയ്യുകയും അതോടൊപ്പം അത് നരേറ്റ് ചെയ്യുന്ന ആളുടെ pov ലേക്ക് ഓഡിയന്സിനെ കൊണ്ടുപോകുകയും സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയത്തെ വിദഗ്‌ദ്ധമായി ഇഴചേർക്കുകയും ചെയ്യുന്നു.

എങ്ങനെയെന്ന് വിശദീകരിക്കാം. മോബ്സ്റ്റർ ആയി മാറിയ ഹെൻറി തന്റെ പ്രേമഭാജനത്തെ ആദ്യത്തെ ഡേറ്റ് ന് കൊണ്ടുപോകുന്നതാണ് കഥാസന്ദര്ഭം.

കാറിൽ നിന്നിറങ്ങുന്ന ഹെൻറിയും കാരേനും (ഗേൾ ഫ്രണ്ട്) റോഡ് ക്രോസ് ചെയ്ത ക്ലബിന്റെ പിൻവാതിലിലൂടെ കടന്ന് പല ഇടനാഴികളിലൂടെയും ഡ്രസിങ് റൂമിലൂടെയും ഒക്കെ നടന്നു ചെന്ന് ഹാളിൽ ഒരു ടേബിളിൽ ചെന്ന് ഇരിക്കുന്നതാണ് പ്രസ്തുത സീൻ. തന്റെ ആദ്യ ഡേറ്റിന് വരുന്ന കാമുകിക്ക് ഉള്ള ആശ്ചര്യം പേടിയും കാരേന് ഉണ്ട്. അവൾക്ക് ആ ലോകം പുതിയതാണ്. അതുകൊണ്ടു തന്നെ അവരുടെ pov യുമായി കാണികൾക്ക് താദാതമ്യം വരാൻ വേണ്ടി ആണ് സ്റ്റഡിക്യാം കൊണ്ടുള്ള ആ ഷോട്ട്. ഇത്രയും സമയം ഒരു നിശ്ചിത അകലം കഥാപാത്രങ്ങളും ക്യാമറയും തമ്മിൽ സൂക്ഷിക്കുന്നുണ്ട്. ഹെന്രിക്ക് ആ ഗാങ്സ്റ്റർ ലോകവും അതിന്റെ പണക്കൊഴുപ്പും പവറും അപ്രമാദിത്വവും ഇഷ്ട്ടമാണ്. ഉടനീളം അയാൾ വൈറ്റർമാർക്കും സെക്യൂരിക്കികൾക്കും ധാരാളം ടിപ്പ് നൽകുന്നുണ്ട്. ഒരു താരപരിവേഷം ആണയാൾക്ക് അവിടെ. പശ്ചാത്തലത്തിൽ "ഹി കിസ്സഡ് മി" എന്നൊരു പാട്ടിലൂടെ സ്കോർസെസ് രണ്ടു കാര്യങ്ങൾ പറയാതെ പറയുന്നുണ്ട്. രണ്ടു ഇഷ്ടങ്ങൾ. കാരന് ഹെൻറിയോടുള്ള അനുരാഗവും ഹെന്രിക്ക് ഗാങ്സ്റ്റർ ജീവിതരീതിയോടുള്ള അഭിനിവേശവും.

യാതൊരു വയലൻസോ ഗൺ ഷൂട്ടോ അടിപിടിയോ  കാര്യമായ സംഭാഷണങ്ങളോ ബഹളങ്ങളോ ഇല്ലാതെയുള്ള ഒരേ സമയം റൊമാന്റിക്കും അത്യാവശ്യം ത്രില്ലിങ്‌മാണ് ഈ ഷോട്ടിന്റെ പരിചരണം. എന്റെ അഭിപ്രായത്തിൽ ടച് ഓഫ് ഇവിൽ ലെ ഓപ്പണിങ് ഷോട്ടിനോട് കിടനിൽക്കുന്ന ഒരു ബ്രില്യന്റ് ഷോട്ട്..!!


രാഘവേട്ടന്റെ "സന്ദേശം"

"എന്‍റെ ടീച്ചറെ.. കുട്ട്യോള് ണ്ടാവാന്‍ നമ്മള്‍ എന്തൊക്കെ ചെയ്തു.. കുന്നികുരോണ്ട് തുലാഭാരം നടത്തി, ഉരുളി കമഴ്ത്തി.. അങ്ങനെ നമ്മുടെ പ്രാര്‍ഥന കൂടികൂടി വന്നപോ ദൈവം ടീച്ചര്‍ക്ക് കൊറേ വികൃതിപിള്ളേരെ അങ്ങട് തന്നു..ഒക്കെ സ്കൂളിലാണെന്ന് മാത്രം.."

സന്താനഭാഗ്യം ഇല്ലാത്തതിനാല്‍  ഉള്ളില്‍ ഇത്തിരി സങ്കടം ഉണ്ടെങ്കിലും സ്വതവേ അച്യുതന്‍ നായര്‍ സരസനാണ്. ഒരു വിങ്ങിപൊട്ടലിന്റെ വക്കില്‍ എത്തിയ ടീച്ചറെ എത്ര സ്‌നിഗ്‌ദ്ധമായാണ് അച്യുതന്‍ നായര്‍ ആശ്വസിപ്പിക്കുന്നത്. രാഘവേട്ടന്‍ വരുന്ന ദിവസം കോഴിയെ ഓടിച്ചിട്ട്‌  പിടിക്കാനും കുളത്തില്‍ ചാടാനും തക്ക പ്രായത്തെ തോല്‍പ്പിക്കുന്ന ഊര്‍ജസ്വലനാണ് അച്ചു അമ്മാവന്‍. എന്ത്  കാര്യം  ഏല്‍പ്പിച്ചാലും  "ഇപ്പൊ ശെരിയാക്കിത്തരം"  എന്ന ലൈനില്‍ പ്രസാദാത്മകമായ പുഞ്ചിരിയോടെ വളരെയധികം പോസിറ്റീവ് കാഴ്ചപാടുള്ള കഥാപാത്രം. കുട്ട്യോള് ഇലാത്തതിനാല്‍ രാഘവേട്ടന്റെ മക്കളെ അയാള്‍ക്ക്  ജീവനാണ്. കോട്ടപള്ളി പ്രഭാകരന്‍റെ കയ്യിലിരിപ്പ് ഏറെകുറെ അറിഞ്ഞിട്ടും അച്ചു മാമ മുന്‍കൈ എടുത്താണ് പെണ്ണ് കാണാന്‍ കൊണ്ടുപോകുന്നത്. മണ്ണുദയഭാനു എന്ന "മാണിക്യ"ത്തെ  രാഘവേട്ടന് പരിചയപെടുത്തികൊടുത്ത അച്യുതന്‍ നായരുടെ ക്യാരക്റ്റര്‍ സ്നേഹനിധിയായ സുഹൃത്ത്, അനിയന്‍, ഭര്‍ത്താവ് എന്നീ സമാന സ്ഥാനങ്ങളിലൂടെ കടന്നു പോവുന്നുണ്ട്.

സന്ദേശം  സിനിമയുടെ  രാഷ്ട്രീയ - അരാഷ്ട്രീയ ആംഗിള്‍ മാറ്റി വച്ചാല്‍ മക്കള്‍ ഉണ്ടായിട്ടും അവര്‍ വഴിപിഴച്ചു പോയ രാഘവേട്ടന്റെ അവസ്ഥയോട്‌ പ്രേക്ഷകന് താദാത്മ്യം ചെയ്യാന്‍ ആണ് contrast ആയി മക്കള്‍ ഇല്ലാത്ത അച്യുതന്‍ നായരുടെ ക്യാരക്റ്റര്‍ സമാന്തരമായി അനുക്രമമായി ഡവലപ്പ് ചെയ്തിരിക്കുന്നത്. ഒന്നിനുംകൊള്ളാത്ത മക്കളെക്കാള്‍ ഭേദം അങ്ങനെ ഉണ്ടാവാതിരിക്കുന്നതാ എന്ന് രാഘവേട്ടന്‍ അച്ചുവിനോട് പറയുന്ന രംഗം ആണ് അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥ.. പലപ്പോഴും ഒരു സഹായി/വലംകൈ എന്ന നിലയില്‍ നിന്നൊക്കെ മാറി രാഘവേട്ടനും കുടുംബത്തിനും ഒരു താങ്ങും വഴികാട്ടിയുമാണ് അച്യുതന്‍ നായര്‍.


Wednesday, December 14, 2016

പഞ്ചാബും ബോളിവുഡും

മഞ്ഞകടൽ പോലെ പരന്ന കടുക് പാടത്തിന്റെ (ഹിന്ദിയിൽ sarson ke kheth എന്നറിയപ്പെടുന്ന) നടുവിൽ നിൽക്കുന്ന രാജിനെ പുൽകാൻ ഓടുന്ന സിമ്രാൻ. ബോളിവുഡ് നെ ഒരുപക്ഷെ ഒറ്റയടിക്ക് പുറംനാടുകളിലും ഇന്ത്യയുടെ മറ്റു ഇൻഡസ്ട്രികളിലും അതിന്റെ സർവ ഗരിമയോടും കൂടി identify ചെയ്യാൻ പറ്റിയ ഫ്രേം ആണിത്.

മലയാള സിനിമ നിളയെ ഉപയോഗിച്ചത് പോലെ ആവാം അല്ലെങ്കിൽ അതിലും എത്രയോ മേലെ പഞ്ചാബിനെ - അതിന്റെ ചടുലതയെ ഊർജ്ജത്തെ പ്രസരിപ്പിനെ ഒക്കെ സ്ഥാപനവത്ക്കരിക്കാൻ ഒരുപക്ഷെ ബോളിവുഡിൽ കാണുന്ന ഒന്നാണ് പ്രത്യേകിച്ച് യാഷ് രാജ് സിനിമകളിൽ mustard plants പൂത്തുലഞ്ഞു നിൽക്കുന്ന പാടങ്ങൾ. കണ്ണ് മഞ്ഞളിപ്പിക്കുന്ന ഈ ലോഹവർണ്ണത്തിന് ഹിന്ദി സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലും പങ്കുണ്ട്. ഏറെക്കുറെ ഗ്ലോറിഫൈ ചെയ്ത പഞ്ചാബിൻ ധാരാളിത്തതിന് ഉത്തരേന്ത്യൻ പൊതുബോധത്തിൽ വളരെ ഉയരെയാണ് സ്ഥാനം.

ബി ആർ ചോപ്ര മുതൽ സിദ്ധാർഥ് റോയ് കപൂർ വരെ എത്തി നിൽക്കുന്ന പഞ്ചാബി clans ബോളിവുഡിനെ എല്ലാക്കാലത്തും അടക്കിഭരിച്ചു എന്ന് തന്നെ നിരീക്ഷേണ്ടിവരും. പാട്ടും bhagra യും ദൃഢഗാത്രരും ഗോതമ്പിൻ നിറമുള്ള നായൻകന്മാരും അതിസുന്ദരികളായ ചുരിദാർ / പട്യാല ധരിച്ച നായികമാരും ഇന്ത്യൻ യുവത്വത്തിനെ കുറച്ചൊന്നുമല്ല പ്രചോദിപ്പിച്ചത്. രാജ്യസ്നേഹം, ആട്ടം പാട്ടും, ക്രോസ്സ് ബോർഡർ പ്രണയം, ഫാമിലി ഫങ്ഷൻ, തീവ്രവാദം, സർദാർജി ജോക്ക്സ്, സീനിക് ബ്യുട്ടി അങ്ങനെ ബോളിവുഡ് മസാല ചേരുവകളെലാം കിട്ടുന്ന "ലുലു മാൾ" ആണ് പഞ്ചാബ്.

ഹരിതാഭ കൊണ്ടും വർണ്ണരാജികൾ കൊണ്ടും machoism കൊണ്ടും ബോളിവുഡിന് അതിന്റെ ശീലുകൾക്ക് ഏറ്റവും വഴങ്ങുന്ന ഒന്നാണ് പഞ്ചാബ് സംസ്ക്കാരം. ക്യാമറക്ക് മുന്നിലും പിന്നിലും ധാരാളം ബെംഗാളികളും മാറാട്ടികളും ഹിന്ദി സിനിമയുടെ അങ്കണത്തിൽ ഉണ്ടെങ്കിലും കഥയിലും കഥാസന്ദര്ഭങ്ങളിലും ബോളിവുഡിന് ആശ്ലേഷിക്കാൻ പഞ്ചാബ് ആയിരുന്നു മുന്നിൽ. ബംഗാളിന്റെ സര്ഗാത്മകതയോ അല്ലെങ്കിൽ ബീഹാറിന്റെ ഇല്ലായ്മകളോ മറാട്ടയുടെ വന്യതയോ ഒന്നും ബോളിവുഡിന്റെ ഉത്സവാഘോഷങ്ങൾക്ക് നീതി കൊടുത്തതിരുന്നില്ല. ഹിന്ദി സിനിമക്ക് അതിന്റെ ധാരാളിത്തവും കെട്ടുമേളങ്ങളും കാണിക്കാൻ പഞ്ചാബിന്റെ ആ കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ കടുക് പാടങ്ങൾ തന്നെ വേണമായിരുന്നു. കെട്ടിലോ മട്ടിലോ ദ്രാവിഡതയുടെ അംശം ലവലേശമില്ലാത്തതും ആ പഞ്ചാബിനായിരുന്നു.

ചോപ്രമാരും കപൂർമാരും ഡിയോളുകളും ആനന്ദമാരും വാർത്തെടുത്ത ബോളിവുഡ് സ്വയം അതിന്റെ വർണ്ണാഭക്ക് വേണ്ടി adopt ചെയ്യുക ആയിരുന്നു പഞ്ചാബിനെ. പാട്ടിലൂടെയും ഡാൻസിലൂടെയും നമ്മൾ ശീലിച്ച പഞ്ചാബിയൻ സംസ്കാരവും glorified ആണെന്ന് മനസ്സിലാക്കാൻ ഉടത്താ പഞ്ചാബ് വരെ കാത്തതിരിക്കേണ്ടി വന്നു. ഡാർക് സിനിമകളുടെ തലതൊട്ടപ്പനായ അനുരാഗ് കശ്യപിന് പോലും ദേവ് ഡി യിൽ (പോസ്റ്റിലെ ഫോട്ടോയിലെ മാഹി ഗിൽ) നേരത്തെ പറഞ്ഞ ചില സീനുകളിൽ എങ്കിലും പഞ്ചാബി റൊമാന്റിസൈസ് നടത്തേണ്ടി വന്നു എന്നത് കൂടി നോക്കിയാൽ മനസ്സിലാകും ആ സാംസ്കാരിക ആധിപത്യം.


Wednesday, July 6, 2016

ലക്ഷ്യ - ടൈറ്റില്‍ വിശേഷം..

ലക്ഷ്യ സിനിമയുടെ ടൈറ്റില്‍ എഴുതിയ രീതി ശ്രദ്ധിച്ചിട്ടുണ്ടോ?. ഒറ്റനോട്ടത്തില്‍ ഒന്നും തോന്നില്ലെങ്കിലും എന്‍റെ എളിയ നിരീക്ഷണത്തില്‍ അത് സിനിമയുടെ മൊത്തം തീമിനെ ബ്രില്യന്റ് ആയി സന്നിവേശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹൃതിക്കിന്റെ കരന്‍ എന്ന കഥാപാത്രത്തിന്റെ കാഴ്ചപാടിനെ. വ്യക്തമാക്കാന്‍ ശ്രമിക്കാം.

