Reel and Real Notions

Wednesday, February 24, 2016

കുട്ടി മനുഷ്യബോംബുകളുടെ "വിശ്വരൂപം"..



സ്വന്തം പിതാവിന് അന്ത്യചുംബനം നല്‍കി മനുഷ്യബോംബ്‌ ആവാന്‍ പോകുന്ന പതിനൊന്ന് വയസ്സുക്കാരന്റെ വാര്‍ത്ത മൂന്ന് ദിവസം മുമ്പ് വായിച്ചു. മനക്കരുത്ത് ഇലാത്തതിനാല്‍ വീഡിയോ കണ്ടില്ല. ആശയസംഹിത എന്ത് തന്നെയായാലും വിവേചനാധികാരം ഇല്ലാത്ത പ്രായത്തില്‍ കുട്ടികളെ ബ്രയിന്‍വാഷ് ചെയ്ത് സ്വയം ചാകാന്‍ വിടുന്നത് ക്രൂരവും നിന്ദ്യവുമാണ്‌. എട്ട് മുതല്‍ പതിനാറ് - പതിനേഴ്‌ വയസ്സുള്ള കുട്ടികളെ ആണ് ഈ പ്രക്രിയക്ക് സാധാരണ ഉപയോഗിച്ച് വരുന്നതെന്ന് ഒരു ആര്‍ട്ടിക്കിളില്‍ വായിച്ചു. നിരീക്ഷ്ണപാടവവും അറിയാനുള്ള ആഗ്രഹവും ഏറ്റവും കൂടുതല്‍ ഉള്ള ആ പ്രായത്തില്‍ ആണ് പൊതുവേ തീവ്രവാദസംഘടനകള്‍ കുട്ടികളില്‍ അവരുടെ ആശയങ്ങളും അതിന് വേണ്ടി മരിക്കുന്നത് മഹത്തരവും ആണെന്ന് കുട്ടികളുടെ മനസ്സില്‍ കുത്തിവക്കുന്നത്. ബ്രയിന്‍വാഷിംഗ് എളുപ്പത്തില്‍ സാധിക്കുന്ന പ്രായം. അതും സ്കൂള്‍ വിദ്യാഭ്യാസമോ ഒന്നും നല്‍ക്കാത്ത കുട്ടികളില്‍ വളരെ എളുപ്പം ഇത് സാധിക്കുന്നു.

 തെറ്റില്ലാത്ത ഒരു സ്പൈ ആക്ഷന്‍ സിനിമ എന്നതില്‍ കവിഞ്ഞ് സാധാരണ കമലഹാസന്‍ സിനിമകളെ പോലെ അത്ര ഗഹനമായ ചിന്തകളോ മെറ്റഫറുകളോ ഒന്നും മുന്നോട്ട് വക്കാത്ത ഒരു സിനിമയായിരുന്നു "വിശ്വരൂപം". എന്നാല്‍ സിനിമയില്‍ അന്ന് കണ്ടപ്പോള്‍ ഏറ്റവും മനോഹരവും സിമ്പോളിക്കും ആയ ഒരു സീന്‍ ആണിത്. നേരത്തെ പറഞ്ഞ മാനസികമായും ശാരീരികമായും പക്വത കൈവരാത്ത പ്രായത്തില്‍ കുട്ടികളെ മനുഷ്യബോംബ്‌ ആക്കുന്നതിന്‍റെ കാരണം വളരെ ടച്ചിംഗ് ആയി കമലഹാസന്‍ എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്. ഒമറിന്റെ മകന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്ന ഭാവിയില്‍ ഡോക്ട്ടര്‍ ആവണമെന്ന് അഭിലാഷങ്ങള്‍ ഉള്ള പത്ത് വയസ്സുകാരന്‍ ആണ്. വിസാം (കമല്‍) ആ കുട്ടിയെ ഊഞ്ഞാല്‍ ഇരുത്തി ആട്ടാന്‍ ശ്രമിക്കുമ്പോള്‍ "ഞാന്‍ കൊച്ചു കുട്ടിയല്ല" എന്ന് പറഞ്ഞു ഇറങ്ങിപോരുന്നു. മറിച്ച് പിറ്റേ ദിവസം സൂയിസൈഡ് ബോംബ്‌ ആവാന്‍ പോകുന്ന മുതിര്‍ന്ന യുവാവ് കുട്ടിയെപോലെ ഊഞ്ഞാലില്‍ വന്നു ഇരുന്നു "എന്നെ ആട്ടു" എന്ന് വിസാമിനോട് ആവശ്യപെടുന്നു.

 ഇവിടെ ആര്‍ക്കാണ് കൂടുതല്‍ "പക്വത" ?. കൌമാരക്കാരന്‍ ആയിരുന്നിട്ടും വലിയ വിദ്യാഭ്യാസം ഒന്നും നേടാത്ത അവനെ എളുപ്പം ബ്രയിന്‍വാഷ് ചെയ്ത് തന്‍റെ ജന്മോദ്ദേശം "മരിക്കുന്നതും സ്വര്‍ഗ്ഗം കിട്ടുന്നതും" ആണെന്ന് വിശ്വസിപ്പിച്ച് മനുഷ്യബോംബ് ആവാന്‍ വിടുന്നു. അവന്‍ ആടുമ്പോള്‍ മുകളിലേക്ക് ഉള്ള പോക്ക് ആസ്വദിക്കുന്നുണ്ട്. അതായത് മരിക്കുന്നത് സന്തോഷവാനായി എന്ന രീതിയില്‍. ബ്രില്ലന്റ്റ് സീന്‍ ആണിത്. ഇന്നും പ്രസക്തമായ രംഗം.!!.. കമലഹാസനില്‍ ഇപ്പോഴും ക്രിയേറ്റിവിറ്റി മനസ്സില്‍ ഉണ്ടെന്ന് തെളിയിക്കുന്ന രംഗം..


at February 24, 2016 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: നിരീക്ഷണം