മടിയനും ലക്ഷ്യബോധമില്ലാത്തവനും ആയ യുവാവ് എങ്ങനെ അത് മറികടന്നു എന്ന ഒറ്റവരിയില്‍ അലക്ഷ്യമായി പറയാവുന്ന സിനിമയല്ല ഫര്ഹാനന്‍ അക്തറിന്‍റെ “ലക്ഷ്യ”. ടൈറ്റില്‍ എഴുതാന്‍ ഉപയോഗിച്ച ഫോണ്ട് തന്നെ സിമ്പോളിക്ക് ആണ്. L എന്ന നേര്ത്ത് മെലിഞ്ഞ അക്ഷരങ്ങളില്‍ തുടങ്ങി അവസാനം A ആവുമ്പോഴേക്കും സൈസ് കൂടിയ ബ്ലോക്ക് ലെറ്റര്‍ ആയി മാറുന്നു. വളര്ച്ചയുടെ പരിണാമം. ഇവിടെ വളര്ച്ച എന്ന് പറയുമ്പോള്‍ ലക്ഷ്യത്തിലേക്കുള്ള പാത ആണ്. ജീവിതത്തെ കുറിച്ചുള്ള തന്‍റെ മങ്ങിയ അലസമായ കാഴ്ചപാടില്‍ നിന്ന് വീഴ്ചകളിലൂടെയും കഠിന പ്രയത്നത്തിലൂടെയും തന്‍റെ "ലക്‌ഷ്യം" അവസാനം തെളിയുന്ന (ബോള്‍ഡ് ആവുന്ന ഫോണ്ടുകള്‍ ശ്രദ്ധിക്കുക) അവസ്ഥയെ മനോഹരമായി സിമ്പലൈസ് ചെയ്തിരിക്കുകയാണ് ടൈറ്റില്‍ ഫോണ്ടിലൂടെ.

ആദ്യം യാതൊരു ജീവിതോദ്ധേശവും ഇല്ലാത്ത അവസ്ഥ. ജീവിതം തന്നെ ലൈറ്റ് ആയി എടുക്കുന്ന ഏതൊരു ഇരുപതുകാരന്റെയും അവസ്ഥ. ലക്ഷ്യമില്ലാത്ത ഈ സ്ഥിതിയില്‍ നിന്ന് എന്താവണം എന്ന സുഹൃത്തുകളുടെയും വീട്ടുകാരുടെയും ഉപദേശങ്ങളിലൂടെ കണ്ഫ്യൂഷന്‍ ഉടലെടുക്കുന്നു. അങ്ങനെ പല തലങ്ങളിലൂടെയും പോയി സ്വയം സ്പുടം ചെയ്തെടുത്ത് വ്യക്തമായ ലക്‌ഷ്യം ജീവിതത്തില്‍ വരുന്നു. അവസാനം വരുന്ന ഒരു രംഗം ആണ് ഇതിന്റെ പരിസമാപ്തി. സൈനികനായി ഓപെറേഷന്‍ വിജയന്റെറ ഭാഗമായി രോമിള എന്ന പ്രീതി സിന്റനയുടെ കഥാപാത്രത്തിന് ഉത്തരം കൊടുക്കുന്ന സീന്‍. ഒരു കൊടുമുടി ചൂണ്ടി കാണിച്ചു എന്റെ ജീവിതത്തിലെ “ലക്‌ഷ്യം” ഇപ്പോള്‍ അതാണ്‌ എന്ന് പറയുന്ന രംഗം. ടൈഗര്‍ ഹില്ലസ് എന്നോ മറ്റോ ഒരു തന്ത്രപ്രധാന കൊടുമുടിയെ പാക്ക് ആര്മിെയില്‍ നിന്ന് തിരിച്ചെടുക്കാന്‍ ഉള്ള ദൌത്യത്തില്‍ ആണ് കരന്‍. അവസാനം “ലക്‌ഷ്യം” തിരിച്ചറിയുന്ന അവസ്ഥ. സിനിമയുടെ ഈ അകകാമ്പ് ആണ് ടൈറ്റിലിലൂടെ തെളിയുന്നത്.



Sunday, May 29, 2016

മോബ്സ്റ്റര്‍ "ആരാധന".. ചില സമാനതകള്‍..

Calogero "C" Annello- "Whenever I saw Sonny I imitated him, but still he would never look at me." (A bronx Tale)

Henry Hill - "Jimmy was the kind of guy who rooted for the bad guys in the movies." (Goodfellas)

അമ്പതുകളിലും അറുപതുകളിലും ഓര്‍ഗനൈസ്ട് മാഫിയകളുടെ കഥ പറഞ്ഞ ക്രയിം ഡ്രാമ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന രണ്ടു സിനിമകള്‍ ആണ്. കൌമാരത്തില്‍ തന്നെ ലോക്കല്‍ മാഫിയ ഗ്രൂപ്പില്‍ എത്തിപെട്ട ഹെന്റി ഹില്‍ എന്ന മോബ്സ്ട്ടരുടെ ഉയര്‍ച്ചയും താഴ്ചയും പറഞ്ഞ ഗുഡ്ഫെല്ലാസ് വളരെയധികം ചര്‍ച്ച ചെയ്യപെട്ടതും ആണ്. താരതമ്യേന അണ്ടര്‍ ഡിസ്ക്കസ്ട് ആയ സാക്ഷാല്‍ റോബര്‍ട്ട്‌ ഡി നീറോ ആദ്യമായി സംവിധാനം ചെയ്ത ബ്രോങ്ക്സ് ടെയില്‍ ക്രയിം ഡ്രാമയില്‍ പ്രണയവും, പിതൃ പുത്ര ബന്ധവും ഒക്കെ മനോഹരമായി സന്നിവേശിപ്പിച്ച മികച്ച ഒരു സിനിമ ആണ്.

ഗാംങ്ങ്സ്റ്റര്‍ ആയ സോണിയും ജിമ്മിയും രണ്ടു പേരെയും(ഹെന്രിയെയും "സി"യെയും ) ഒരു ഘട്ടത്തില്‍ തങ്ങളുടെ കൂടെ കൂട്ടുകയും വാത്സല്യം നല്‍കുന്ന കാഴ്ചകളും കാണാം. ഗുഡ്ഫെല്ലാസിലെ ബന്ധം വെറും പണവും അപ്രമാദിതവും നേടാനായിരുന്നെകില്‍ ബ്രോങ്ക്സ് ടെയില്‍ കുറച്ചും കൂടി ദൃഡമായ ബന്ധം ആണ്. ഫാതര്‍ ഫിഗര്‍ എന്ന് തന്നെ പറയാവുന്ന ലെവലിലേക്ക് പിന്നീട് സോണിയും സി യും അടുക്കുന്നു. സി യുടെ അച്ഛനായ ലോറെന്‍സോ (ഡി നീറോ)യുമായി ഈ പേരില്‍ സോണിയുമായി നിരന്തരം സ്പര്‍ദ്ധ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഗുഡ്ഫെല്ലാസില്‍ “As far back as I can remember, I always wanted to be a gangster" എന്ന ലൈന്‍ ആയിരുന്നു ഹെന്റി. അതായത് ഒരു പക്കാ ഇറ്റാലിയന്‍ neighborhood ല്‍ വളര്‍ന്ന ഹെന്റി ജിമ്മിയെ കണ്ടുമുട്ടിയില്ലെങ്കില്‍ മറ്റൊരാളുമായി അടുത്തെനെ . ഹെന്റി ഏതുവിധവും മോബ്സ്റ്റര്‍ ആവുമായിരുന്നു. അത്രക്ക് അഭിരമിച്ചിരുന്നു അയാള്‍ ആ ജീവിതരീതിയെ. ഹെന്രിയെ വച്ച് നോക്കുമ്പോള്‍ "സി" ചെറുപ്പമാണ്. പക്ഷെ അത്ഭുതകരമായി സോണി "സി" യെ തെരുവുയുദ്ധങ്ങളിലെക്ക് കൊണ്ടുവരാതെ പഠിക്കാനും നല്ല ആത്മവിശ്വാസത്തോടെ വളരാനും ആണ് ഉപദേശിക്കുന്നത്. "സി" എങ്ങനെ നല്ല പെണ്ണിനെ തിരഞ്ഞെടുക്കണം എന്ന് വരെ സോണി ഉപദേശിക്കുന്നുണ്ട്. വളരെ രസകരവും ടചിങ്ങും ആണ് ആ സീന്‍. ഇവര്‍ രണ്ടു പേരും തമ്മിലുള്ള ബന്ധം ആണ് ബ്രോങ്ക്സ് ടെയില്‍ എന്ന സിനിമയുടെ ഏറ്റവും പ്രത്യേകത.

മുകളില്‍ പരാമര്‍ശിച്ച രണ്ടു സംഭാഷണങ്ങള്‍ ശ്രദ്ധിക്കുക. ഒരു ബാലന്‍റെ / യുവാവിന്‍റെ ലോക്കല്‍ മാഫിയ ബോസ്സിനോടുള്ള ആരാധനയാണ് രണ്ടും. ആ ഒരു സന്ദര്‍ഭത്തില്‍ നല്ല സാമ്യത ഉണ്ട് രണ്ടു സിനിമകള്‍ക്കും. പണവും അധികാരവും അനുയായികളും കൈക്കരുത്തും ഉള്ള ഇവര്‍ സിനിമാതാരങ്ങലെക്കാള്‍ ഹെന്റിക്കും "സി" എന്ന് വിളിക്കുന്ന കലോഗേരോക്കും പ്രിയപെട്ടവര്‍ ആണ്. മാഫിയ കൊടുമ്പിരികൊണ്ട അന്നത്തെക്കാലത്ത് ഒരുപക്ഷെ ഇത്തരം "ആരാധന" സാധാരണമായിരിക്കാം. ഗുഡ്ഫെല്ലാസ് എല്ലാവരും കണ്ടിരിക്കും എന്നറിയാം. ഏ ബ്രോങ്ക്സ് ടെയില്‍ കാണാത്തവര്‍ കാണുക.



Sunday, May 22, 2016

പാരാനോര്‍മല്‍ റൊമാന്‍സ് സിനിമയില്‍..

പണ്ട് വായിച്ച ഓര്‍മയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രമതിലിലെ ഒരു യക്ഷിയുടെ കഥ പറയുന്നുണ്ട്. മതിലില്‍ വരച്ച യക്ഷിയുടെ ചിത്രത്തിന് സമീപം ചെന്ന് "ഇന്ന് രാത്രി എന്‍റെ കൂടെ വരണം" എന്ന് പറഞ്ഞാല്‍ രാത്രി കൂടെ ശയിക്കാന്‍ വരുന്ന യക്ഷി. അമാനുഷികമായ ആ "രതി" താങ്ങാന്‍ പറ്റാതെ പലരും മരിച്ചു പോയെന്നും ഒരു നമ്പൂരി അതിനെ അതിജീവിച്ചു പിന്നീട് യക്ഷിയുമായി പ്രണയത്തിലായി അവസാനം വേളി കഴിച്ചു "അകത്തുള്ളോള്‍" ആക്കി കുടിയിരുത്തേണ്ടി വന്ന കഥ. ഇതാണ് Paranormal Romance. അതായത് മനുഷ്യനും മനുഷ്യനല്ലാത്ത പ്രേതമോ യക്ഷിയോ സൂപര്‍നാച്ചരല്ലോ ആയ മറ്റു celestial ബോഡീസുമായുള്ള പ്രണയബന്ധം. 

ഫാന്ടസിയുടെ ഭാഗമായുള്ള ഈ കണ്‍സപ്റ്റ് Supernatural Romance എന്നൊക്കെ അറിയപെടുന്നുണ്ട്. Twilight സീരീസ് വന്നതിന് ശേഷം ആണിതിന് ആഗോളപ്രശസ്തി കൈ വന്നതെങ്കിലും നോവലുകളായും സിനിമകള്‍ ആയും പണ്ട് മുതല്‍ക്കേ ഉണ്ട്. പ്രത്യേകിച്ച് teen സെക്ഷനില്‍ ധാരാളം കഥകളും നോവലുകളും ഈ വിഭാഗത്തില്‍ ഉണ്ടെന്നു ഒരു സെര്‍ച്ചില്‍ മനസ്സിലായി. പ്രത്യേകം നോട്ട് ചെയ്യേണ്ട കാര്യം - പ്രേമിക്കുന്ന രണ്ടു കൂട്ടര്‍ക്കും "സ്വതം" ബോദ്ധ്യമാവണം. എന്നുവച്ചാല്‍ യക്ഷിയുടെ ബാധ കേറിയ പെണ്ണിനെ പ്രേമിക്കുന്ന വിനയന്‍ രീതി അല്ല എന്ന് വ്യക്തം. പങ്കാളി മനുഷ്യനല്ല എന്നുള്ള ഉത്തമ ബോധം ഉള്ള പ്രണയം. Hellboy, Wings Of Desire, Let The Right One in, Twilight മുതലായ സിനിമകളുടെ പ്രണയ തലങ്ങളെ ഈ കണ്‍സപ്റ്റ് പ്രകാരം കാണാം.

 മലയാളത്തില്‍ ശെരിക്കും ഈ ഒരു അപ്പ്രോച് കണ്ടത് "ഞാന്‍ ഗന്ധര്‍വന്‍" സിനിമയില്‍ ആണ്. രാജസേനന്‍റെ "മേഘസന്ദേശം" സിനിമയിലും പാരാനോര്‍മല്‍ റൊമാന്‍സ് കാണാന്‍ കഴിയുന്നുണ്ട്. പഴയ മിത്തുകളും കഥകളും ഐതീഹ്യമാലയിലെയും കഥകളും എല്ലാം ഇത്തരത്തില്‍ പൊടിപ്പും തൊങ്ങലും വച്ച് യക്ഷിയായും പ്രേതമായുള്ള പ്രണയം കണ്ടിട്ടുണ്ട്. ചിലതില്‍ അതിന്‍റെ കടന്ന കൈയായ പാരാനോര്‍മല്‍ സെക്സിലേക്കും കാര്യങ്ങള്‍ വരുന്നുണ്ട്. ശ്രീകൃഷ്ണപരുന്ത് സിനിമയിലും ഒരു യക്ഷി കുമാരനെ പ്രേമിക്കുന്നതായും ചില നേരങ്ങളില്‍ വേഴ്ച നടത്തുന്നതായും കാണിക്കുന്നുണ്ട്. കലിക സിനിമയിലും ഇതിന്‍റെ ചെറിയ ഒരു അംശം ഉണ്ട്. പക്ഷെ നോവലിലെ പോലെ ഡീറ്റയില്‍ ആയി കണ്ടില്ല എന്നാണ് ഓര്‍മ. വിസ്മയത്തുമ്പത്ത് ഈ ഗണത്തില്‍ പെടുത്താമോ എന്ന് എനിക്ക് ഇപ്പോഴും കണ്ഫ്യൂഷന്‍ ഉണ്ട്. ഇത്തരത്തില്‍ പ്രമേയം വരുന്ന സിനിമകളെ പറ്റി അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

സാറയും റിപ്പ്ലിയും - യഥാര്‍ത്ഥ ആക്ഷന്‍ ഹീറോയിന്‍സ്...