കാസ്റ്റ് എവേ സിനിമയും ദൈവസങ്കല്‍പ്പവും

സമൂഹജീവി എന്ന നിലയില്‍ ഒറ്റപെടല്‍ ആണ് മനുഷ്യന്‍ ഇഷ്ട്ടപെടാത്ത ഏറ്റവും വലിയ അവസ്ഥ. സെലക്റ്റീവ് ആയുള്ള അന്തര്‍മുഖത്വം അല്ല മറ്റു മനുഷ്യരുടെ സഹവാസം ഇല്ലാതെ ജീവിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തെയാണ്‌ സൂചിപിച്ചത്. ദ്വീപുകളിലെ സര്‍വൈവല്‍ കഥകളില്‍ അല്ലെങ്കില്‍ ഐ അം ലെജന്‍ഡ് പോലെയുള്ള സിനിമകളില്‍ ആണ് ഈ ഒരു ഭീതിതമായ അവസ്ഥ പലപ്പോഴും കാണിക്കുന്നത്. ഇവിടെ ആണ് മനുഷ്യന്‍ കൂട്ടുകൂടാനും ഒരു സഹജീവിയുടെ താങ്ങ് ആഗ്രഹിക്കുന്നത്. എതിര്‍ലിംഗത്തില്‍ പെട്ട ആള്‍ തന്നെയാവണമെന്നില്ല കാരണം ഇണചേരലിനേക്കാള്‍ പ്രാധാന്യം ഇവിടെ ഒറ്റപെടലിന്റെ വിരസത അകറ്റാനും സംസാരിക്കാനും ഒരാളെ കിട്ടുക എന്നതാണ്. ഐ അം ലെജന്‍ഡ് ഇല്‍ വില്‍ സ്മിത്ത് കടകളിലെ പ്രതിമകള്‍ ആയ mannequin കളോട് സംസാരിക്കുന്നത് ഒക്കെ ശ്രദ്ധിക്കുക.

പക്ഷെ ഇതിന്‍റെ ഏറ്റവും detail ആയുള്ള പരിണാമം കാണിക്കുന്നത് കാസ്റ്റ് എവേ എന്ന സിനിമയില്‍ ആണ്. പലപ്പോഴും ചര്‍ച്ചകളില്‍ ടോം ഹാങ്ക്സിന്റെ അഭിനയചാരുതിയില്‍ അല്ലെങ്കില്‍ ബോഡി ട്രാന്‍സ്ഫോം ചെയ്തു എന്നൊക്കെ ഒതുങ്ങിപോവുന്ന ഒന്നാണ്. എന്നാല്‍ നല്ല ഒരു സൈക്കോളജിക്കള്‍ അനാലിസിസ് ആണ് ഈ സിനിമ തുറന്നു വക്കുന്നത്. അതും മനുഷ്യന്‍റെ കൂട്ടുകൂടാനുള്ള വാസനയില്‍ തുടങ്ങി ദൈവസങ്കല്‍പ്പത്തിലേക്ക് തന്നെ പരിണമിക്കുന്ന തിയറി. വിത്സണ്‍ എന്ന വോളിബോള്‍ ആണ് ഇവിടെ ഇതെല്ലാം. ഒറ്റ പെട്ടുപോയ ദ്വീപില്‍ തന്‍റെ വികാരവിചാരങ്ങള്‍ പങ്കുവെക്കാന്‍ വെമ്പുന്ന ചക്കിന് കിട്ടുന്ന ഇമാജിനറി ഫ്രെണ്ട് ആണ് വിത്സണ്‍. റോബിന്‍ സണ്‍ ക്രൂസ്സോ ദ്വീപില്‍ ഒറ്റപെട്ടപ്പോള്‍ തത്തയോടും മറ്റു ജീവജാലങ്ങലോടും സംസാരിക്കാന്‍ ശ്രമിച്ച് ഒറ്റപെടല്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് വായിച്ച ഓര്‍മയുണ്ട്. തന്‍റെ ആശയങ്ങളും പങ്കു വെക്കാന്‍ ചക്ക് വില്‍സണ് ഒരു രൂപവും കൊടുക്കാന്‍ ശ്രമിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം ആണ് വിത്സണ്‍. അവര്‍ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് ചക്ക് തീയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ്.

 എന്തിലെക്ക് നോക്കി പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെ നമ്മള്‍ ആഗ്രഹിക്കുന്നുവോ അത് സഫുലീകരിക്കാന്‍ ഉള്ള സാധ്യതകള്‍ കൂടുതല്‍ ആണ്. ദൈവസങ്കല്‍പ്പങ്ങളുടെയും മതങ്ങളുടെയും തുടക്കം ഇങ്ങനെ തന്നെ ആവാനം. ഗുഹാവാസിയായ ഒറ്റപെട്ട മനുഷ്യന്‍ തന്‍റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഒരു ഉത്പ്രേരകം വേണമായിരുന്നു. രൂപവും ഭാവവും പേരും അവന്‍ തന്നെ കൊടുത്തു. ഒറ്റപെട്ട മനുഷ്യന്‍ ആണ് സൂപര്‍നാച്വറല്‍ അല്ലെങ്കില്‍ ഡിവൈന്‍ ചിന്തകള്‍ കൂടുതല്‍ സ്വാധീനിക്കുക എന്ന് ശാസ്ത്ര പഠനങ്ങള്‍ തെളിച്ചിട്ടുണ്ട്. ട്രോമ യുടെ ലക്ഷണങ്ങളിലേക്ക് ചക്ക് പോവുമ്പോള്‍ ആണ് വിത്സണ്‍ വരുന്നത്. സ്വയം preserve ചെയ്യാന്‍ ചക്ക് കണ്ട മാര്‍ഗം ആണ് വിത്സണ്‍. ആഴത്തില്‍ ചിന്തിച്ചാല്‍ ഈ സിനിമ ശെരിക്കും ദൈവസങ്കല്‍പ്പങ്ങള്‍ക്ക് ഇട്ടൊരു നല്ല കൊട്ട് ആണ്.


at February 24, 2016 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: അവലോകനം

അവതാര്‍ സിനിമയും ഹിന്ദുയിസവും

വാണിജ്യപരമായും സാങ്കേതികമായും ലോകത്തിലെ ഒരുപക്ഷെ ഏറ്റവും വലിയ "ബ്രഹ്മാണ്ട" സിനിമ തന്നെയാവും ജെയിസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ . സിനിമയുടെ കലാപരമായ മേന്മയെ പറ്റിയും ഒരു പാരലെല്‍ യൂനിവേര്സ് തന്നെ സൃഷ്ട്ടിച്ച സംവിധായകന്‍റെ സര്‍ഗാത്മകതയെ പറ്റിയും അതില്‍ ഉപയോഗിച്ച ടെക്നോളജിയെ പറ്റിയും ധാരാളം ചര്‍ച്ചകള്‍ വന്നിട്ടുള്ളതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. എന്നാല്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കോണ്‍ഫ്ലിക്റ്റ് എന്ന ബേസിക്ക് തീമില്‍ വരുന്ന സിനിമ മുന്നോട്ട് വക്കുന്ന സൂചനകളില്‍ മതം, ആത്മീയത, സാമ്രാജ്യവിരുദ്ധത, കോര്‍പറേറ്റ് കൊതി പിന്നെ അവസാനമായി അമേരിക്കയുടെ ചെയ്തികളെ തന്നെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. എന്നിരുന്നാലും ഹിന്ദു മിത്തോളജി തന്നെ സ്വാദീനിചിട്ടുണ്ട് എന്ന തുറന്നു പറഞ്ഞ സംവിധായകന്‍ സിനിമയില്‍ ഉപയോഗിച്ച സന്ദര്‍ഭങ്ങളിലും പാത്രരൂപീകരണത്തിലും എത്രത്തോളം അതുണ്ടെന്ന ഒരന്വേഷണം ആണ് ഈ പോസ്റ്റ്‌.
1. "അവതാര്‍" എന്ന സംസ്കൃത നാമം തന്നെയാണ് സിനിമക്ക്. ഏറ്റവും പ്രത്യക്ഷമായ ഹൈന്ധവചിച്നം തന്നെയാണത്. ആ സങ്കല്‍പ്പത്തില്‍ ഒരു പ്രത്യേക ഉദ്ദേശം വച്ച് കാലാകാലങ്ങളില്‍ മനുഷ്യരൂപം ആയി പിറവി എടുക്കുന്ന എടുക്കുന്ന ദൈവത്തിന്‍റെ നിര്‍വചനമാണത്. യാദൃശ്ചികമാണെങ്കില്‍ കൂടി ജേക്ക് സള്ളി അവതാരമാവുകയും പിന്നീടുള്ള ദൌത്യത്തിലെക്കുള്ള യാത്ര ആണ് "അവതാര്‍" സിനിമ.
2 . നാവി ഗ്രീറ്റിംഗ് - I See You എന്ന് സംബോധന ചെയ്തുകൊണ്ടാണ് നാവി മറ്റൊരാളെ ഉപചാരം ചൊല്ലുക. ഞാന്‍ കാണുന്നു എന്നര്‍ത്ഥം വരുന്ന ഇതിന്‍റെ മറ്റൊരു രൂപമാണ് "നമസ്തെ". യഥാക്രമം തര്‍ജമ ചെയ്‌താല്‍ "ഞാന്‍ നിന്നിലെ ദൈവീകതയെ കാണുന്നു " എന്ന് വരും. നെയ്ട്രി ജേക്ക് സള്ളിയെ അപ്പൂപ്പന്‍ താടി പോലെയുള്ള ട്രീ ഓഫ് സോള്‍ ന്‍റെ വിത്തുകള്‍ കൊണ്ട് മൂടപെട്ട നിലയില്‍ കാണുമ്പോള്‍ അവനില്‍ എന്തോ "divine power" ഉണ്ടെന്ന തിരിച്ചറിവില്‍ പറയുന്നത് ശ്രദ്ധിക്കുക.
3 .നിറം - നാവികള്‍ നീല നിറമാണ്. മുപ്പത്തിമുക്കോടി ദൈവകള്‍ ഉണ്ടെന്നു പറയുന്ന ഹിന്ദു സംസ്ക്കാരത്തില്‍ ഏറ്റവും ആരാധിക്കപെടുന്ന ചിലര്‍ ആയ രാമനും, കൃഷ്ണനും പിന്നെ ചില ദേവതകളും ഒക്കെ ചിത്രങ്ങളിലും പുരാണങ്ങളിലും കണ്ടും കേട്ടും അറിഞ്ഞ സ്ഥിതിക്ക് അവര്‍ക്ക് "നീല" നിറമാണ്. ജെയിസം കാമറൂണ്‍ ഇത് ഏതോ അഭിമുഖത്തില്‍ സമ്മതിച്ചതായും കാണുന്നുണ്ട്.
4 .തിലകം - നാവികളുടെ മുഖത്ത് സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന തിളങ്ങുന്ന മൂന്നു കുത്തുകള്‍ നെറ്റിയില്‍ കാണാം. കുറി തൊടുന്നതും മറ്റും ഹൈന്ദവസങ്കല്‍പ്പങ്ങളുടെ ഭാഗമായ ദൈവങ്ങളിലും അതിനെ പിന്തുടരുന്ന വിശ്വാസികളിലും കാണാം. ഇതും യാദൃശ്ചികമായി വന്നതാകാന്‍ സാധ്യതയില്ല.
5. വാഹനം - ഹിന്ദു ദൈവങ്ങള്‍ പൊതുവേ "വാഹന" പ്രിയര്‍ ആണ്. മുരുഗന് മയില്‍, ഗണപതിക്ക് എലി അങ്ങനെ പലര്‍ക്കും യാത്രാനിവാരണത്തിനും ആജ്ഞാനുവര്‍ത്തിയായും ഓരോ മൃഗങ്ങളോ പക്ഷികളോ ഉണ്ടാകും. നാവികളും "ഇക്രാന്‍" എന്ന് വിളിക്കപെടുന്ന പറക്കാന്‍ കഴിവുള്ള ജീവികളെ മെരുക്കിയെടുത്ത് തങ്ങളുടെ വാഹനമാക്കുന്നുണ്ട്. വിഷ്ണുവിന്‍റെ വാഹനമായ ഗരുടനില്‍ നിന്ന് ഇക്രാന്‍ പ്രചോദനം എടുത്തു എന്ന് നിരൂപിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു.