ഇവര്‍ ചാര്‍ളീസ് ഏഞ്ചെല്‍സ് പോലെ രതിബിംബങ്ങള്‍ ആല്ല. ലാറാ ക്രോഫ്റ്റ്ന്‍റെ ചടുലതയും ആയോധനമികവും ഇല്ല. ബിയാട്രിക്സ്‌ കിഡോ പോലെ രജനികാന്തിസം ഇല്ല. എല്ലെന്‍ റിപ്പ്ലിയും സാറ കോണറും. മണ്ണില്‍ ചവുട്ടി നിന്ന്കൊണ്ട് പതുക്കെ ജീവിതവും ആത്മവിശ്വാസം വീണ്ടെടുത്തവര്‍. സാഹചര്യങ്ങള്‍ മൂലം ദൃഢമായ മനസ്സും ശരീരവും നേടിയവര്‍. മാതൃത്വം കൊണ്ട് അനുഗ്രഹിക്കപെട്ട ഹോളിവുഡിലെ യഥാര്‍ത്ഥ "ആക്ഷന്‍ നായികമാര്‍". പല നിരൂപകരും ഫെമിസ്നിസ്റ്റ് എന്ന് ചിലപ്പോള്‍ മുദ്രകുത്തപെട്ട മികച്ച രണ്ട് ക്യാരക്ട്ടരുകള്‍. വിശേഷാല്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ കരുത്താര്‍ജിച്ച "ബാഡ്ആസ്" വനിതകള്‍. സൂപര്‍ഹീറോയിനസ് അല്ലാതെ തന്നെ കൊണ്ടും കൊടുത്തും തളര്‍ന്നും മുറിവേറ്റും തരിച്ചു വരുന്ന പ്രത്യേകിച്ച് ഒരു crisis വരുമ്പോള്‍ പാര്‍ട്രിയാര്‍ക്കിയല്‍ വ്യവസ്ഥിതിയില്‍ പോലും കാര്യങ്ങള്‍ മടികൂടാതെ കൈകളിലേക്ക് ഏറ്റെടുത്ത് നേതൃത്വം നല്‍കുന്നവര്‍.
സാറ കോണര്‍ ആദ്യത്തെ ടെര്‍മിനെട്ടര്‍ സിനിമയില്‍ ഒരു "damsel in distress" വിഭാഗത്തില്‍ വരുമെങ്കിലും സിനിമയുടെ അവസാനത്തോടെയും രണ്ടാം ഭാഗത്തും തികച്ചും വ്യത്യസ്തയായ കരുത്തയായ സ്ത്രീ ആവുകയാണ്. മകനെയും മനുഷ്യരാശിയും രക്ഷിക്കാന്‍ ഏതു അറ്റം വരെയും പോകാന്‍ സാധ്യതയുള്ള ഒരു സൈക്കോ എന്ന് പോലും വിളിക്കാവുന്ന പ്രവച്ചനാതീതയായ കഥാപാത്രം. ജഡ്ജ്മെന്‍റ് ഡേയില്‍ അവരുടെ ഇന്ട്രോ പോലും "ചിന്‍ അപ്" എടുത്തു കൊണ്ടാണ് കാണിക്കുന്നത്. ഇനി ആര്‍ക്കും തളര്‍ത്താന്‍ പറ്റാത്ത എന്തോ മനസ്സില്‍ കരുതികൂട്ടി ഇരിക്കുന്ന ഭ്രാന്താശുപത്രിയില്‍ ചികത്സയില്‍ കഴിയുന്നവര്‍. ആരുടേയും ആശ്രിതയല്ലാതെ ആരുടേയും സഹായമില്ലാതെ പുല്ല് പോലെ അവിടെ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന സാറാ ഒരു പുത്തന്‍ അനുഭവമാണ്. ഫസ്റ്റ് പാര്‍ട്ടില്‍ നഗ്നതയും സെക്സില്‍ എര്‍പെടുന്നതും മറ്റും കാണിക്കുന്നുണ്ടെങ്കിലും അവിടെ സാറ fragile ആയതിനാല്‍ അത് സാധൂകരിക്കുന്നുണ്ട്.
എല്ലെന്‍ റിപ്പ്ലിയും അമ്മയാണ്. രണ്ടാം ഭാഗത്തില്‍ ഹൈപര്‍ സ്ലീപ്‌ന് വിധേയയായി മകളെ നഷ്ട്ടപെട്ടുഎന്നറിയുന്നുണ്ടെങ്കിലും പിന്നീട് Newt എന്ന ബാലികയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്ന ഒരുപക്ഷെ "അമ്മയായി" തന്നെ മാറുന്ന റിപ്പ്ലിയെയായാണ്‌ നമ്മള്‍ കാണുന്നത്. മറ്റുള്ളവരെ ഏലിയന്‍സ്നെക്കുറിച്ച് warn ചെയ്യുന്ന റിപ്പ്ലി സ്വയം ഭീകരസത്ത്വങ്ങളുമായി മുഖാമുഖം ചെയ്യേണ്ടിവരുന്ന അവസ്ഥയില്‍ പോലും കൂള്‍ ആണ്. ആദ്യ ഭാഗത്ത് പുരുഷന്മാര്‍ ഒക്കെ മരിച്ചു വീണിട്ടും lone survivor ആവുന്ന റിപ്പ്ലി എന്ന സ്ത്രീയെ വച്ച് അന്നത്തെ കാലത്ത് ഒരു സിനിമ ഇറക്കാന്‍ ധൈര്യം കാണിച്ച സ്റ്റുഡിയോയെ സമ്മതിക്കണം. സ്കൈ ഫൈ പോലെ പുരുഷമേധാവിത്വം ഉള്ള/വേണ്ട ഒരു ഴോനാര്‍ ഇത്തരത്തില്‍ എത്തിച്ച സംവിധായകന് (Ridley scott) വന്ദനം.
എന്നാല്‍ രണ്ടാം ഭാഗത്തില്‍ മാറിയ പരിതസ്ഥിതിയില്‍ അവര്‍ male gaze ന് ഇരയാവുന്നില്ല. ക്യാമറയും സംവിധായകനും ഇവരെ രണ്ടു പേരെയും objectify ചെയ്യുന്നില്ല എന്നുള്ളത് വലിയ ആശ്വാസമാണ്. cryogenic chamber ല്‍ കേറാന്‍ സ്ട്രിപ് ചെയ്യുന്ന റിപ്പ്ലിയും ഒരു ഹോസ്പിറ്റല്‍ ഗാര്‍ഡ് കാമാസക്തിയോടെ മുഖത്ത് നക്കുന്ന അവസ്ഥ അഭിമുഖീകരിക്കുന്ന സാറയും ശെരിക്കും സെക്ഷ്വല്‍ ഒബ്ജെക്റ്റ് ആവുന്നില്ല മറിച്ച് ഏതു അവസ്ഥയിലും നിലനിന്ന് പൊരുതുന്ന സ്ത്രീത്വങ്ങള്‍ക്ക് ഉടമകള്‍ ആവുകയാണ്. രണ്ടാം ഭാഗം രണ്ടു സിനിമകളും ജെയിംസ് കാമാരോണ്‍ സംവിധാനം ചെയ്തതാണ് എന്ന് കൂടി വരുമ്പോള്‍ അയാളെ പ്രശംസിക്കാതെ തരമില്ല. guns and babes എന്നറിയപെടുന്ന എക്ഷ്പ്ലൊയിട്ടെശന്‍ സിനിമകളുടെ നിലവാരത്തില്‍ ഉള്ള ധാരാളം നഗനതയും രതിയും ചേരുന്ന സ്റ്റീരിയോടൈപ്പ് പെണ് "ജാക്കിച്ചാന്‍" മാരല്ല യഥാര്‍ത്ഥ ആക്ഷന്‍ നായികമാര്‍ എന്ന് വീണ്ടും തെളിയിക്കുകയാണ് ഇന്നും സാറ കോണറും എല്ലെന്‍ റിപ്പ്ലിയും.

whydunnit - എന്തിന് ചെയ്തു?

whydunnit എന്നാല്‍ ഒരു ക്രയിം ചെയ്ത ആളെക്കാള്‍ അല്ലെങ്കില്‍ മരിച്ച / കൊന്ന ആളുടെ വ്യക്തിത്വത്തെക്കാള്‍ അത് ചെയ്യാന്‍ ഉള്ള "കാരണം" പ്ലോട്ടില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന സിനിമകള്‍ ആണ്. ഇത്തരം സിനിമകള്‍ പക്ഷെ ലോകസിനിമയില്‍ തന്നെ വിരളമാണ് എങ്കിലും whodunnit - whydunnit ശൈലികള്‍ ഓവര്‍ലാപ് ചെയ്ത് പോകുന്ന ധാരാളം സിനിമകള്‍ ഉണ്ട്. ഒരു ഘട്ടത്തില്‍ അത് "ആര്" എന്നതിനേക്കാള്‍ "എന്തിന്" പ്രാധാന്യം കൊടുക്കുന്നുണ്ട്. ഉദാഹരണങ്ങള്‍ പറയുക ആണെങ്കില്‍ ചൈനടൌണ്‍, ഐ റോബോട്ട്, പൊളിറ്റിക്കല്‍ ത്രില്ലറുകള്‍ ആയ JFK , All the President's Men, LA Confidential ഒക്കെ whydunnit ന് പ്രാമുഖ്യം കൊടുക്കുന്നുണ്ട്.

 ഹിച്ച്കോക്കിന്റെ റിയര്‍വിന്‍ഡോ ഈ ഒരു അപ്പ്രോചിന്റെ ക്ലാസ്സിക്ക് ഘടന എന്ന് വേണമെങ്കില്‍ വിലയിരുത്താം. പ്രധാനമായും "ആത്മഹത്യ" വരുന്ന പ്ലോട്ടുകളില്‍ ആണ് ഈ സങ്കേതം കാര്യപ്രാപ്തമായി ഉപയോഗപെടുത്താന്‍ കഴിയുക. അല്ലെങ്കില്‍ പലപ്പോഴും കൊലപാതകം ആവുമ്പോള്‍ അതില്‍ whodunnit ന് മേല്‍ക്കോയ്മ വരാന്‍ ചാന്‍സ് ഉണ്ട്. എന്നിരുന്നാലും എഴുത്തുകാരന്‍റെ കഴിവുകൊണ്ട് ഈ പറഞ്ഞ "എന്തിന്" എന്നതിന് വെയിറ്റേജ് കൊടുക്കാന്‍ സാധിക്കും.

 മലയാളത്തില്‍ ഇതിന്‍റെ ക്ലാസിക്ക് ഉദാഹരണം "ഉത്തരം" ആണ്. ടി വി ചന്ദ്രന്‍റെ കഥാവശേഷനിലും ഈ രീതിക്ക് importance കൊടുക്കുന്നുണ്ട്. അടുത്തകാലത്ത് ഇറങ്ങിയ മുംബൈ പോലീസ് അവസാന ഭാഗങ്ങളിലേക്ക് വരുമ്പോഴേക്കും whodunnit ഇല്‍ നിന്ന് whydunnit ആയി മാറുന്നുണ്ട്. ആ ഒരു മാറ്റം കണ്‍വിന്‍സിംഗ് ആയിട്ടും എടുത്തിട്ടുണ്ട്. മുഖം, കരിയിലക്കാറ്റ് പോലെ, ഈ കണ്ണികൂടി ഒക്കെ "ആര്" എന്നതിനും "എന്തിന്" എന്നതിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നതായി അനുഭവപെട്ടിട്ടുണ്ട്. വേറൊരു രീതിയില്‍ ശെരിക്കും ഒരു "whydunnit" ആയി മാറുന്നത് സദയം സിനിമയില്‍ തിലകന്‍റെ അന്വേഷണം ആണ്. അടുത്തകാലത്ത് വന്ന "റെഡ് വൈന്‍" നല്ല രീതിയില്‍ whydunnit അവസരങ്ങള്‍ തുറന്നിടുന്നുണ്ട്. ഇത്തരത്തില്‍ ഉള്ള മലയാളത്തില്‍ വന്ന സിനിമകളെ പറ്റിയും അതിന്‍റെ രീതികളെ പറ്റിയും ഒരു ചര്‍ച്ച ആഗ്രഹിക്കുന്നു.


Friday, May 13, 2016

ടോമിയും ഭീക്കു മാത്രെയും..

രംഗബോധമില്ലാത്ത കോമാളി ആണ് മരണം എന്നറിയപെടുന്നുണ്ടെങ്കില്‍അധോലോകത്തിന്റെ കാര്യത്തില്‍ ആ കോമാളി കര്‍ട്ടന്റെ തൊട്ടു പിന്നില്‍ ആണ് ഉള്ളത് എന്ന് തട്ടില്‍ കളിക്കുന്ന എല്ലാവര്ക്കും അറിയാം. ആകസ്മികമായ പൊടുന്നനെ ഉള്ള ആ വരവ് അതിന്‍റെ പ്രവചനാതീതത, എപ്പോള്‍ വരും എന്നുള്ള ചോദ്യചിഹ്നം- അതാണ്‌ മരണഭയത്തെക്കാള്‍ അവരെ അലട്ടുന്നത്. ഗാങ്ങ്സ്ട്ടര്‍ സിനിമകളുടെ കാര്യത്തില്‍ കഥയും സന്ദര്‍ഭങ്ങളും സിനിമാറ്റിക് ആണെങ്കില്‍കൂടി "മരണം" ചിത്രീകരിക്കുന്നത് അത്തരം ഭീതിതമായ പശ്ചാത്തലങ്ങളെ സാധൂകരിക്കുന്ന രീതിയില്‍ ഒരിക്കലും വിചാരിക്കാത്ത സമയത്ത് "റിയലിസ്റ്റിക്ക്" രീതിയില്‍ ആണെങ്കില്‍ പലപ്പോഴും സിനിമക്ക് ഒരു മുതല്‍കൂട്ട് ആണെന്ന് തോന്നിയിട്ടുണ്ട്.

അങ്ങനെ സിനിമയില്‍ തോന്നിയ രണ്ടു മരണങ്ങള്‍ യഥാക്രമം ഹോളിവുഡിലെയും ബോളിവുഡിലെയും ക്ലാസിക്ക് ഗാങ്ങ്സ്റ്റര്‍ സിനിമകള്‍ എന്നറിയപെടുന്ന ഗുഡ്ഫെല്ലാസിലും സത്യയിലുമാണ്. ജോ പെസ്ക്കിയും മനോജ്‌ ബാജ്പെയിയും അനശ്വരമാക്കിയ ചൂടന്മാരായ വര്ത്തമാനപ്രിയരായ എടുത്തുചാട്ടക്കാരായ രണ്ടു മോബ്സ്ട്ടര്‍മാര്‍. സ്വഭാവത്തിലും പെരുമാറ്റത്തിലും മാത്രമല്ല സിനിമയിലും അവരുടെ മരണം നല്ല സാമ്യം ഉണ്ട്..തികച്ചും unexpected ആണ്.

രണ്ടും ഒരു ചടങ്ങ് നടക്കുന്നതിന്‍റെ ഭാഗമായും. അധോലോക സര്‍ക്കിളുകളില്‍ "മെയിഡ് മാന്‍" ആവാന്‍ അവസരം കിട്ടുന്ന ടോമിയെ രണ്ടു പേര്‍ ചേര്‍ന്ന് ഒരു മുറിയിലേക്ക് കൊണ്ടുവന്ന് പൊടുന്നന്നെ അവരില്‍ ഒരാള്‍ ടോമിയുടെ ശിരസ്സിലെക്ക് നിറയോഴിക്കുന്നു. വെല്‍ ഡ്രസ്സ്ട് ആയി ആ ചടങ്ങിന്‍റെ ഭാഗഭാക്കാവാന്‍ പോവുന്ന ടോമ്മിയെയാണ് ഏകദേശം പത്തുകൊല്ലം മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ പ്രതികാരമായി കൊല്ലുന്നത്. തികച്ചും അപ്രതീക്ഷിതമായാണ് ഈ മരണം സിനിമയില്‍ വരുന്നതും അത് മികവോടെ സ്കൊര്സേസ്സെ ചിത്രീകരിച്ചിരിക്കുന്നതും.

സത്യയിലെ ഭീക്കു മാത്രേ കൊല്ലപെടുന്നത് ദീപാവലി കഴിഞ്ഞുള്ള ഒരു ആഘോഷത്തില്‍ ആണ്. അതും തന്‍റെ ബോസ് ആയ ബഹുവിന്‍റെ കൈകളാല്‍. തന്‍റെ കൂട്ടാളികളോടൊപ്പം ചിരിച്ചും അട്ടഹസിച്ചും മദ്യപിച്ചും സംസാരിക്കുന്നതിന്റെ ഇടക്ക് പൊടുന്നനെ അയാളുടെ രാഷ്ട്രീയക്കാരന്‍ ആയ എക്സ് ഗാങ്ങ്സ്റ്റര്‍ ബവു മദ്യം എടുക്കുന്ന വ്യാജേന തിരിഞ്ഞു നിന്ന് ബീക്കു മാത്രെയുടെ ശിരസ്സിലെക്ക് നിറയോഴിക്കുന്നത്.

ഒരു പക്ഷെ ക്യാരക്ട്ടരിലും സന്ദര്‍ഭത്തിലും സാമ്യം വന്നത് രാം ഗോപാല്‍ വര്‍മ്മ ഗുഡ്ഫെല്ലാസിന് ഒരുക്കിയ ട്രിബ്യൂട്ട് ആവാം.

ശ്രീനിവാസനും ക്യാരക്റ്റര്‍ സ്റ്റഡികളും..

ഫിക്ഷനില്‍ "ക്യാരക്റ്റര്‍ സ്റ്റഡി" എന്ന് പറഞ്ഞാല്‍ കഥാപാത്രത്തിന്റെ "സ്വഭാവം" പ്ലോട്ടിനെക്കാള്‍ പ്രാമുഖ്യം വരുന്ന രീതിയെ സൂചിപ്പിക്കുന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കഥയെ മുന്നോട്ട് നയിക്കുന്ന സംഭവവികാസങ്ങള്‍ക്ക് കഥാപാത്രത്തിന്റെ അടിസ്ഥാന സ്വഭാവവുമായി നല്ലവണ്ണം ബന്ധമുണ്ടാവും. വാശി, ദേഷ്യം, സംശയം, മടി, അസൂയ, അപകര്‍ഷത , ഈഗോ, പേടി, അന്തര്‍മുഖത്വം തുടങ്ങി ഒട്ടനവധി നല്ലതും ചീത്തയുമായ മനുഷ്യന്റെ സ്വഭാവഗുണങ്ങള്‍ ഇത്തരം സിനിമകളില്‍ വളരെ പ്രാധാന്യത്തോടെ പറഞ്ഞിരിക്കും കൂടാതെ ക്യാരക്ട്ടരിന്റെ പൂര്‍ണ "സ്വഭാവം" പ്രേക്ഷകന് പിടികിട്ടും.