6 .അവതാര പിറവി - വിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളില്‍ കുറച്ചു സൂത്രശാലി എന്ന് പറയാവുന്ന ഒന്നാണ് സ്ത്രീ വേഷത്തില്‍ എടുത്ത മോഹിനി. വിലപിടിപ്പുള്ള "അമൃതം" കൈക്കലാക്കാന്‍ വേണ്ടി പാലാഴി കടഞ്ഞ ദേവന്മാരും അസുരന്മാരും തര്‍ക്കം വന്നപ്പോള്‍ ഉണ്ടായ അവതാരം. ഇവിടെയും RDA കമ്പനി വിലപിടിച്ച "unobtanium" ഖനനം ചെയ്യുമ്പോള്‍ നാവികളുമായി തര്‍ക്കത്തില്‍ ആണ് എക്സോ ബയോളജിസ്റ്റ് ആയ ഗ്രേസിന്റെ നേതൃത്തത്തില്‍ "അവതാര്‍" എന്ന പ്രോഗ്രാം വരുന്നത്.
7 .ദൈവിക ശബ്ദം /പാട്ട് - എയ്വ യുടെ എന്ന് കരുതപെടുന്ന പാട്ട് വച്ചാണ് നാവികള്‍ കാലഗണനം ചെയ്യുന്നത്. നെയ്ത്രി ജെക്കിനോട് മുതുമുത്തച്ചന്‍ ടരൂക് മക്ടോ എന്ന ഭീമാകാരനായ "ഇക്രാനെ" മെരുക്കിയത് സംബന്ധിച്ച് "and only five have managed that feat since the time of the First Songs" എന്ന് പറയുന്നുണ്ട്. എന്‍റെ നിരീക്ഷണത്തില്‍ ഒരു ശബ്ദം കേട്ട സമയം എന്ന് വരുന്ന കാലനിര്‍ണ്ണയം. ഹൈന്ദവ സങ്കല്‍പ്പത്തിലെ പുരാണങ്ങളിലെ "അശരീരിയും" പിന്നെ കോസ്മിക്ക് സൌണ്ട് എന്ന് വിശേഷിപ്പിക്കാവുന്ന "ഓംകാര" ധ്വനിയും ഒക്കെ ഈ ഒരു divine song എന്ന സംഗതിയോടു ചേര്‍ത്ത് വായിക്കാവുന്നതാണ്.
8 .എയ്വ എന്ന ദേവത - ദേവത അല്ലെങ്കില്‍ സ്ത്രീ ദൈവം എന്ന സങ്കല്പം ഹിന്ദുക്കള്‍ക്ക്‌ ധാരളമുണ്ട്. ഗ്രീക്ക് പുരാണങ്ങളില്‍ ഒക്കെ goddess ഉണ്ടെങ്കിലും നമ്മുക്ക് പരിചിതമായ സെമിറ്റിക്ക് മതങ്ങളില്‍ അത് കേട്ടിട്ടില്ല (അറിവ് തെറ്റാണെങ്കില്‍ തിരുത്താം). അത്തരത്തില്‍ സര്‍വ ചരാചരങ്ങളും ഉള്ക്കൊള്ളുന്ന ഒരു "ദേവത" ആണ് നാവികള്‍ക്ക് Eywa.
9 .ഹോം ട്രീ - ധാരാളം unobtanium ഡപ്പോസിറ്റ് ഉണ്ടെന്നു കരുതപെടുന്ന നാവികളുടെ ഹോം ട്രീ. സിനിമയുടെ അവസാനം നശിപിക്കപെടുന്ന ഈ വലിയ മരത്തിനു ഹൈന്ദവസങ്കല്‍പ്പത്തില്‍ പ്രാധാന്യം ഉള്ള "ആല്മര" ത്തോടാണ് സാമ്യം. വലിയ വിസ്തൃതിയും ഉയരവും രൂപഘടനയും ശ്രദ്ധിക്കുക.
10 .പരകായ പ്രവേശം - മറ്റൊരു കോണ്‍സപ്റ്റ് ആയ കൂട് വിട്ടു കൂട് മാറല്‍ . സിനിമയുടെ അവസാനത്തോടെ ജേക്ക് തന്‍റെ മനുഷ്യരൂപം (ബോഡി) ഉപേക്ഷിച്ചു Eywa യുടെ സഹായത്താല്‍ നാവി ബോഡിയില്‍ കേറുന്ന പ്രക്രിയ. ശരീരം വിട്ടു ആത്മാവ് മറ്റൊരു ശരീരം തെടിപോകുന്ന അവസ്ഥകള്‍ പുരാണങ്ങളില്‍ കേട്ട് ശീലിച്ചിട്ടുണ്ട്.
11. വസുദൈവകുടുംബകം - ഉപനിഷത്തില്‍ ഈ കണ്‍സെപ്റ്റ് പ്രകാരം എല്ലാ ജീവജാലങ്ങളും ഒരു കുടുംബമാണ് . ഗ്രേസിന്റെ വാക്കുകള്‍ കടമെടുത്താല്‍ " It's a network - a global network.What we think we know - is that there's some kind of electrochemical communication between the roots of the trees. Like the synapses between neurons." എല്ലാ ചരാചരങ്ങളും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിന്റെയും എല്ലാം ഒന്നാണെന്നും ഉള്ള സങ്കല്പം.
ചികഞ്ഞു നോക്കിയാല്‍ ഇനിയും കാണാവുന്ന ധാരാളം ഹൈന്ദവ ചിഹ്നങ്ങള്‍ ഉണ്ടായേക്കാം. സംവിധായകന്‍റെ ഹിന്ദുയിസത്തോടുള്ള താത്പര്യം വച്ച് നോക്കുമ്പോള്‍ ഇതൊന്നും യാദൃശ്ചികമായി കാണാനും പറ്റുന്നില്ല. ഇത് മതപരമായോ പോസ്റ്റോ മതത്തെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റ് അല്ല. സിനിമയുടെ ടൈറ്റില്‍ ആയ "അവതാര്‍" എന്ന സംസൃത വാക്ക് തേടി പോയപ്പോള്‍ റിസര്‍ച് ചെയ്തപ്പോള്‍ കിട്ടിയതും എന്‍റെ സ്വന്തം നിരീക്ഷണങ്ങളും സമാഹരിച്ചു എഴുതിയത് ആണ്. നന്ദി. I See You ..!!

Sreehari Swara's photo.
at February 24, 2016 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: അവലോകനം, നിരീക്ഷണം

Tuesday, February 23, 2016

ഹേ റാം സിനിമയിലെ ലൈംഗികത..


സിനിമയിലെ സെക്സ് സീനുകള്‍ സാധൂകരിക്കുന്നത്‌ പലപ്പോഴും അത് സിനിമയുടെ മൊത്തം തീമിനെയോ അല്ലെങ്കില്‍ കഥാപാത്രത്തിന്റെ സ്വഭാവത്തെയോ കാണുന്നവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുമ്പോള്‍ ആണ്. ഉദാഹരണം ചാപ്പകുരിശിലെ ചുംബനം എക്സ്പ്ലിസിറ്റ് ആയി കാണിച്ചതുകൊണ്ട് മാത്രം ആണ് ആ ക്ലിപ്പ് പുറത്ത് പോയാല്‍ ഉള്ള ഭവിഷ്യത്ത് നമ്മുക്ക് ബോധ്യപെടുന്നതും ഫഹദിന്റെ ക്യാരക്റ്റര്‍ ചെയ്യുന്ന പരാക്രമങ്ങളെ അര്‍ത്ഥവത്തായി കാണാന്‍ പറ്റുന്നതും. അതിന് പകരം രണ്ടു കിളികള്‍ കൊക്കുരുമ്മുന്ന സീന്‍ ആയിരുന്നെങ്കില്‍ പടം മാരക കോമഡി ആവുമായിരുന്നു. ഇവിടെ ആണ് ചൂടന്‍ രംഗങ്ങളുടെ ആവശ്യകത. ഇങ്ങനെ യാതൊരു നീതികരണവും ഇല്ലാതെ വെറുതെ തുണ്ട് കാണിക്കാന്‍ വേണ്ടി മാത്രം പടച്ചു വിടുന്ന സീനുകള്‍ ആണ് അരോചകം ആയി മാറുന്നത്.

 ഇങ്ങനെ ഒക്കെ മെചൂരിട്ടിയോടെ ഇത്തരം രംഗങ്ങളെ സമീപിക്കുന്നവര്‍ പോലും പലപ്പോഴും കമലഹാസനെ ഇതിന്‍റെ ഒക്കെ പേരില്‍ പ്രതികൂട്ടില്‍ കയറ്റാറുണ്ട്. ചുംബനവീരന്‍ എന്നൊക്കെയുള്ള വിളികള്‍ നമ്മള്‍ കേട്ടും പരിചയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പല സിനിമകളിലും ഉള്ള ലിപ് ലോക്കും മറ്റു ലൈംഗികകേളികളും അതിരുവിട്ടതായും ഒരാവശ്യമില്ലാതെയെന്നും വാദഗതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ചുംബനം പങ്കാളിയോട് ഇഷ്ട്ടം പ്രകടിപ്പിക്കാന്‍ ഉള്ള ഏറ്റവും ലഘു മാര്‍ഗം ആയി കണ്ടാല്‍ പോലും പലരും വാളോങ്ങുന്നത് സെക്സ് സീനുകളിലെക്ക് ആണ്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം എറ്റുവാങ്ങിയ ഒരു കിടപ്പറ രംഗം ആണ് "ഹേ റാം" എന്ന സിനിമയിലേത് . എന്നിക്കാവുന്ന അറിവ് വച്ച് അതൊന്നു എക്പ്ലയിന്‍ ചെയ്യാന്‍ ശ്രമിക്കാം. 