Taxi Driver, The Coversation, Sunset Boulevard, Who's Afraid of Virginia Wolf തുടങ്ങിയ ചില ഹോളിവുഡ് സിനിമകള്‍ ഇത്തരത്തില്‍ "സ്വഭാവഗുണങ്ങള്‍" ക്ക് പ്ലോട്ടിനോപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ ഉപരിയോ ആയി പ്രാധാന്യം കൊടുത്ത ചില ഉദാഹരണങ്ങള്‍ ആണ്. മലയാളത്തില്‍ ഇങ്ങനെ ഒരു ഡീറ്റെയിലിംഗ് കഥാപാത്രങ്ങള്‍ക്ക് തന്‍റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ നല്‍കിയിരിക്കുന്നത് ഒരു പക്ഷെ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെയാവും. എലിപത്തായം, കൊടിയേറ്റം, അനന്തരം, വിധേയന്‍ ഒക്കെ ഈ പറഞ്ഞ കാര്യത്തിന് ഊന്നല്‍ കൊടുത്ത സിനിമകള്‍ ആണ്. വ്യക്തിപരമായി അദ്ദേഹത്തിന്‍റെ സിനിമകള്‍ ലോകപ്രശസ്തമാവുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ മലയാളികള്‍ക്ക് വളരെഏറെ പരിചിതനും വാണിജ്യസിനിമകളിലൂടെ തന്‍റേതായ ഇടം കണ്ടെത്തിയ ശ്രീനിവാസന്‍റെ പല തിരകഥകളും മേല്‍പറഞ്ഞ "ക്യാരക്റ്റര്‍ സ്റ്റഡി" എന്ന ഗണത്തില്‍ ചേര്‍ത്താവുന്നത് ആണ്.

സംവിധാനം ചെയ്ത രണ്ടു സിനിമകള്‍ - വടക്കുനോക്കിയന്ത്രവും, ചിന്താവിഷ്ട്ടയായ ശ്യാമളയും യഥാക്രമം പൂര്‍ണ്ണമായും ഭാഗികമായും "ക്യാരക്റ്റര്‍ സ്റ്റഡി" കളാണ്. അപകര്‍ഷതയും പിന്നീടു അത് സംശയരോഗവുമായി മാറുന്നതാണ് തലത്തില്‍ ദിനേശന്റെ ജീവിതത്തിലെ സകല പ്രശ്നങ്ങള്‍ക്കും കാരണം. വിജയനാകട്ടെ തന്‍റെ കര്‍മ്മപദം ബിസ്നെസ്സ് ആണെന്ന് വിശ്വസിച് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്ന ഒരാള്‍. വടക്കുനോക്കിയന്ത്രം ക്യാരക്റ്റര്‍ അത്രയും ഡവലപ്പ് ചെയ്തത് കൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പോലും ഇഷ്ട്ട സിനിമകളില്‍ ഒന്നായി മാറിയത്.

പൊങ്ങച്ചക്കാരനായ ഈഗോ ഇട്ട് മൂന്നു നേരം കുളിക്കുന്ന എല്ലാം പൈസ കൊണ്ട് നേടാമെന്ന് ആഗ്രഹിക്കുന്ന അഴകിയ രാവണനിലെ ശങ്കര്‍ദാസ്, മറ്റുള്ളവരുടെ പളപളപ്പും പുതുമോടിയും പണവും ഉള്ള ജീവിതം കണ്ടു മോഹിച്ച് ഭ്രമിച് obsessed ആയി തന്‍റെ ഭര്‍ത്താവിനെയും കുടുംബത്തെയും അങ്ങനെ ആക്കാന്‍ ശ്രമിച്ച് പരാജയപെടുന്ന തലയിണമന്ത്രത്തിലെ കാഞ്ചന, തികഞ്ഞ സാത്വികനും സല്സ്വഭാവിമായ ചട്ടമ്പികളെയും മറ്റും നേര്‍വഴിക്ക് നടത്താന്‍ തുനിഞ്ഞ് ഇറങ്ങുന്ന ഗോളാന്തരവാര്ത്തയിലെ മുരിങ്ങച്ചുവട്ടില്‍ രമേശന്‍ നായര്‍, താന്‍ പഠിക്കാത്തത് കൊണ്ട് വിദ്ധ്യാസമ്പന്നയും പരിഷ്ക്കാരിയുമായ പെണ്ണിനെ ആഗ്രഹിക്കുന്ന തിരിമുറിവിലെ ശ്രീധരന്‍, അനലൈസ് ദിസ് എന്ന സിനിമയുടെ റിപ്പ് ഓഫ് ആണെങ്കിലും പേടിയും ഉല്‍കണ്ഠയും കാരണം ഒരു തോക്ക് പോലും എടുക്കാന്‍ കഴിയാത്ത ഭാര്‍ഗവന്‍ എന്ന ഡോണ്‍, പരസ്പര വിശ്വാസക്കുറവും ഈഗോയും കൊണ്ടുള്ള സൗഹൃദം ആണ് നാടോടിക്കാറ്റ് സീരീസ് തന്നെ..

അങ്ങനെ ഒരുവിധപെട്ട സിനിമകളില്‍ ഒക്കെ ക്യാരക്റ്റര്‍ ഒരു പ്രത്യേക സ്വഭാവവിശേഷങ്ങള്‍ ഉള്ള ആളായിരിക്കണം എന്ന് ശ്രീനിവാസന് നിര്‍ബന്ധം ഉണ്ടെന്ന് തോന്നുന്നു. ഇതൊക്കെകൊണ്ട് തന്നെയാണ് ശ്രീനിവാസന്‍റെ കഥാപാത്രങ്ങള്‍ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഇപ്പോഴും ചര്‍ച്ചകള്‍ക്ക് തിരിതെളിക്കുന്നത്. പലപ്പോഴും പക്ഷെ പ്രമേയപരിചരണം സറ്റയാരോ ഹ്യൂമാരോ മെസ്സേജ് ഓറിയെന്റട് ആവുന്നതുകൊണ്ട് "ക്യാരക്റ്റര്‍ സ്റ്റഡി" വേണ്ടവിധം ചര്‍ച്ച ചെയ്യപെടാതെ മങ്ങിപോവാറുണ്ട് എന്ന് തോന്നുന്നു.


ബാംഗ്ലൂര്‍ ഡെയ്സിലെ ദാസും റോക്ക് ഓണ്‍ലെ ആദിത്യയും...

ദാസും ആദിത്യ ഷ്രോഫും - ഭൂതകാലത്തിന്റെ തങ്ങളുടെ ബൊഹീമിയന്‍ രീതികളെ ആഘോഷങ്ങളെ പ്രണയങ്ങളെ പാഷനുകളെ മനസ്സിലും മുറിയിലും താഴിട്ട് പൂട്ടി അതില്‍ നിന്നൊക്കെ മാറി ഭാര്യയേയും ദാമ്പത്യത്തെയും പോലും തങ്ങളുടെ ഇപ്പോഴത്തെ ജീവിതരീതിയായ corporate etiquette സ്റ്റയിലില്‍ അപ്പ്രോച് ചെയ്യുന്ന രണ്ടു പേര്‍. അവരുടെ അന്തര്‍മുഖത്വവും ഒന്നിലും പ്രേത്യേകിച് താല്‍പ്പര്യമില്ലായ്മയും ഒഴിഞ്ഞുമാറലും വിമുഖത ഉള്ളതും എല്ലാം അവരുടെ ഭൂതകാലം വേട്ടയാടുന്നത് കൊണ്ടാണ്. ഒരാള്‍ വേഗതയെ പാഷനാക്കി എങ്കില്‍ മറ്റെയാള്‍ സംഗീതത്തെ ഉള്ളില്‍ കൊണ്ട് നടന്നു.

രണ്ടു പേരുടെ ഭാര്യമാരും ഭര്‍ത്താവിന്റെ സമീപനത്തില്‍ അസ്വസ്ഥരാണ്. പാസ്റ്റ് അറിയാനുള്ള വ്യഗ്രതയില്‍ രണ്ടു പേരും മൂടി വച്ച രഹസ്യങ്ങള്‍ ദിവ്യയും സാക്ഷിയും ചികഞ്ഞെടുക്കുന്നു. ഫോട്ടോകള്‍, വിഡിയോകള്‍ , സാധനങ്ങള്‍ അങ്ങനെ പലതും അവര്‍ക്ക് കിട്ടും. ഇങ്ങനെ ഒരു കളര്‍ഫുള്‍ പാസ്റ്റ് ഉണ്ടെന്ന അറിവ്.. ചിരിച്ചു സന്തോഷിക്കുന്ന ഭര്‍ത്താക്കന്മാരുടെ മുഖങ്ങള്‍.. ഭര്‍ത്താവിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് അറിഞ്ഞു ആദ്യം ഷോക്ക് ആകുമെങ്കിലും അതില്‍ നിന്ന് കരകയറി തങ്ങളുടെ പ്രിയതമനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഷ്ട്ടപെടുന്ന ദിവ്യയും സാക്ഷിയും.

Stormriders പിന്നെ majik .. അങ്ങനെ രണ്ടു പേരുകളില്‍ അറിയപെടുന്ന ഗാങ്ങുകള്‍ അവരുടെ പാസ്റ്റില്‍ ഉണ്ട്. രണ്ടു പേരും മാറിയ ജീവിത സാഹചര്യത്തില്‍ investment bankers ആയിട്ടാണ് സിനിമയില്‍ കാണിക്കുന്നത് എന്നാണ് ഓര്‍മ. മെട്രോ നഗരങ്ങളിലെ ഉയര്‍ന്ന ഫ്ലാറ്റുകള്‍ക്കുള്ളിലെ നാല് ചുവരുകള്‍ക്കിടയില്‍ സ്വയം വീര്‍പ്പുമുട്ടി തങ്ങളുടെ ജീവിത പങ്കാളിക്ക് നേരെ മനസ്സുകൊണ്ടും ശരീരം കൊണ്ടും പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് ദാസും ആദിത്യ ഷ്രോഫും. ഭൂതകാലത്ത് രണ്ടു പേരും അതാത് കൂട്ടുകെട്ടുകളിലെ ലീടെര്‍സ്. ഒരര്‍ത്ഥത്തില്‍ റിബലുകള്‍. കോപ്പിയടി എന്ന് പോലും ആരോപിച്ചാല്‍ തെറ്റ് പറയാന്‍ കഴിയാത്ത സമാനതകള്‍ ആണ് ബാംഗ്ലൂര്‍ ഡെയ്സിലെ ഫഹദ് - നസ്രിയ സെഗ്മെന്റും റോക്ക് ഓണ്‍ സിനിമയിലെ ഫര്‍ഹാന്‍ - പ്രാചി സെഗ്മെന്റും..


വര്‍ഗ്ഗീയതയും സിനിമയും സ്ത്രീ സംവിധായകരിലൂടെ..

വര്‍ഗ്ഗീയ ലഹളകളും വംശീയ സ്പര്‍ദ്ധകളും ഉണ്ടാവുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണ്.പുരുഷന്‍ പകയും വിദ്വേഷവും രോഷവും കൊണ്ട് മനസ്സിലും കൈകളിലും ആയുദ്ധമേന്തുമ്പോള്‍ ഉറ്റവരെ നഷ്ട്ടപെടുകയും ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയാവുകയും പീഡനങ്ങളും യാതനകളും സഹിക്കേണ്ടിവരുന്ന സ്ത്രീകളെയും പറ്റി നമ്മള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണാറുണ്ട് കേള്‍ക്കാറുണ്ട് വായിക്കാറുണ്ട്. മറ്റൊരു വശം വര്‍ഗ്ഗീയ ലഹളകളില്‍ "പ്രതികാര"മായി ഒരു സമുദായത്തിന് മറ്റൊരു സമുദായത്തോട് ചെയ്യാവുന്ന ഏറ്റവും ലളിതവും ക്രൂരവുമായ കാര്യം ആണ് അവന്‍റെ പെണ്പ്രജകളെ ആക്രമിക്കുക എന്നുള്ളത്. അതിനും വില നല്‍കേണ്ടി വരുന്നത് സ്ത്രീകള്‍ തന്നെ.

അങ്ങനെ വരുമ്പോള്‍ തന്നെ ഭീതിതമായ ഈ അന്തരീക്ഷം സ്ത്രീകള്‍ എങ്ങനെ നോക്കി കാണുന്നു എന്നത് ചിന്തിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇത്തരം വിഷയങ്ങള്‍ സിനിമകള്‍ ആയപ്പോള്‍ സ്ത്രീ സംവിധായകരുടെ സൃഷ്ട്ടികള്‍ അതിന്‍റെ തീക്ഷണകൊണ്ടും പ്രമേയപരിചരണം കൊണ്ടും പതിവിലും ഉച്ചത്തില്‍ പൊതുധാരയിലും അഭ്രപാളിയിലും ശബ്ദിക്കുന്നുണ്ട്. കേവലം ആഖ്യാതാവായി സ്ത്രീകള്‍ വരുന്നതല്ല മറിച്ച് തിരകഥയിലും സംവിധാനത്തിലും അവരുടെ പങ്കുണ്ടാവുമ്പോള്‍ ആ "കാഴ്ചപാട്" ശെരിക്കും മനസ്സിനെ വെട്ടയാടുന്നതാണ്. ലഹളകള്‍ ആയാലും അതിനിടക്ക് നടക്കുന്ന പ്രത്യേക സംഭാവമായാലും ബാലന്സിങ്ങിന് (രണ്ടു വിഭാങ്ങള്‍ക്കും തുല്യ പങ്ക് എന്ന രീതി) ശ്രമിക്കാതെ റിയലിസ്റ്റിക് ആയിതന്നെയാണ് സിനിമയില്‍ ഇവര്‍ കൊണ്ട് വന്നിട്ടുള്ളത്.

എലമെന്റ്സ് ട്രിളജിയില്‍ വരുന്ന 1947 എര്‍ത്ത് എന്ന സിനിമ വിഭജനാനന്തര വര്‍ഗ്ഗീയ ലഹളകള്‍ ആസ്പദമാക്കി ദീപാ മെഹ്ത എടുത്ത സിനിമയാണ്. ലഹളകളുടെ ഭയാനകതയെക്കാള്‍ കൂടുതല്‍ അതുണ്ടാവുമ്പോള്‍ മനുഷ്യന് ഉണ്ടാവുന്ന മാറ്റം പ്രത്യേകിച്ച് നന്മയില്‍ നിന്ന് തിന്മയിലേക്ക് ഉള്ള യാത്ര ആണ് എര്‍ത്ത് സിനിമയില്‍ കൂടുതല്‍ ആധികാരികമായി കാണിക്കുന്നത്. ബോളിവുഡിലെ വലിയ നടന്മാരില്‍ ഒരാളായ അമീര്‍ ഖാന്‍റെ പ്രഭാവത്തില്‍ വിഷയം മുങ്ങിപോകുന്ന അവസ്ഥ ഇവിടെയില്ല. മറിച്ച് അമീര്‍ തന്നെയാണ് ആ സിനിമയിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം. ഒരു രസികനില്‍ നിന്നും സ്വന്തം പെങ്ങന്‍മാരെ കൊന്നതില്‍ കലിപൂണ്ട് തന്‍റെ പ്രിയ സുഹൃത്തിനെ കൊല്ലാനും ഇഷ്ട്ടപെടുന്ന പെണ്ണിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാനും വരെ പോകുന്ന എക്സ്ട്രീം തലത്തിലേക്ക് പോകുന്ന ദില്‍ നവാസ് ശെരിക്കും ഞെട്ടിപ്പിക്കുന്ന കഥാപാത്രം ആണ്.

അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ഐയ്യര്‍ ശെരിക്കും പറഞ്ഞാല്‍ വര്‍ഗ്ഗീയ ലഹളകളുടെ പശ്ചാത്തലത്തില്‍ എടുത്ത മികച്ച ഒരു റോമാന്ടിക്ക് ഡ്രാമ ആണ്. എന്നിരുന്നാലും ലഹളകളുടെ ഭീകരത ചിത്രീകരിക്കുന്നതില്‍ ഒട്ടും പിറകോട്ട് പോയിട്ടില്ല. പല സീനുകളും ചോരപുഴ ഒഴുക്കാതെ വയലന്‍സ് കാണിക്കാതെ തന്നെ നമ്മളെ സ്തബ്ധരാക്കുന്നുണ്ട്. യാത്രാമദ്ധ്യേ ബസ്സില്‍ കയറുന്ന ലഹളക്കാര്‍ ആണുങ്ങളുടെ ലിംഗാഗ്രചര്‍മ്മം മുറിച്ചോ എന്ന് നോക്കി വരെ ഇരകളെ കണ്ടെത്തുന്ന സീനുകളും ഒരു വയസ്സായ മുസ്ലിം ദമ്പതികളെ കൂട്ടി കൊണ്ടുപോയി നിറയോഴിക്കുന്നതും ശെരിക്കും ഭയാനകമായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ വാരികൂട്ടിയ ഈ സിനിമയിലെ പല രംഗങ്ങളും ഒരേ സമയം ത്രില്ലിങ്ങും ഭീകരവുമായിരുന്നു.

ഈ രണ്ടു സിനിമകളില്‍ നിന്ന് വിഭിന്നമായി "ലഹള" കാണിക്കാതെ തന്നെ അതിന്‍റെ ഭീകരതയും മാനസികമായും സാമൂഹികമായും ഉള്ള അതിന്‍റെ അനന്തിരഫലങ്ങളും വളരെ ആഴത്തില്‍ കാണിച്ച സിനിമയായിരുന്നു നന്ദിതാദാസ് സംവിധാനം ചെയ്ത ഫിരാക്ക്. തുടക്കത്തിലെ സീനില്‍ കാണിക്കുന്ന ശവങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്യുന്നത് തന്നെ ഇനിയങ്ങോട്ട് കാണാന്‍ പോകുന്നത് അത്ര സുഖകരമല്ല എന്ന സൂചനയാണ് സംവിധായിക നല്‍കുന്നത്. ആന്തോളജി വിഭാഗത്തില്‍ പെടുത്താവുന്ന സിനിമ പക്ഷെ വേറിട്ട്‌ കാണേണ്ട കാഴ്ചകള്‍ അല്ല. നടന്നകഥകളുടെ ഫികഷണലൈസ് ചെയ്ത തിരകഥയാണ് ഫിരാക്ക്. ഡാര്‍ക്ക് ടോണില്‍ ഉള്ള സിനിമ പറയുന്നത് കലാപങ്ങള്‍ക്ക് ശേഷം ഉണ്ടാവുന്ന നഷ്ട്ടപെട്ട സ്വപ്നങ്ങളും, നിരര്‍ത്ഥകമായ പ്രതികാരങ്ങളും, ഇരകളുടെ രോഷവും, പ്രതികളുടെ കുറ്റബോധങ്ങളും ഒക്കെയാണ്.

മൂന്നു സിനിമകളും സ്ത്രീകള്‍ സംവിധാനം ചെയ്തതിനാല്‍ തന്നെ വേറിട്ട കാഴ്ചപാടില്‍ ശക്തമായ തിരകഥയില്‍ എന്നാല്‍ ലൌഡ് അല്ലാത്ത പച്ചയ്യായ രീതിയില്‍ കലാപങ്ങളുടെ വേദനയും നിസ്സഹായതയും ഭീകരതയും കാണിക്കുന്നുണ്ട്


Saturday, April 30, 2016

കരന്‍ സിങ്ഘാനിയ ഫ്രം രംഗ് ദേ ബസന്തി...

കരന്‍ സിംഘാനിയ ക്ലൂലെസ്സ് ആണ്. പലതിനോടും ലവ്-ഹേറ്റ് റിലേഷന്‍ഷിപ്പ് ആണ് അയാള്‍ക്ക്. കോടീശ്വരനായ അച്ഛന്റെ പണം സുഹൃത്തുക്കള്‍ക്കും മറ്റും വേണ്ടി ചെലാക്കാനും ചോദിച്ചാല്‍ കടം കൊടുക്കാനും മനസ്സുള്ള സ്പോയില്‍ട് ബ്രാട്ട് എന്നൊക്കെ വിളിക്കാവുന്ന ഗണത്തില്‍ ഉള്ള ആള്‍. സുഹൃത്തുക്കളെ ഏറെ ഇഷ്ട്ടപെടുന്ന എന്നാല്‍ അവര്‍ ആസ്വദിച്ച് ചെയുന്ന ചില കാര്യങ്ങളില്‍ ഒക്കെ നിര്‍വികാരത പ്രകടിപ്പിക്കാറുണ്ട്. ഒരു ചെയിന്‍ സ്മോക്കര്‍ ആയ കരന്‍ ഇന്ത്യയെക്കുറിച്ച് ആശുഭാപ്തിവിശ്വാസം ആണ് ആദ്യകാലങ്ങളില്‍ കാണിച്ചിട്ടുള്ളത്.

അമ്മയില്ലാത്ത അല്ലെങ്കില്‍ അമ്മയില്ലാതെ വളര്‍ന്ന കുട്ടിയാണെന്ന് അനുമാനിക്കാം. അച്ഛനെ കാണാന്‍ വരുമ്പോള്‍ മേശയിലെ വലിപ്പ് തുറന്നു ഒരു ഫോട്ടോ നോക്കുന്നുണ്ട് കരന്‍. ഒരു പക്ഷെ അമ്മയായിരിക്കാം. സിനിമയിലെ ഏറ്റവും ഗൂഢാര്‍ത്ഥങ്ങള്‍ ഉള്ള കഥാപാത്രം ആണ് കരന്‍. പലതിനോടും ഉള്ള ദേഷ്യവും വെറുപ്പും പുച്ഛവും അയാളുടെ മുഖത്തും ശരീരഭാഷയിലും പ്രകടമാണ്. രാജ്യസ്നേഹത്തെക്കുറിച്ചുള്ള നെഗറ്റീവ് കാഴ്ചപാടില്‍ നിന്ന് അജയ് മരിച്ചതിന് ശേഷം അയാളില്‍ വന്ന മാറ്റം എക്സ്ട്രീം ആണ്. എല്ലാമുണ്ടായിട്ടും എല്ലാം നഷ്ട്ടപെട്ട Poor rich boy. എല്ലാത്തില്‍ നിന്നും രക്ഷപെട്ടു അമേരിക്കയില്‍ ഉപരിപഠനത്തിന് പോവാന്‍ ആഗ്രഹിക്കുന്ന നിസ്സംഗയുവാവ്.

 അജയ് സോണിയയെ പ്രോപോസ് ചെയ്യുമ്പോള്‍ പോലും മറ്റുള്ളവര്‍ ആഘോഷിക്കുന്നുണ്ടെങ്കിലും അയാളുടെ മുഖത്ത് നിര്‍വികാരതയുടെ അംശമാണ്. ഭോഗപരതയും (Consumerism) വലിയ പ്രൊഫൈലും അയാള്‍ക്ക് വെറുപ്പാണ്. മിഡില്‍ക്ലാസ്സല്ല കരന്‍. അപ്പര്‍ക്ലാസ്സാണ്,  അതുകൊണ്ട് തന്നെ ക്ലൈമാക്സിലേക്ക് ഇങ്ങനെ ഒരു ധീരപ്രവര്‍ത്തിയുടെ നേതൃത്തം ഏറ്റെടുക്കാന്‍ കരന്‍ സിംഘാനിയ എന്ന കഥാപാത്രത്തെ ശെരിക്കും ഡവലപ്പ് ചെയ്തിട്ടുണ്ട്. ഇവിടെയാണ്‌ കരന്‍ സിനിമയിലെ ഏറ്റവും സങ്കീര്‍ണവും സുപ്രധാനവുമായ ഒരു ക്യാരക്റ്റര്‍ ആവുന്നത്.

 ഒന്നിലും പ്രത്യേക താല്‍പ്പര്യങ്ങളില്ലാത്ത ഭാഗികമായി അന്തര്‍മുഖ സ്വഭാവഗുണങ്ങള്‍ ഉള്ള ആള്‍ ആണ് അവസാനം കാര്യങ്ങളെ തന്‍റെ കൈകളിലേക്ക് യാതൊരു സങ്കോചവും ഇല്ലാതെ ഏറ്റെടുക്കുന്നത്. ഇങ്ങനെ ഉള്ളവര്‍ പൊട്ടിത്തെറിച്ചാല്‍ എക്സ്ട്രീം സ്വഭാവം ആവുമെന്ന് നമ്മള്‍ പലരിലും കണ്ടിട്ടുണ്ടാകും. അങ്ങനെ ഒരു സ്റ്റേജില്‍ നിന്ന് നേരെ എതിര്‍ധ്രുവത്തിലെക്ക് സഞ്ചരിക്കുന്ന കരന്‍ സിംഘാനിയ തന്നെയാണ് രംഗ് ദേ ബസന്തിയിലെ ഏറ്റവും മികച്ച പാത്രസൃഷ്ട്ടി.

   

Saturday, April 16, 2016

ലോഹിതദാസും രാമായണവും ..

അമരാവതിയുടെ മണ്ണിലിരുന്നു മനുഷ്യവികാരങ്ങള്‍ കൊണ്ടുള്ള വീതുളിയില്‍ തനിയാവര്‍ത്തനങ്ങള്‍ അല്ലാത്ത വെള്ളാരംകല്ലിന്‍റെ പൊടി ഇട്ട് രാഖി മിനുക്കിയെടുത്ത കഥകളുടെ പെരുംതച്ചന്‍ ആണ് ലോഹിതദാസ്. രണ്ടു പതിറ്റാണ്ടുകള്‍ അധികം മലയാളത്തിന്റെ കഥാസരിത്‌സാഗരം അഭ്രപാളിയില്‍ മെനഞ്ഞെടുത്ത അനുഗ്രഹീത എഴുത്തുകാരന്‍. എന്നാല്‍ നാട്ടുവഴക്കങ്ങള്‍ തേടി മലയാളസിനിമയില്‍ സ്വന്തമായ മേച്ചില്‍ പുറങ്ങള്‍ തേടിയ ആ എഴുത്തുകാരന് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയ കൃതി ഏതെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്‍റെ സൃഷ്ട്ടികളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍  ഭാരതത്തിന്റെ പൌരാണിക ഇതിഹാസങ്ങളില്‍ ഒന്നായ  "രാമായണം" ആണെന്ന് കരുതപെടെണ്ടിയിരിക്കുന്നു.

സിനിമകളുടെ പേരില്‍ നിന്നും (ഭരതം, ദശരഥം തുടങ്ങിയവ ) ചിലതിന്‍റെ സന്ദര്‍ഭങ്ങളില്‍ നിന്നും മുമ്പും ഇത് ചര്‍ച്ച ചെയ്യപെട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരു കൌതുകത്തിന് ഒന്നുകൂടെ സിനിമകളിലൂടെ യാത്ര ചെയ്തപ്പോള്‍ അധികം ആരാലും ചര്‍ച്ചചെയ്യപ്പെടാത്ത ചില നിരീക്ഷണങ്ങളിലേക്ക് എത്തിപെടാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ആദ്യകാലത്ത് വന്ന കിരീടം പോലെയുള്ള സിനിമകളില്‍  "രാമപുരം" എന്നൊരു സ്ഥലപേരില്‍ തുടങ്ങുന്ന ചെറിയ  രാമായണഅംശം ക്രമേണ സിനിമയിലെ ചില   സന്ദര്‍ഭങ്ങള്‍ ആയും കഥ മുഴുവനായും അടാപ്റ്റ് ചെയ്തപോലെയും കാണപെടുകയുണ്ടായി.

ഭരതം സിനിമ മുമ്പൊക്കെ ചര്‍ച്ച ചെയ്യപെട്ട ടൈറ്റില്‍നെക്കുറിച്ച് ഒന്നുകൂടി . ജേഷ്ടന്‍ വിട്ടുപോയ അനിയന്‍റെ ദുഖം എന്ന അര്‍ഥം വരുന്ന രാമനില്‍ നിന്ന് അകന്ന ഭരതന്‍റെ ദുഖം "ഭരതം" ആയി തീരുകയാണെന്ന്. നെടുമുടിയുടെ കഥാപാത്രത്തിന്റെ പേരിലും ഒരു രാമന്‍ ഉണ്ട്. കല്ലിയൂര്‍ രാമനാഥന്‍ എന്ന പ്രശസ്ഥഗായകന്‍. ഭരതന്‍ ശ്രീരാമന്‍റെ മെതിയടികള്‍ സിംഹാസനത്തില്‍ വച്ച് ആരാധിച്ചതായി രാമാനായണത്തില്‍ പറയുന്നുണ്ട്. ഗോപി പോലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടുന്ന രാമനാഥന്റെ ചെരുപ്പ് അടക്കമുള്ള വസ്തുക്കള്‍ നെഞ്ചോട്‌ചേര്‍ത്ത് പിടിക്കുന്നത് ഈ അവസരത്തില്‍ ഓര്‍ക്കാം.

ദശരഥവും ഇങ്ങനെ പേരിലും കഥയുടെ കാമ്പിലും രാമായണം ഉണ്ട്. Artificial Insemination വിഷയമായി വരുന്ന സിനിമയില്‍ രണ്ടു തരത്തില്‍ സിനിമയുടെ പേരിനെ സാധൂകരിക്കുന്ന കാര്യങ്ങള്‍ ഉണ്ട്. ഒന്ന് കോര്‍ സബ്ജെക്റ്റ് രാമായണത്തില്‍ ദശരഥന് കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത് അലൈംഗികമായ പ്രത്യുല്‍പാദനത്തിലൂടെ ആണ്. വിശേഷമായ പായസം കഴിച്ചാണ് അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ ഗര്‍ഭിണികള്‍ ആവുന്നത്. മറ്റൊരു തലത്തില്‍ നോക്കിയാല്‍ പുത്രദുഖം എന്ന ശാപം ഉള്ള ദശരഥന്‍ മരിക്കുന്നത് മകനെ വിട്ടുപോയതിലുള്ള  agony കാരാണം ആണ്. രാജീവ് മേനോനും സമാനമായ മാനസികാവസ്ഥയില്‍ ക്ലൈമാക്സില്‍ എത്തുന്നുണ്ട്. അങ്ങനെ അച്ഛന്റെ ദുഖം എന്ന രീതിയിലും "ദശരഥം" എന്ന പേര് അര്‍ത്ഥവത്താണ് .

വാത്സല്യം സിനിമ അനുജനെയും കുടുംബത്തെയും സ്നേഹിച്ച ഏട്ടന്‍റെ കഥയാണ്. ത്യാഗം, സ്നേഹം, ഭൂമിയും വീടും വേണ്ടെന്ന് വച്ചുള്ള യാത്ര, കാടിന് സമാനമായ കുന്നിന്‍പുറത്ത് ജീവിക്കുന്ന മേലേടത്ത് രാഘവന്‍ നായര്‍  "ശ്രീരാമന്‍" തന്നെയാണ്.  രാഘവന്‍ എന്നുള്ളത് ശ്രീരാമന്‍റെ പര്യായമാണെന്നതും ക്ലൈമാക്സില്‍ പശ്ചാത്തലമായി വരുന്ന ശ്ലോകം രാമായണത്തിലെത് ആണെന്ന് എല്ലാവര്ക്കും അറിവുള്ളതാണെന്ന് വിശ്വസിക്കുന്നു. രാമായണം വായിക്കുന്ന മമ്മുട്ടിയുടെ "വാതസല്യം" സിനിമയുടെ പോസ്റ്റര്‍ ചെറുപ്പത്തില്‍ കണ്ട ഓര്‍മയുണ്ട്. സിനിമയിലെ പാട്ടിലെ ചില വരികളില്‍ പോലും ഈ രാമായണചൈതന്യം ഉണ്ട്." രാമായണം കേള്‍ക്കാതെയായ്‌ പൊന്‍മൈനകള്‍ മിണ്ടാതെയായ്‌...".. രാമായണത്തിന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ലോഹിതദാസ് സിനിമ ഒരുപക്ഷെ വാത്സല്യമാവും.