വസുന്ധരദാസിന്റെ മൈഥിലി എന്ന ക്യാരക്ട്ടരും കമലിന്‍റെ സാകേത് എന്ന ക്യാരക്ട്ടരും തമ്മില്‍ ഉള്ള സീനുകള്‍ ശെരിക്കും പറഞ്ഞാല്‍ ഒഴിവാക്കാന്‍ പറ്റാത്തതും സിനിമയുടെ മൊത്തം തീമിനെ അല്ലെങ്കില്‍ സാകേതിന്റെ സ്വഭാവത്തെ ഏറ്റവും ഊര്‍ജിതമായി പ്രോജെക്റ്റ്‌ ചെയ്യുന്നതും ആണെന്നാണ്‌ എന്‍റെ എളിയ നിരീക്ഷണം. രണ്ടു സിമ്പോളിക്ക് സീനുകള്‍ കൊണ്ട് സാകേതിന്റെ പ്രൊഫഷനും പിന്നെ മനസ്സിലെ ആശയവും അനാവരണം ചെയ്യുന്നുണ്ട്. കെട്ടിപുണര്‍ന്നു കൊണ്ട് കട്ടിലിലേക്ക് വീഴുന്ന മാത്രയില്‍ ഗ്രാഫിക്സിന്‍റെ സഹായത്താല്‍ അവര്‍ മേഘങ്ങളിലൂടെ താഴേക്ക് ഊര്‍ന്ന് പതിക്കുന്നതായി കാണിക്കുന്നുണ്ട്. താഴെ നമ്മുക്ക് മോഹന്‍ജോദാരോയുടെ ശേഷിപ്പുകള്‍ കാണാം. സാകേത് ആര്‍ക്കിയോളജിക്കള്‍ വകുപ്പില്‍ ജോലി ചെയ്യുന്നതായും അവിടെ ഖനനം ചെയ്യുന്നതായും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. വേണമെങ്കില്‍ കുറെനാള്‍ മൂടപെട്ട് കിടന്നു സംസ്കാരമായ മോഹന്‍ജോദാരോ ഖനനം ചെയ്ത് പുറത്തെടുത്ത പോലെ സ്ത്രീശരീരം അല്ലെങ്കില്‍ ലൈംഗികത കണ്ടെത്താനുള്ള വ്യഗ്രത എന്ന് വെറുതെ ഒരു വാദഗതി ഉയര്‍ത്താം. എന്നാല്‍ മറ്റൊരു ഫേമസ് രംഗം ആയ മൈഥിലിയുടെ ശരീരം ഒരു വലിയ തോക്കായി മാറുന്നതും അതിനെ സാകേത് താലോലിച്ചു ഉമ്മ വക്കുന്നതും ഉണ്ട്. സാകേതിന്റെ മനോനിലയെ അല്ലെങ്കില്‍ സിനിമയുടെ പ്രധാന തീമിനെ അതിവിദഗ്ദമായി സന്നിവേശിപ്പിക്കുകയാണ് ഇവിടെ. ഏതൊരു മനുഷ്യനും സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റൊന്നിനെകുറിച്ചും ചിന്തിക്കില്ല എന്ന പൊതുധാരണയും സത്യവും ആണ്. ഇവിടെ അതിന് ഘടകവിരുദ്ധം ആയി പങ്കാളിയോടൊപ്പം കിടപ്പറയിലും സാകേത് തന്‍റെ ആശയങ്ങളെ (ideology) ആണ് കൂടുതല്‍ സ്നേഹിക്കുന്നത്. സ്ത്രീ ശരീരം അയാള്‍ക്കിവിടെ നൈമിഷികം ആണ്. തീവ്രമായ ആശയങ്ങളെ ആണ് സാകേത് താലോലിക്കുന്നതും ഉമ്മ വക്കുന്നതും എന്ന് ഏറ്റവും എഫക്ട്ടീവ് ആയി പറയുക ആണിവിടെ. വളരെ ആഴത്തില്‍ പതിഞ്ഞ രാഷ്ട്രപിതാവിനെ പോലും ഇല്ലായ്മ ചെയ്യാന്‍ വെമ്പുന്ന തീവ്രമായ ആശയങ്ങളെ അയാള്‍ തന്‍റെ പങ്കാളിയെക്കാള്‍ അല്ലെങ്കില്‍ ജീവിതത്തിനെക്കാള്‍ ഇഷ്ട്ടപെടുന്ന എന്ന് കാണിക്കാന്‍ ഇങ്ങനെ ഒരു മെറ്റഫര്‍ തന്നെയാണ് അഭികാമ്യം. കള്ളിമുള്‍ചെടിയെ നട്ടുനനക്കുന്ന ഗാന്ധി, താമരയായി മാറുന്ന സ്വസ്തിക ചിഹ്നം തുടങ്ങി അനവദി വിഷ്വല്‍ മെറ്റഫറുകള്‍ ഉണ്ടെങ്കിലും അതൊക്കെ മറ്റൊരു അവസരത്തില്‍ ചര്‍ച്ച ചെയ്യാം. കമലഹാസന്‍ മറ്റേ പരിപാടിക്കായി മനപ്പൂര്‍വം തുണ്ട് രംഗം എടുക്കുന്നു എന്ന് കരുതുന്നവര്‍ക്ക് ഒന്ന് മാറി ചിന്തിക്കാന്‍ ഈ ഒരു പോസ്റ്റ്‌ ഉതകും എന്ന് കരുതുന്നു.

Sreehari Swara's photo.
Sreehari Swara's photo.

at February 23, 2016 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: അവലോകനം

സ്വപ്നലോകത്തെ ഹിച്ക്കോക്ക്..

സ്വപ്നങ്ങളെ സിനിമയില്‍ കാണിക്കുന്നത് പലപ്പോഴും കഥാപാത്രത്തിന്റെ മനോനില പ്രൊജെക്റ്റ് ചെയ്യാന്‍ ആണ്. സാധാരണ ഗതിയില്‍ ആരെങ്കിലും ഉപദ്രവിക്കാന്‍ വരുന്നതായോ വണ്ടി ഇടിക്കുന്നതായോ മറ്റെന്തെങ്കിലും അപകടങ്ങളില്‍ പെട്ടതായും ആവും. അതില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു ജഗ്ഗില്‍ നിന്ന് കുറച്ചു വെള്ളം കുടിക്കുന്നതോടെ സിനിമയിലെ ഡ്രീം സീക്വെന്‍സ് അവസാനിക്കുന്നു. റിയല്‍ ലൈഫില്‍ കാണുന്ന ത്രീ ഡയമെന്ഷണല്‍ നേര്‍ രേഖയില്‍ ഉള്ള കാഴ്ചകള്‍ തന്നെയാണ് ഇവ ഭൂരിഭാഗവും. എന്നാല്‍ സാധാരണ നമ്മുടെ സ്വപ്ങ്ങള്‍ പലപ്പോഴും പല നിറങ്ങളും ജ്യാമിതീയ രൂപങ്ങളും മനുഷ്യനും മൃഗങ്ങളും ഇഴചേര്‍ന്ന വിചിത്ര രൂപങ്ങളും അങ്ങനെ ഒക്കെയാവും. ലോകസിനിമയില്‍ ഇത്തരം മികച്ച ഡ്രീം സീക്വേന്സുകള്‍ ആയി നിരൂപകര്‍ കണക്കാക്കുന്ന പാപരിക , ഇന്സേപ്ഷന്‍ , ഫെല്ലിനിയുടെ 8 1/2 പിന്നെ പല ഡേവിഡ് ലിഞ്ച് സിനിമകളിലും ഒക്കെ ആവും.