കമലദളത്തില്‍ വരുമ്പോള്‍ നന്ദഗോപന്റെ സ്വപനം സുമംഗലയെ കൊണ്ട്  "സീതാ രാമായണം"  കളിപ്പിക്കുക എന്നുള്ളതാണ്. പിന്നീടു ഈ ആവശ്യം പറഞ്ഞു വരുന്ന മാളവികയുടെ അഹങ്കാരം ഇല്ലാതാക്കുന്ന നന്ദഗോപന്റെ പാപമോക്ഷം പാട്ടില്‍ അഹല്യാമോക്ഷം പോലെ വരുന്നുണ്ട്. അഹങ്കാരത്തില്‍ നിന്നുള്ള മാളവികയുടെ മോക്ഷമായി കാണാം. മറ്റൊരു സാധ്യത "അഗ്നിപരീക്ഷ" ആണ്. തന്‍റെ സ്നേഹവും ആത്മാര്‍ത്ഥയും സത്യമെന്ന് കാണിക്കാന്‍ സുമംഗല തിരഞ്ഞെടുത്ത മരണത്തിലേക്കുള്ള വഴി രാമായണത്തിലെ "അഗ്നിപരീക്ഷയോട്" ഉപമിക്കാമെന്നു കരുതുന്നു.

പാഥേയം സിനിമയില്‍ കുറച്ചു പരോക്ഷമായാണ് രാമായണം കടന്നു വരുന്നത്. രാമായണത്തിലെ മറ്റു ചില വെര്‍ഷനുകളില്‍ സീത രാവണന്‍റെ പുത്രിയാണെന്ന് സൂചിപ്പിക്കുന്നുണ്ട്. കമ്പരാമായണം ആസ്പദമാക്കിയാണ് ലോഹിതദാസ് പാഥേയം എഴുതിയതെന്ന് ചില ആര്‍ട്ടിക്കിള്‍ കേട്ടിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ രാവണന്‍ സീതയെ മകളായി വരിച്ച് തന്‍റെ കൊട്ടാരത്തില്‍ കുറേകാലം വാഴിച്ച പോലെയാണ് ചന്ദ്രദാസ് ഹരിതയെ കുറച്ചു നാള്‍ തന്‍റെ കൂടെ കൂട്ടുന്നത്. ശിവന്‍ കൊടുത്ത വാളായ "ചന്ദ്രഹാസം" കയ്യില്‍ ഉള്ള രാവണന്‍ ചന്ദ്രഹാസന്‍ എന്നും അറിയപെട്ടിരുന്നു എന്ന് പണ്ട് എവിടെയോ കേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആ പേരിന് നല്ല സാമ്യമുള്ള "ചന്ദ്രദാസ്" എന്നതാണ് മമ്മുട്ടിയുടെ കഥാപാത്രം എന്നും നിരീക്ഷിക്കാം.

ഇങ്ങനെ സിനിമകളില്‍ പേരയും കഥാപാത്രങ്ങളുടെ പേരുകള്‍ ആയും സന്ദര്‍ഭങ്ങള്‍ ആയും ലോഹിതദാസ് രാമായണത്തെ തന്‍റെ എഴുത്തിലൂടെ എന്നും ആവാഹിച്ചിരുന്നു എന്ന് വേണം കരുതാന്‍. കൌരവര്‍, വെങ്കലം പോലെയുള്ള സിനിമകളില്‍ മഹാഭാരതത്തിന് സമാനമായ സംഗതികള്‍ ഉണ്ടെങ്കിലും രണ്ടു ഇതിഹാസങ്ങളും ഒരു താരതമ്യപഠനം ചെയ്‌താല്‍ മനുഷ്യവികാരങ്ങള്‍ കൂടുതല്‍ രാമായണത്തിലാണെന്ന് ഞാന്‍ ഒരു നിഗമനത്തില്‍ എത്തിയിട്ടുണ്ട്. മനുഷ്യമനസ്സിന്റെ കഥകള്‍ മണ്ണിന്‍റെ ഗന്ധം ചേര്‍ത്തെഴുതിയ ലോഹിതദാസ് കൂടുതല്‍ രാമായണത്തെ ഇഷ്ട്ടപെട്ടിട്ടുണ്ട് എന്നതില്‍ കൂടുതല്‍ തെളിവ് വേണ്ടാ എന്ന് കരുതുന്നു.

The Sanjay-Bobby Redemption

Redemption എന്ന വാക്ക് പരിച്ചയമില്ലാത്ത സിനിമാസ്വാദകര്‍ വിരളമാണ്. The Shawshank Redemption എന്ന ഒറ്റ സിനിമ കൊണ്ട് പരിചിതമായ വാക്കും അര്‍ത്ഥവും. യഥാക്രമം തര്‍ജ്ജമ ചെയ്‌താല്‍ "പാപവിമുക്തമാക്കല്‍", "തിരിച്ചെടുക്കല്‍" എന്നൊക്കെ  നിരൂപിക്കാം. ചെയ്ത തെറ്റ് തിരുത്താനുള്ള അവസരം ഉചിതമായി ഉപയോഗിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ കുറ്റാരോപിതമായതോ അപഹാസ്യരായതോ സ്ഥിതിയില്‍ പഴയ സല്‍പേര് തിരിച്ചെടുക്കല്‍ . ഈ   വാക്കിന്‍റെ അര്‍ത്ഥത്തോട് ഇഴചേര്‍ന്ന് കിടക്കുന്നതാണ് "കുറ്റബോധം" അഥവാ guilt-ridden. മലയാളത്തിലെ നവധാരസിനിമകള്‍ക്ക് തുടക്കം കുറിച്ച എഴുത്തുക്കാര്‍ എന്ന നിലക്ക് ബോബി സഞ്ജയ്‌ സിനിമകളില്‍ എല്ലാം വരുന്ന എലമെന്റ്റ് എന്താണെന്ന് എന്ന് പെട്ടന്ന് ചോദിച്ചാല്‍ ഡോക്ട്ടര്‍ , ഹോസ്പിറ്റല്‍ എന്നൊക്കെ ഉത്തരം വരുമെങ്കിലും ഒരു തീം എന്ന നിലക്ക് പശ്ചാത്താപവും പാപവിമുക്തമാക്കലും ആണ് റിപ്പീറ്റ് ചെയ്തു വരുന്നത് എന്നത് ശ്രദ്ധേയം ആണ്. കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും ഇവര്‍ തിരകഥ എഴുതിയ ഏകദേശം എല്ലാ സിനിമകളിലും മേല്‍ പറഞ്ഞ റിഡമ്പ്ഷന്‍ എന്ന കണ്ണിയോട് ചേര്‍ത്ത് വക്കാവുന്ന ആംഗിള്‍ കാണാം.

ആദ്യ ഫീച്ചര്‍ ഫിലിം ആയ എന്‍റെ വീട് അപ്പുവിന്റെയും സാങ്കേതികമായി പറഞ്ഞാല്‍  Redemption നിലേക്ക് കാര്യങ്ങള്‍ വരുന്നില്ലെങ്കിലും വാസു എന്ന ബാലന്‍ ജുവനൈല്‍ ഹോമിലെ വാസത്തിന് ശേഷം തന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക് വരുന്നതും പുതിയ അനുജനെ കാണുന്നതും പാപഭാരത്താല്‍ നീറി ഒരു വെള്ളതുണി സമ്മാനമായി കൊടുക്കുമ്പോള്‍ ആണ് സിനിമ അവസാനിക്കുന്നത്. തിരിച്ചു സമൂഹത്ത്തിലെക്കും വീട്ടിലേക്കും പോകണമെന്നുള്ള തീരുമാനവും ഒക്കെ മേല്‍ പറഞ്ഞ "കുറ്റബോധം" ആയി ബന്ധപ്പെട്ടുള്ളതാണ്. കഥ കുറച്ചു കൂടി നീട്ടുകയായിരുന്നെങ്കില്‍ നല്ലൊരു Redemption സ്കോപ് ഉണ്ടായിരുന്നു. രണ്ടാമത്തെ സിനിമയായ നോട്ട്ബുക്കും കൌമാരഗര്‍ഭധാരണത്തിന്‍റെയും പാരെന്റിംഗ് രീതികളുടെയും  ആകുലതകള്‍ പങ്കു വച്ച സിനിമയാണെങ്കില്‍ കൂടി സിനിമയുടെ അവസാനത്തില്‍ തങ്ങള്‍ ചെയ്ത തെറ്റുകള്‍ മനസ്സിലാക്കി അതിന്‍റെ പ്രായശ്ചിത്തത്തിന് മുതിരുന്നുണ്ട് സൂരജും പൂജയും. സിനിമയുടെ ക്ലൈമാക്സില്‍ വ്യക്തമായി ഒരു Redemption കേസ് ആയി കാണിക്കുന്നുമുണ്ട്.

മൂന്നാമ്മത്തെ സിനിമയായ ട്രാഫിക് ശെരിക്കും Redemption ന്‍റെ അയ്യരുകളിയാണ്. കൈക്കൂലി ആരോപണത്തില്‍ ഉള്ള സുദേവനും താന്‍ ഓടിച്ച ബൈക്ക് കാരണം സുഹൃത്ത് അപകടത്തില്‍ ആയതില്‍ നീറുന്ന രാജീവും ഭാര്യയെ വണ്ടി ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച ആബേലും ആദ്യം മിഷന്‍ നിരസിച്ച കമ്മീഷണര്‍ അജ്മലും താരപ്രഭയില്‍ മങ്ങി ജീവിതവും ഭാര്യയേയും കുട്ടികളെയും മറന്ന സിദ്ധാര്തും അവസാനം അതെ താരമഹിമ നല്ലൊരു കാര്യത്തിന് ഉപയോഗിച്ച് ഇതിന്‍റെ ഭാഗഭാക്കാവുന്നത് എല്ലാവരും അങ്ങനെ  ചെയ്ത തെറ്റ് തിരുത്താനുള്ള അവസരം ആയിട്ടാണ് കാണുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന സിനിമയും ഇതിന് അപവാദമല്ല. മൂന്നാറിലെ ഹോസ്പിറ്റലിന്റെ പേര് തന്നെ "Redemption" എന്നാണ്. താന്‍ ചികിത്സ നിഷേധിച്ച  SI പുരുഷോത്തമന്റെ മകളുടെ കാല്ക്കല്‍ മാപ്പിരക്കുന്ന രവി തരകന്‍ ഒക്കെ അനേകം പശ്ചാത്താപവിവശരായ സഞ്ജയ്‌ ബോബി കഥാപാത്രങ്ങളില്‍ ഒന്ന് മാത്രം.

എന്നാല്‍ മുംബൈ പോലീസില്‍ ചെയ്ത തെറ്റിന് കുറ്റബോധം തോന്നുമെങ്കിലും പിന്നീടു Redemption ആന്റണി മോസസിന് സ്വയം ചെയ്യാന്‍ അവസരം ഇല്ലെന്നിരിക്കെ  ഫര്‍ഹാന്‍ "ചെയ്യിപ്പിക്കുകയാണ്". കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷമിറക്കുന്ന രീതി. ഹൌ ഓള്‍ഡ്‌ ആര്‍ യു എന്ന സിനിമയില്‍ സോഷ്യല്‍ മീഡിയയില്‍ ഒക്കെ അപഹാസ്യയായ തന്‍റെ സല്‍പേരും വ്യക്തിതവും "തിരിച്ചെടുക്കുന്ന" അര്‍ഥം വരുന്ന റിഡമ്പ്ഷന്‍ തന്നെയാണ്. ഒരു ഹോസ്പിറ്റലിന്റെ പേര് തന്നെ അങ്ങനെ സിനിമയില്‍ കൊടുക്കണമെങ്കില്‍ ബോബി സഞ്ജയ്‌ സിനിമകളില്‍ ആവര്‍ത്തിച് വരുന്ന ഈ കാര്യം യാദൃശ്ചികമാവാന്‍ തരമില്ല എന്നാണ് എന്‍റെ ഒരു നിരീക്ഷണം.

വാല്‍കഷ്ണം - കാസനോവ എന്ന തെറ്റിന്‍റെ Redemption ബോബി-സഞ്ജയ്‌  പ്രേക്ഷകരോട് തീര്‍ത്തത് മികച്ച സിനിമകള്‍ നല്‍കികൊണ്ട് തന്നെയാണ്  ..

Saturday, March 19, 2016

സായി പല്ലവി ഒരു ശുഭ സൂചനയാണ് ..

ഇക്കഴിഞ്ഞ ജനുവരി പതിനെട്ടാം തിയതി വന്ന ഒരു വാര്‍ത്ത
=================================================

"ഇന്‍ഡോര്‍: മുഖക്കുരു മായാത്തതില്‍ മനംനൊന്ത്‌ എം.എസ്‌.സി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. നിധി എന്ന 22കാരിയാണ്‌ മുഖക്കുരു മായത്തതിനെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തത്‌. മുഖക്കുരു മായാത്തതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന്‌ നിധിയുടെ മാതാപിതാക്കള്‍ അറിയിച്ചു."

വെറുതെ ഗൂഗിളില്‍ acne , pimple, suicide എന്നൊക്കെ കീവേര്‍ഡ്‌ സേര്‍ച്ച്‌ ചെയ്‌താല്‍ ഞെട്ടിപ്പിക്കുന്ന ആത്മഹത്യ കണക്കുകള്‍ ലഭിക്കും. ഫെയര്‍ സ്കിന്‍ obsessed ആയ സമൂഹവും അതിനെ ചൂഷണം ചെയ്ത് കോടികള്‍ നേടുന്ന വന്‍കിട കമ്പനികളും പരസ്പരസഹകരണ മെന്നോണം അവരെ പിന്താങ്ങുന്ന ദൃശ്യ-പത്ര മാധ്യമങ്ങളും പതുക്കെ പതുക്കെ മനസ്സില്‍ കുത്തിവക്കുന്ന അപകര്‍ഷതാബോധം ആണ് ഈ പറഞ്ഞ ആത്മഹത്യകളുടെ മൂലകാരണം. കൌമാരത്തിന്‍റെ സ്വാഭാവികമായ നിരുപദ്രവകരമായ മുഖക്കുരു എന്ന ഈ പ്രതിഭാസത്തെ പരസ്യങ്ങളിലും സിനിമകളിലും പര്‍വതീകരിച്ച് അതില്‍ നിന്ന് കൊള്ളലാഭം കൊയ്യുന്ന കമ്പനികളുടെ വലയില്‍ പെട്ട് അപകര്‍ഷത ക്രമേണ വിഷാദമായി പിന്നെ മാനസികആഘാതമായി അവസാനം മരണത്തെ പുല്‍കുന്ന പെണ്‍കുട്ടികള്‍ (ആണ്‍കുട്ടികളും ഉണ്ട്).

ഇന്ത്യ പോലെയൊരു രാജ്യത്ത് ആണ് ശെരിക്കും ഇതൊരു സോഷ്യല്‍ ഇഷ്യൂ ആവുന്നത്. ഡെന്നിസ് ദി മെനസ് കാര്‍ട്ടൂണ്‍ ശ്രദ്ധിച്ചിട്ടുണ്ടോ?.. ഡെന്നിസിന് "മുഖക്കുരു" ഉണ്ട്.. കുട്ടികളില്‍ തന്നെ ആ ശാരീരികഅവസ്ഥയെ "പോസിറ്റീവ്" ആയി അല്ലെങ്കില്‍ സൌന്ദര്യ ലക്ഷണമായി അവതരിപ്പിക്കുകയാണ് അവിടെ. ഇവിടെ നേരെ തിരിച്ചും. ജോലി ലഭിക്കാനും, കല്യാണം കഴിക്കാനും, സുഹൃത്തുക്കളുമായി ഇടപഴകുമ്പോഴും ഇത് ഒരു "പ്രശ്നം" ആയാണ് പരസ്യങ്ങള്‍ കാണിക്കുന്നത്. സാമൂഹത്ത്തില്‍ നിന്ന് സ്വയം പിന്മാറുന്ന ഇവര്‍ ക്രമേണ ഒറ്റപെട്ട് മേല്പറഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചേരും.

ഇത്രയൊക്കെ പറഞ്ഞത് സായി പല്ലവിയുടെ കലി ട്രയിലറിലെ "മുഖക്കുരു" ബോര്‍ ആയിത്തുടങ്ങി എന്നൊരു കമ്മന്റ് കണ്ടതുകൊണ്ടാണ്. മുഖ്യധാര മലയാളസിനിമയില്‍ മേകപ്പ് ഇല്ലാതെ അല്ലെങ്കില്‍ മുഖക്കുരു ഒരു വിഷയമേ അല്ലാതെ അഭിനയിക്കുന്ന സായി പല്ലവിയെ പോലെയുള്ള നടിമാരെയും അവരോടൊപ്പം അഭിനയിക്കുന്ന മുന്‍നിര നടന്മാരെയും അവരെ സങ്കോചമില്ലാതെ അവതരിപ്പിക്കുന്ന സംവിധായകരെയും അഭിനന്ദിക്കുകയാണ് വേണ്ടത്. ഇരുട്ടുമൂടിയ ഗുഹയുടെ അറ്റത്ത് കാണുന്ന പ്രകാശമാണ് ആ "കുരുകള്‍". മലരിനെ കണ്ടു പ്രചോദനമായി ഒരു പെണ്‍കുട്ടിയെങ്കിലും മുഖക്കുരു തൃണവത്ക്കരിച്ചു മുഖമുയര്‍ത്തി ആത്മവിശ്വാസത്തോടെ നടന്നാല്‍ അത് സായി പല്ലവിയുടെ വിജയമാണ്. അപകര്‍ഷതബോധത്ത്തിന്റെ "കുരുക്കള്‍" പൊട്ടട്ടെ .. ആത്മവിശ്വാസത്തിന്റെ സന്തോഷത്തിന്റെ സെല്‍ഫ് എസ്റ്റീമിന്റെ "മുഖക്കുരുകള്‍" തിളങ്ങട്ടെ..!!


(പിന്കുറിപ്പ് - ഈ  പോസ്റ്റ്‌ ആദ്യമായി ഇട്ടത് ഫെസ്ബുക്കിലെ  സിനിമാ പാരടിസോ ക്ലബ് എന്ന ഗ്രൂപ്പില്‍  ആണ്. ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.


Sunday, March 13, 2016

മോഡേണ്‍ ടൈംസിലെ "രാഷ്ട്രീയം"..

രാഷ്ട്രീയ സിനിമകളെ വെറുതെ ഒന്ന് ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്‌താല്‍ All the President's Men പോലെയുള്ള ത്രില്ലറുകളും Being There പോലെയുള്ള സറ്റയറുകളും Mr Smith Goes to Washington പോലെയുള്ള കോമഡി ഡ്രാമകളും ഒക്കെ വരും. എന്നാല്‍ കോമഡിയുടെ ഏറ്റവും ബുദ്ധിമുട്ട് ഉള്ളതും ഏറ്റവും പ്രാചീനമെന്നും കരുതാവുന്ന "സ്ലാപ്സ്റ്റിക്ക്" ഴോനാറില്‍ രാഷ്ട്രീയം മുന്നോട്ട് വക്കുന്ന സിനിമകള്‍ വിരളമാണ്. സൈലന്റ് സിനിമയുടെ കാലത്ത് ബസ്റ്റര്‍ കീറ്റനും ചാപ്ലിനും ഹാരോള്‍ഡ്‌ ലോയിടും ഒക്കെ സിനിമയിലൂടെ സോഷ്യല്‍ മെസ്സേജുകള്‍ പങ്കുവച്ചിരുന്നു. ഫിസിക്കല്‍ ഹ്യൂമര്‍ ആയിരുന്നിട്ട് കൂടി വ്യക്തമായ രാഷ്ട്രീയമാനം ഉള്ള ഒരു സ്ലാപ്സ്റ്റിക്ക് സിനിമ ആയി പറയാവുന്നതാണ് ചാര്‍ളി ചാപ്ലിന്റെ "മോഡേണ്‍ ടൈംസ്‌".
പ്രത്യക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയ Great Dictator പോലെയായിരുന്നില്ല Modern Times. മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷന്റെ സമയത്തുള്ള അമേരിക്കയുടെ സാമൂഹിക - സാമ്പത്തിക അവസ്ഥയെ പരോക്ഷമായുള്ള നിരൂപണം തന്നെയായിരുന്നു അതിശയോക്തിയില്‍ പൊതിഞ്ഞ മോഡേണ്‍ ടൈംസ്‌ സിനിമയിലെ സ്ലാപ്സ്റ്റിക്ക് സീനുകളും സന്ദര്‍ഭങ്ങളും. മുപ്പതുകളോടെ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ കുറച്ചൊക്കെ വെളിപെടുത്തിയ ചാപ്ലിന്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഇടത് സഹയാത്രികന്‍ ആയിരുന്നു എന്നാണ് വിദഗ്ദമതം. അങ്ങനെ നോക്കുമ്പോള്‍ ഈ സിനിമ പ്രശസ്ഥമായ "അമേരിക്കന്‍ ഡ്രീംന്‍റെ" പ്രസക്തിയില്‍ യന്ത്രവത്കൃതവും മുതലാളിത്തവ്യവസ്ഥിതിയും ആയ സമൂഹത്തില്‍ മനുഷ്യന്‍ ബലപ്രയോഗത്തിലൂടെ ആ സിസ്റ്റത്തില്‍ അടിമയായി ജീവിക്കുന്നത്തിന്റെ നേര്‍രേഖയാണ് മോഡേണ്‍ ടൈംസ്‌.
ടൈറ്റിലില്‍ പറയുന്ന മോഡേണ്‍ അഥവാ "നവീനത്വം" അലങ്കോലം ആവുന്ന സ്ഥിതി. അവിടെ തൊഴിലാളി എല്ലാം നഷ്ട്ടപെട്ട് സര്‍ക്കാരിന് അടിമപെടുന്ന അവസ്ഥ. പണക്കാരനും പാവപെട്ടവനും തമ്മില്ലുള്ള അന്തരവും വിവേചനവും ഉണ്ട് ആ സിസ്റ്റത്തില്‍. മുതലാളിയും പോലീസും സര്‍വോപരി ഗവണ്‍മെന്റും മനുഷ്യനെ നിയന്ത്രിക്കുന്ന "മോഡേണ്‍ ടൈംസ്‌". ആദ്യത്തെ സീനില്‍ തന്നെ സിമ്പോളിക്ക് ആയി ഒരു കൂട്ടം ചെമ്മരിയാടുകള്‍ കൂട്ടത്തോടെ മേയ്ക്കപ്പെടുന്നതും അത് പോലെ തന്നെ അടുത്ത ഷോട്ടില്‍ മനുഷ്യര്‍ തിങ്ങിനിറഞ്ഞ ഒരു സബ്‌വേയിലൂടെ പുറത്തേക്ക് വരുന്നതും. രണ്ടും എന്തോ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപെട്ട വര്‍ഗങ്ങള്‍ ആണ്. സാങ്കേതികവിദ്യയും മനുഷ്യനും തമ്മിലുള്ള കോണ്‍ഫ്ലിക്റ്റ് ആണ് സിനിമയില്‍ പ്രധാനമായും. വലിയ മഷീനുകളുടെ യന്ത്രചക്രങ്ങളുടെ ഉള്ളില്‍ പെടുന്ന ട്രാംപ് ഈ ഒരു അവസ്ഥയുടെ ഏറ്റവും എഫക്റ്റീവ് ആയ മെറ്റഫര്‍ ആണ്. മനുഷ്യന്‍ യന്ത്രങ്ങളുടെ വേഗതയില്‍ പണിയെടുക്കാന്‍ ശ്രമിക്കുന്നതും ബോസ് വലിയ മോണിട്ടരിലൂടെ തൊഴിലാളികളെ വീക്ഷിക്കുന്നതും വരിവരിയായി ജോലിക്ക് വേണ്ടി ക്യൂ നില്‍ക്കുന്നതും ഒക്കെ നമ്മുക്ക് ചിരി വരുത്തുന്നുന്ടെങ്കിലും മുതലാളിത്തവ്യവസ്ഥിതിയിലെ സത്യങ്ങള്‍ ആണവ. രാഷ്ട്രീയനിലപാടുകള്‍ തെറ്റോ ശെരിയോ എന്നത് വേറെ വശം, പക്ഷെ സ്ലാപ്സ്റ്റിക്ക് പോലെ ഒരു ഴോനരില്‍ തന്‍റെ രാഷ്ട്രീയനിലപാടുകള്‍ എങ്ങനെ സന്നിവേഷിപ്പിക്കാം എന്ന് ഏതു ഫിലിം മേക്കരും അറിഞ്ഞിരിക്കേണ്ടുന്ന ചലനചിത്രരീതിയാണ് മോഡേണ്‍ ടൈംസ്‌.

വേലായുധനും പുഴയും ... ഒരു നിരീക്ഷണം..

ജോഷി സംവിധാനം ചെയ്ത് രഞ്ജന്‍ പ്രമോദ് രചന നിര്‍വഹിച്ച "നരന്‍" കഥാപരമായി വലിയ മേന്മ ഒന്നും അവകാശപെടാന്‍ ഇല്ലെങ്കിലും കുറച്ചു റിസ്ക്കി സ്റ്റണ്ടുകളും മുന്‍കാല സിനിമകളില്‍ കണ്ടുമടുത്ത മോഹനലാല്‍ എന്ന നടനിലെ ഹീറോയിസവും ഒക്കെ ചേരും പടി ചേര്‍ത്ത അടിസ്ഥാനപരമായി ഒരു ആക്ഷന്‍ സിനിമയാണ്. എന്നിരുന്നാലും പ്രേക്ഷകനെ ശെരിക്കും പിടിച്ചിരുത്തിയത് മുള്ളന്‍കൊല്ലി വേലായുധന്‍റെ ചില "സ്വഭാവങ്ങള്‍" ആണ്. നാടിന് വേണ്ടി ജീവിക്കുന്ന ചില്ലറ കടുംപിടുത്തവും സ്വന്തം നിയമങ്ങളും വാശികളും സ്നേഹവും തല്ലുകൊള്ളിത്തരവും ഒക്കെയുള്ള ആ സിനിമയില്‍ സായികുമാറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "ഇതെന്ത്‌ സാധനമാടോ..?" എന്ന് തോന്നിപോകുന്ന ക്യാരക്റ്റര്‍.
പുഴക്ക് ഈ സിനിമയിലുള്ള പങ്ക് സ്പഷ്ട്ടം ആണ്. സ്വയം ഒരു കഥാപാത്രമായും കഥാപശ്ചാത്തലാമയും ഒഴുകുകയാണ് മുള്ളന്‍കൊല്ലി പുഴ. എന്‍റെ ചെറിയ നിരീക്ഷണത്തില്‍ വേലായുധന്‍റെ ക്യാരക്റ്റര്‍ തിരകഥാകൃത്ത് രൂപപെടുത്തിയത് "പുഴ" യുടെ സ്വഭാവത്തില്‍ നിന്നാണ്. അത്രക്കുണ്ട് പുഴയും വേലായുധനും തമ്മില്‍ സാമ്യം.
മുള്ളന്‍കൊല്ലിയുടെ എല്ലാമെല്ലാം ആണ് ആ പുഴ. വേലായുധനും അങ്ങനെ തന്നെയാണ് അവിടുത്തെകാര്‍ക്ക്. വലുതായി ആണൊരുത്തന്‍ ആയപ്പോള്‍ വേലായുധന്‍ അമ്മയുടെ സ്ഥാനത്ത് കാണുന്നത് പുഴയെയാണ്. ഒരു പുഴ നാടിന് എങ്ങനെ നീരും നേര്‍മയും നല്‍കി പരിപോഷിപ്പിക്കുന്ന പോലെ വേലായുധനും നാടിന് വേണ്ടി ആണ് ജീവിക്കുന്നത്. പുഴക്ക് കൃത്യമായ ഒരു "ഗതി" ഉണ്ട്. അത് മാറ്റാന്‍ പാടാന്. വേലായുധനും കൃത്യമായ നിയമങ്ങള്‍ ഉണ്ട്. അത് ഷാപ്പിലാലായും ജീവിതത്തില്‍ ആയാലും, നാടിന് വേണ്ടി ആയാലും. ഒരു നാടിന്റെ മാലിന്യങ്ങള്‍ സ്വയം ഏറ്റുവാങ്ങി ആ നാടിനെ വൃത്തിയാക്കുന്നത് പുഴകള്‍. വേലായുധനും നാടിന്‍റെ "മാലിന്യം" ആയ കുന്നുമ്മല്‍ ശാന്ത എന്ന വേശ്യയെ സ്വയം ഏറ്റെടുത്തു നാട്ടാരില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. പുഴക്ക് പല ഭാവങ്ങള്‍ ഉണ്ട്. കുത്തി ഒഴുകും, ശാന്തമായി ഒഴുകും അങ്ങനെ പല തലങ്ങള്‍ ഉണ്ട്. വേലായുധനും ചിലാരോട് മെക്കട്ട് കേറും കൊപാകുലന്‍ ആവും എന്നാല്‍ വലിയ നമ്പ്യാരോടും കേളപ്പെട്ടനോടും പോലത്തെ ചിലരോട് കൊച്ചു കുട്ടികളെ പോലെയും പെരുമാറും. പുഴ ഒഴുകുന്ന സ്ഥലങ്ങള്‍ (ലാന്‍ഡ്‌സ്കേപ്പുകള്‍)ക്ക് അവ മാറ്റങ്ങള്‍ വരുത്തും . വേലായുധനും ചെന്ന് പെടുന്ന ചില കാര്യങ്ങളില്‍ സ്വയം ഇടപെട്ടു മാറ്റങ്ങള്‍ വരുത്തും(ജാനകിയുടെ പറമ്പില്‍ നിന്ന് തേങ്ങ ഇടാന്‍ ശ്രമിക്കുന്ന കുറുപ്പിനെ വേലായുധന്‍ എത്രിക്കുന്നത് ഓര്‍ക്കുക). പുഴ ഒരു അതിര്‍ത്തിയാണ്. മുള്ളന്കൊല്ലിയുടെ അവസാനവും അതിര്‍ത്തിയും വേലായുധന്‍ ആണ്. അതിനെ താണ്ടിയാലെ അവിടെ കാര്യങ്ങള്‍ നടക്കൂ. എത്ര കൂലംകുത്തി ഒഴുക്കുന്ന പുഴയും കെട്ടി തടഞ്ഞു നിര്‍ത്താന്‍ ഇന്ന് മനുഷ്യന് പറ്റും. വലിയ നമ്പ്യാര്‍ വേലായുധന്‍റെ കയ്യില്‍ കെട്ടുന്ന ചരടും അത്തരത്തില്‍ ഒരു "തടയണ" ആണ്. അത് കെട്ടി കഴിഞ്ഞാലും പൊട്ടിച്ച് കഴിഞ്ഞാലും ഉള്ള ഭവിഷ്യത്തും നമ്മള്‍ സിനിമയില്‍ കാണുന്നുണ്ട്.
അങ്ങനെ ഏറിയും കുറഞ്ഞും ആടിയും തിമാര്‍ത്തും ഒഴുകുന്ന ഒരു പുഴ തന്നെയാണ് വേലായുധന്‍. അറിഞ്ഞോ അറിയാതയോ പുഴയുടെ സ്വഭാവങ്ങള്‍ വേലായുധന് കല്പ്പിച്ചതാവാം രഞ്ജന്‍ പ്രമോദ്. അല്ലെങ്കില്‍ എന്‍റെ വട്ടന്‍ നിരീക്ഷണങ്ങള്‍ ആവാം. എന്തായാലും ആ സിനിമയില്‍ പുഴക്കുള്ള സ്ഥാനം വലുതാണ്‌.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു ?