എന്നാല്‍ സര്‍റിയല്‍ ട്രീറ്റ്മെന്‍റ് നല്‍കി മികച്ച ഒരു ഡ്രീം സിനിമയില്‍ സന്നിവേശിപ്പിക്കാന്‍ അതിന്‍റെ എക്സ്പെര്‍ട്ട്നെ തന്നെ കൊണ്ടുവന്നത് ഒരു പക്ഷെ ഹിച്ച്കോക്ക് തന്നെയാവും. സൈക്കോഅനാലിസിസ് പ്രധാന വിഷയമായ സ്പെല്‍ബൌണ്ട് എന്ന സിനിമയില്‍ അത് ക്രിയേറ്റീവ് ആയി ഉണ്ടാക്കാന്‍ സാക്ഷാല്‍ സാല്‍വദോര്‍ ദാലിയെ തന്നെ വിളിച്ചു. The Persistence of memory, Swans Reflecting Elephants തുടങ്ങി ഒട്ടനവധി സര്‍റിയല്‍ പെയിന്റിംഗ് ചെയ്ത ദാലിയുടെ സൃഷികള്‍ കണ്ടവര്‍ക്ക് അറിയാം അത് വിഷ്വലൈസ് ചെയ്യാനുള്ള ബുദ്ധിമുട്ട്. പക്ഷെ ഹിച്ച്കോക്കിന് അത് പ്രശ്നമായിരുന്നില്ല. താന്‍ ആരെയോ കൊന്നു എന്ന് വിചാരിക്കുന്ന അമ്നെശ്യ ബാധിച്ച ഒരാളായി അഭിനയിക്കുന്ന ഗ്രിഗറി പെക്ക് താന്‍ കണ്ട സ്വപ്നം സൈക്കാര്ട്ടിസ്റ്റിനോട് വിവരിക്കുന്ന ഭാഗങ്ങളില്‍ ആണ് ഈ ഡ്രീം വരുന്നത്.

 ഒരേ സമയം സ്വപനം weird ആയും തോന്നണം എന്നാല്‍ ചില ക്ലൂകളും മറ്റും തന്നു അയാളുടെ മനോനിലയെ പറ്റി ക്ലാരിറ്റിയും വേണം. ഇതാണ് ഹിച്ച്കോക്ക് ആവശ്യപെട്ടത്‌. തുറിച്ചു നോക്കുന്നതായ വലിയ ധാരാളം കണ്ണുകള്‍ (തന്നെ ആരൊക്കെയോ പിന്തുടരുന്നു അല്ലെങ്കില്‍ ക്ലോസ് ആയി നിരീക്ഷിക്കുന്നു എന്ന തോന്നല്‍ ) കണ്ണുകള്‍ മുറിച്ചു മാറ്റിയാലും വീണ്ടും തുറിച്ചു നോക്കുന്ന കണ്ണുകള്‍.. അവിടെ കട്ട് ചെയ്ത് ഗാമ്പ്ലിംഗ് ഹാളിലേക്ക് .. മേശയുടെ കാല്‍ മനുഷ്യരുടെത് പോലെയും പിന്നെ കാര്‍ഡ് ഒരാളിലേക്ക് വരുന്നതായും അവിടെ തന്നെ ഹിച്ച്കോക്കിന്റെ ട്രേഡ്മാര്‍ക്കായ നിഴല്‍ വലുതാക്കി കാണിക്കുന്ന ഷോട്ടുകളും മിക്സ് ചെയ്തിട്ടുണ്ട്. മുഖമൂടി ധരിച്ച ഒരാള്‍ (കുറ്റം ചെയ്ത ആള്‍ ആയിരിക്കണം) വന്നു കാര്‍ഡ് കളിക്കുന്ന ആളോട് പറയുന്നതും കാണാം. പിന്നത്തെ സീക്വെന്‍സ് ആരംഭിക്കുന്നത് പെര്‍ഫെക്റ്റ് ദാലിയന്‍ സ്റ്റയിലില്‍ വീഴാന്‍ പോകുന്ന പ്രതിമകളും മറ്റും ഉള്ള സ്ഥലത്ത് ഒരാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീഴുന്നതായും കുറ്റവാളി മറഞ്ഞിരുന്നു അത് കാണുന്നതായും വരുന്നുണ്ട്. പിന്നീടുള്ള സീനില്‍ ചെരിഞ്ഞ ഒരു പിരമിഡ് പോലെയുള്ള ഭാഗത്തുകൂടി ഒരാള്‍ ഓടുന്നതായും വലിയ ഒരു പക്ഷിയുടെ ചിറക് അയാളെ പിന്തുടരുന്നതായും കാണിക്കുന്നുണ്ട് (മേല്‍ പറഞ്ഞ ആരോ തന്നെ പിന്തുടരുന്നു എന്ന് തന്നെയാവണം).. ഇവയില്‍ ചിലത് മാത്രമേ നമ്മുക്ക് മനസ്സിലാക്കാനും പറ്റുന്നുള്ളൂ ചിലത് സ്വപ്നം എന്ന മാജിക്കല്‍ സംഗതിയുടെ വ്യക്തതക്കായി റിയലും ഫിക്ഷണല്‍ ഇമേജുകളും മിക്സ് ചെയ്ത് ബോധപൂര്‍വമായ ശ്രമം ആയാണ് തോന്നിയത്. ഒരാളുടെ സ്വപ്നം പരിപൂര്‍ണമായി അത് സൈക്കാര്‍ട്ടിസ്ട്ടുകള്‍ക്ക് പോലും ബോധ്യമാവില്ല എന്ന ചിന്ത പോലെ തോന്നി. എന്നിരുന്നാലും കഥാപാത്രത്തിന്റെ മനോനില (ചെറുപ്പത്തില്‍ ഉണ്ടായ ട്രോമ അനാവരണം ചെയ്യുന്നുണ്ട് ) അതിന്‍റെ ഭീതിതമായ അവസ്ഥയോടും കാണികള്‍ക്ക് അനുഭവപെടുത്താന്‍ ഹിച്ച്കൊക്കിനും ദാലിക്കും സാധിച്ചു എന്ന് തന്നെയാണ് ഈ ഒരു ഡ്രീം സീക്വെന്‍സ് ഇന്നും ഓര്‍മ്മിക്കപെടുന്നത്.