കട്ടപ്പയുടെ മകന്‍ ആണ് ബല്ലാല്ദേവന്‍.. അതെ ഒരു ദുര്ബല നിമിഷത്തില്‍ കട്ടപ്പക്ക് ശിവകാമിയില് ഉണ്ടായ പുത്രന്‍.. പോളിയോ ബാധിച്ച പിങ്കളദേവന് ഇങ്ങനെ ഘടാഘടിയന്‍ ആയ ഒരു പുത്രന്‍ ഉണ്ടാവില്ലാ എന്ന് നമ്മുക്ക് തീര്ച്ചയായും അനുമാനിക്കാം.. ആകാരം കൊണ്ടും യുദ്ധകലകളിലെയും ആയോദ്ധനകലയിലെയും പ്രാവീണ്യം കൊണ്ടും അത് കട്ടപ്പയുടെ ചോര തന്നെയാണ്.. ഇനിയുമുണ്ട് ഈ അവിഹിതബന്ധം സ്ഥാപിക്കാനുള്ള ധാരാളം സൂചനകള്‍.. പിങ്കളദേവന്റെയും ശിവകാമിയുടെയും ദാമ്പത്യം സുഖകരം ആയിരുന്നില്ല.. അധികാരകൊതിയന്‍ ആയ അയാള്‍ ഒരു തികഞ്ഞ മദ്യപാനിയാണെന്ന് കാണിക്കുന്ന ഒന്ന് രണ്ടു സീനുകള്‍ ഉണ്ട്.. സ്വതവേ ദുര്ബല , പിന്നെ ഗര്ഭിണിയും എന്ന അവസ്ഥ ആവും പോളിയോ ബാധിതനും ഫുള്‍ ടൈം മധുസേവ നടത്തുന്ന ആളുടെ.. ആളെ കൊല്ലാനും ശംഖ് ഊതാനും അരി വാങ്ങാനും ഒക്കെ നാഴികക്ക് നാല്പതു വട്ടം "കട്ടപ്പാ.. കട്ടപ്പാ.. " എന്ന് വച്ച് കീറുവല്ലാരുന്നോ ശിവകാമി.. സുന്ദരനും സുശീലനും ഗള്‍ഫ്ഗേറ്റ് വിഗ്ഗ് ഉപയോഗിക്കാത്തവനും ആയ കട്ടപ്പയില് എപ്പോഴും കൂടെ നടക്കുന്ന ശിവകാമി അനുരക്തയാനെന്നു മഹിഷ്മതിയിലെ മൈല്‍ കുറ്റികള്ക്ക് വരെ അറിയാം.. അത് കൂടാതെ രണ്ടു വട്ടം വ്യക്തമായ സൂചന രാജമൌലി നല്കുന്നുണ്ട്.. “എന്‍ മകന്‍” / ''നം മകന്‍" എന്ന് ആവര്ത്തിച്ചു പറയുന്ന പിങ്കളദേവനെ തീരെ ഗൌനിക്കാതെ ശിവകാമി ഒഴിഞ്ഞുമാറുന്ന കാഴ്ച കാണുന്നുണ്ട്.. ഒന്ന് കുട്ടികള്‍ ജനിച്ചു കഴിഞ്ഞ ശേഷം ആളൊഴിഞ്ഞുകിടക്കുന്ന സിംഹാസനം കൈക്കലാകാന്‍ വരുന്ന കാപാലികനെ കൊന്ന ശേഷവും പിന്നീട് യുദ്ധം ജയിച്ചു ആരെ രാജാവാക്കണം എന്ന തര്ക്കം വരുമ്പോളും.. എന്‍ മകന്‍ എന്ന് വിശ്വസിച്ച് ജീവനുതുല്യം ബലാല്ദേവനെ സ്നേഹിക്കുന്ന പാവം പിങ്കളദേവന്‍റെ സ്ഥിതി നമ്മളില് അനുകമ്പ ഉണ്ടാക്കും.. കാലകേയ തലവന്‍ ശിവകാമിയോടു തോന്ന്യാസം പറയുമ്പോള്‍ പിങ്കളദേവനേക്കാള്‍ ദേഷ്യം നമ്മുക്ക് കട്ടപ്പയുടെ മുഖത്ത് കാണാം.. മഹിഷ്മതിയുടെ കവാടം സംരക്ഷിക്കാന്‍ എത്ര സൈനികര്‍ വേണം എന്ന് ആദ്യം ചോദിക്കുനത് ശിവകാമി കട്ടപ്പയോടു ആണ്.. ആദ്യം കട്ടപ്പയുടെ സുരക്ഷിതത്വം പിന്നെ രാജ്യസുരക്ഷ അത് കഴിഞ്ഞുള്ള സൈനികര്‍ വേണമെങ്കില് മക്കള്‍ എടുത്തോട്ടെ എന്നാണ് ശിവകാമിയുടെ ലൈന്‍.. മാത്രമല്ലാ അതി ഭീകരനായ ഒരു കാളകൂറ്റന്‍ മകനെ കുത്താന്‍ പാഞ്ഞടുക്കുമ്പോള്‍ ഏതൊരു അച്ഛനാണ് നോക്കി നില്ക്കാന്‍ കഴിയുക?.. ട്ടെക്ക്നിക്കളി തൊണ്ണൂറ് വയസ്സിനോട് അടുത്ത് പ്രായമുള്ള കട്ടപ്പ തന്‍റെ ബിപിയും ഷുഗറും അവശകതയും തൃണവത്കരിച്ചു സ്വന്തം മകനെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ കാഴ്ച ആരിലും കണ്ണീര് അണിയിപ്പിക്കും .. മകനെപോലെ തന്നെയാണ് അല്ലെങ്കില് അതിലും അപ്പുറത്താണ് കൊച്ചുമകന്‍ കട്ടപ്പക്ക്.. തനിക്കു എതിര്ത്ത് തോല്പ്പി ക്കാന്‍ ആവില്ലെങ്കിലും ശിവ ഭദ്രനെ ആക്രമിക്കുമ്പോള്‍ കട്ടപ്പ സ്വന്തം ചെറുമകനെ പിന്നിലേക്ക്‌ മാറ്റി നിര്ത്തി ജൂനിയര്‍ ബാഹുബലിയെ എതിരിടാന്‍ ഒരുങ്ങുന്നു.. തികച്ചും വ്യക്തവും സ്പഷ്ട്ടവും ആണ് കഥയില് ഈ ഒരു പിതൃ – പുത്ര ബന്ധം.. സ്വന്തം ചോരയില് പിറന്ന മകനെ രാജാവാക്കാന്‍ ഏതു അറ്റം വരെയും കട്ടപ്പ പോകും എന്നതിന്റെ ഉത്തമ ദ്രിഷ്ട്ടാന്തം ആണ് ചോറ് കൊടുത്ത കൈ കൊണ്ട് തന്നെ ബാഹുബലിയെ പിന്നില് നിന്നു കുത്തുന്നത്.. ഗ്രാഫിക്സിന്റെയും താരനിരയാല്‍ സമ്പുഷ്ട്ടമാക്കിയും അതി മനോഹരമായ ഒരു പിരീഡ് “അവിഹിത ബന്ധ” ത്തിന്‍റെ കരള്‍ അലിയിപ്പിക്കുന്ന കഥ ആണ് ബാഹുബലി..


വസ്ത്രാലങ്കാരത്തിന്റെ "സ്വദേശി" വത്ക്കരണം ...

 First, let me explain what "costume design" is. It's not the same as fashion design where the clothes have to be beautiful and glossy. Costume design is the art of creating a character and look. That depends on the film and its story.

ആറു പതിറ്റാണ്ടോളം ഹിന്ദി സിനിമയിലെ നായികാനായകന്മാരെ "തുണിയുടുപ്പിച്ച"  ഭാനു അത്തയ്യയുടെ അഭിമുഖത്തിലെ ചില ഉദ്ധരിണികള്‍  ആണിത്. അതെ 82 ലെ "ഗാന്ധി" സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഓസ്ക്കാര്‍ ലഭിച്ച ആദ്യത്തെ ഇന്ത്യാക്കാരി. പിരീഡ് സിനിമയിലോ അല്ലെങ്കില്‍ മിത്തോളജി - ഫാന്ടസി സിനിമകളില്‍ മാത്രമേ "വസ്ത്രാലങ്കാര" ത്തിന് പ്രാധാന്യമുള്ളൂ എന്ന ഭൂരിപക്ഷ ചിന്ത മാറ്റിയെഴുതിയ സ്ത്രീ. വസ്ത്രാലങ്കാരത്തെ  "വസ്ത്രകല"യായി കണ്ടവര്‍. ചരിത്ര സിനിമകളിലോ പുരാണ സിനിമകളിലോ ഒക്കെയല്ലേ കാലദേശാനുശ്രണമായി കോസ്റ്റ്യൂം റിസര്‍ച് ചെയ്ത് ഡിസൈന്‍ ചെയ്യേണ്ടതുള്ളൂ എന്നൊരു പൊതുധാരണ ഉണ്ടെന്നു തോന്നുന്നു. എന്നാല്‍ ഒരു സാദാ ഡ്രാമയില്‍ പോലും ഭാനു അത്തയ്യ നേരത്തെ പറഞ്ഞ പാത്രരൂപീകരണത്തില്‍ കോസ്റ്റ്യൂം ഡിസൈന്‍ന് എത്ര മാത്രം പങ്കുണ്ടെന്ന് അവര്‍ ഭാഗഭാക്കായ അവരുടെ പേര്‍സണല്‍ ഫേവറിറ്റ് സിനിമകളില്‍ ഒന്നായ  "സ്വദേശ്" ലൂടെ ഒന്ന് വിവരിക്കാന്‍ ശ്രമിക്കാം.

ഷാരൂക് ഖാന്‍റെ "മോഹന്‍" എന്ന കഥാപാത്രം നാസയില്‍ ജോലി ചെയ്യുന്ന ഒരു NRI ആണ്. ഹോളിവുഡ് സിനിമകള്‍ കണ്ടാല്‍ അറിയാം അമേരിക്കയിലെ ഓഫീസുകളില്‍ corporate ettiquette ന്‍റെ ഭാഗമായുള്ള ഡ്രസ്സ്‌ കോഡ് പൊതുവില്‍ ലൈറ്റ് ബ്ലൂ/ വൈറ്റ് ഷര്‍ട്ടുകള്‍ , സ്ട്രയിപ്പ്സ്/ചെക്സ്  ആണെങ്കില്‍കൂടി  വല്ലാത്ത പലപളപ്പില്ലാത്തവ, കറുപ്പ്/ഗ്രേ/ക്രീം പാന്‍റ്സ് ഒക്കെയാണ് പതിവ്. മോഹന്‍റെ വസ്ത്രങ്ങളും ഇത്തരത്തില്‍ ഉള്ളവയാണ്. ഇന്ത്യയിലേക്ക് വന്നിട്ടും പെട്ടെന്ന്‍ താന്‍ ശീലിച്ച ഡ്രസ്സ്‌ കോഡ് മാറ്റുന്നില്ല. ഉത്തരേന്ത്യയിലേക്ക് ആണ്  തന്‍റെ വരവ് എന്നറിയുന്ന മോഹന്‍ കോട്ടന്‍ ശ്രേണിയില്‍ ഉള്ളയവയാണ് കൂടുതലും ധരിക്കുന്നത് . കാരവനിലുള്ള യാത്രയും ജീവിതവും ആവുമ്പോള്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയ ജീന്‍സും ചില സീനുകളില്‍ കാണിക്കുന്നുണ്ട്. ബ്ലെസേര്സോ ജാക്കെറ്റോ ഒന്നും ഇല്ല. മാത്രമല്ല അയാള്‍ എപ്പോഴും ഷര്‍ട്ട്‌ "ടക്ക് ഇന്‍"  ചെയ്താണ് നടക്കാറ്. ഏറ്റവും റിയലിസ്റ്റിക് എന്ന് തോന്നിയ മറ്റൊരു കാര്യം കോസ്റ്റ്യൂം ആവര്‍ത്തനം ആണ്. മോഹന്‍ നാസയിലും മറ്റും ഇടുന്ന ചുവന്ന ചെക്സ് ഷര്‍ട്ട്‌, ഇളം നീല ഷര്‍ട്ട്‌, സ്ട്രയിപ്പ്സ് ഉള്ള ഡാര്‍ക്ക് ബ്ലൂ ഷര്‍ട്ട്‌ ഇന്ത്യയിലും ധരിക്കുന്നുണ്ട്. അല്ലാതെ ഓരോ സീനിലും ഓരോ ഡ്രസ്സ്‌ എന്ന ക്ലീഷേ ബോളിവുഡ്  ആഡംബരം  സിനിമയില്‍ ഇല്ല എന്നുള്ളത് ശ്രദ്ധേയം ആണ്.

മോഹന്‍റെ ലവ് ഇന്‍റെറസ്റ്റ്‌  ആയ ഗായത്രി ജോഷിയുടെ "ഗീത" എന്ന കഥാപാത്രം വിദ്യാസമ്പന്നയാണ്. സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്ന പാരമ്പര്യങ്ങളില്‍ അഭിമാനിക്കുന്ന സെല്‍ഫ് എസ്റ്റീം ഉള്ള യുവതി. അദ്ധ്യാപനവൃത്തി സ്വീകരിച്ച ഗീത ജോലി സ്ഥലത്തും പുറമെയും കൂടുതലും സാരിയില്‍ ആണ്. വളരെ മിനിമല്‍ എന്ന് തോന്നിപ്പിക്കുന്ന മാച്ചിംഗ് ആയ  ബ്ലൌസും സാരിയുടെയും മറ്റും ഡിസൈന്‍. വീട്ടിലും രാത്രിയിലും മറ്റും മാത്രമാണവര്‍ ചുരിദാര്‍ ധരിക്കുന്നത്. അതും നേരത്തെപറഞ്ഞ പോലെ ഫ്ലാഷി അല്ലാത്ത കണ്ണിന് കുളിര്‍മയുള്ള മയത്തില്‍ ഉള്ള കളറുകള്‍ ആണ് അധികവും. വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നും ഗീതക്കില്ല. വസ്ത്രധാരണരീതിയിലും പെരുമാറ്റത്തിലും അവര്‍ സിമ്പിള്‍ ആണ് ബട്ട്‌ പവര്‍ഫുള്‍ (സ്വാഭിമാനി ആണ്)..

കിഷോറി ജലാല്‍ അവതരിപ്പിക്കുന്ന മോഹന്‍റെ ആയ "കാവേരി അമ്മ". "കാവേരി" എന്ന  പേരിലും "അമ്മ" എന്ന് അഭിസംബോധന ചെയ്യുന്ന രീതിയിലും അവര്‍ ഒരു ദക്ഷിണേന്ത്യന്‍ കണക്ഷന്‍ തോന്നിപ്പിക്കുന്നുണ്ട്. അത് ശരി വക്കുന്ന രീതിയില്‍ എന്നോണം ഒരു മദ്ധ്യവയസ്ക്ക ധരിക്കാന്‍ ഇഷ്ട്ടപെടുന്ന പച്ചയോ ഓറഞ്ചോ പ്ലയിന്‍ സാരികള്‍; പക്ഷെ കസവ് എന്ന് തോന്നിപ്പിക്കുന്ന കരയുള്ളത്. തമിഴ് നടി മനോരമയുടെ ഒക്കെ ഒരു ലുക്ക് വസ്ത്രധാരണത്തില്‍ തോന്നിപ്പിക്കുണ്ട്. സ്നേഹവും വാത്സല്യവും എപ്പോഴും മുഖത്ത് തോന്നിപ്പിക്കുന്ന പ്രകൃതവും വസ്ത്രങ്ങളും.

ഇവര്‍ മൂന്നു പേരും സിനിമയില്‍ നല്ല പ്രാധാന്യം ഉള്ളതുകൊണ്ട് മാത്രം വിഷയം അവരിലേക്ക് മാത്രമായി ചുരുക്കിയത്. സിനിമയില്‍ ഒരു സീനില്‍ പോലും വരുന്ന വെള്ളം വില്‍ക്കുന്ന ബാലനായാലും ബള്‍ബ്‌ കത്തുമ്പോള്‍ ചിരിക്കുന്ന മുത്തശ്ശിയായാല്‍ പോലും ഭാനു അത്തയ്യയുടെ മികവ് പ്രകടമാണ്. കോസ്റ്റ്യൂം ആവര്‍ത്തനം ഈ മൂന്നു കഥാപാത്രങ്ങളിലും നമ്മുക്ക് കാണാന്‍ കഴിയുന്നുണ്ട്. ഓസ്ക്കാര്‍ അത്തയ്യക്ക് എത്ര മാത്രം അര്‍ഹമാണെന്ന് ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ തരിമ്പ്‌ പോലും അവശേഷിക്കാതെ  ആ  സംശയം ഇല്ലാതാക്കിയിരിക്കുകയാണ് അവര്‍ തന്‍റെ സിനിമകളിലെ വസ്ത്രാലങ്കാരത്തിലൂടെ. അഭിമാനിക്കാം അവരെ ഓര്‍ത്ത്.




"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...