Sreehari Swara's photo.
Sreehari Swara's photo.
at February 23, 2016 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: അവലോകനം

ഉന്നെപോല്‍ ഒരുവനും വെനസ്ഡേയും ..

ഒരു സിനിമ മറ്റൊരു ഭാഷയില്‍ റീമേക്ക് ചെയ്യുമ്പോള്‍ സംവാദങ്ങളില്‍ സ്വാഭാവികമായി ഉരുത്തിരിയുന്ന കാര്യങ്ങള്‍ നടീ നടന്മാരുടെ പ്രകടനമികവും സാങ്കേതിക വശങ്ങളിലെ താരതമ്യപെടുത്തലുകളിലും മറ്റും ഒതുങ്ങി പോവുകയാണ് കാണാറുള്ളത്. വളരെ ചുരുക്കം മാത്രമേ കഥ പറിച്ചു നട്ട പശ്ചാത്തലത്തെ ഗ്രഹിക്കാന്‍ ശ്രമിക്കാറുള്ളൂ. എല്ലായ്പ്പോഴും അത് വലിയ ഒരു "ഘടകം" ആവാറില്ലെങ്കിലും ചില സിനിമകളുടെ "വികാരം" കഥ നടക്കുന്ന പശ്ചാത്തലം തന്നെയാണ്.

 ഇത്തരത്തില്‍ ഒരു സിനിമയാണ് നസുരുദ്ധീന്‍ ഷായും അനുപം ഖേറും പ്രധാന വേഷത്തില്‍ അഭിനയിച്ച കാലികപ്രസക്തമാനെങ്കിലും ത്രില്ലര്‍ എന്ന് തന്നെ വിളിക്കാവുന്ന "എ വെനെസ്ഡേ". ഇത് തമിഴില്‍ റീമേക്ക് ചെയ്ത് കണ്ടപ്പോള്‍ വ്യക്തിപരമായി എനിക്ക് അഭിനയം കൊണ്ടും മേക്കിംഗ് കൊണ്ടും "ഒറിജിനല്‍" നേക്കാള്‍ മികവ് തോന്നിയെങ്കിലും വളരെ പ്രധാനപെട്ട ഒരു ന്യൂനത ആയി തോന്നിയത് കഥ നടക്കുന്ന സ്ഥലം ആണ്. അത് സിനിമയുടെ കോര്‍ ആവുന്നിടത്താണ് ഈ സിനിമ പരാജയം (സാമ്പത്തികം എന്ന അര്‍ത്ഥത്തില്‍ അല്ല) ആവുന്നത്. മുംബൈ അല്ല ചെന്നൈ. മുംബൈ ജീവിതം ലോകത്തിലെ തന്നെ ഏറ്റവും ആശങ്കയുള്ള ജീവിതമാണ്. എല്ലാ തീവ്രവാദി സംഘടനകളും ആദ്യം ഉന്നം വക്കുന്ന ഫിനാന്‍ഷ്യല്‍ ക്യാപിറ്റല്‍ . എപ്പോള്‍ എവിടെയും അത് സംഭവിക്കാം. ഭയാശങ്കകളില്‍ ആണ് ഓരോ മുംബൈവാസിയും ഓരോ നിമിഷവും തള്ളി നീക്കുന്നത്. എ വെനെസ്ഡേ എന്ന സിനിമയില്‍ ഇത് വളരെ മനോഹരമായി ഇമോഷണലി കണകറ്റ് ചെയ്യാന്‍ സാധിച്ചു. മുംബൈയുടെ ജീവനാഡിയാണ് സബ് അര്‍ബന്‍ റെയില്‍വേ. ചെന്നൈയിലും ഇത് ഉണ്ടെങ്കിലും അത് മുമ്പൈയിലെ പോലെ ഒരു " നഗരത്തിന്‍റെ അടയാളം" ആണോ എന്ന് സംശയമാണ്.

 ഈ പറിച്ചു നടലില്‍ ആണ് ഉന്നെ പോല് ഒരുവന്‍ ഒരു ആവറേജ് സിനിമയില്‍ ഒതുങ്ങുന്നത്. ചെന്നൈ പോട്ടെ, മൊത്തം തമിഴനാട് പോലും ഇത്തരത്തില്‍ ബോംബ്‌ സ്പോടനത്ത്തിന്റെ ഭീകരതയില്‍ ഉറക്കമൊഴിച്ചു ജീവിച്ചിട്ടില്ല എന്നത് ഒരു ഫാക്റ്റ് ആണ് . ഒരു കോയമ്പത്തൂര്‍ സ്പോടനവും പണ്ട് ചെന്നൈ എയര്‍പോര്‍ട്ടിലെ ഒരു പൊട്ടിത്തെറിയും ഒഴിച്ചാല്‍ ആ ജനത അത് മറന്നു സുരക്ഷയുടെ മെത്തയില്‍ സുഖലോലുപരായി കിടന്നു ഉറങ്ങുകയാണ്. വെങ്കടെഷും കമലും അഭിനയിച്ച തെലുങ്ക്‌ വേര്‍ഷന്‍ കണ്ടിട്ടില്ല എങ്കിലും ഹൈദരാബാദ് പിന്നെയും കാണികള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കും എന്ന് കരുതുന്നു. താരതമ്യേനെ സുരക്ഷിതമായ ചെന്നൈയിലേക്ക് കഥ കൊണ്ട് വന്നപ്പോള്‍ നഷ്ട്ടമായത് ധാരാളം ചോരപുഴയും ഭീതിതമായ അന്തരീക്ഷവും കണ്ടു വളര്‍ന്നു ശീലിച്ച മുംബൈ എന്ന മഹാനഗരത്തിന്റെ "വികാരം" ആണ്. കഥാ പശ്ചാത്തലത്തിന് ചില സിനിമകളില്‍ ഏറെ ചെയ്യാനുണ്ട് എന്നതിന്‍റെ ഉത്തമ ഉദാഹരണം ആണ് "എ വെനെസ്ഡേ". ഇതിലെ കോമ്മണ്‍മാന്‍ എന്ന എന്‍ടിറ്റി യോട് തമിഴ് ജനതക്ക് താദാത്മ്യം നേടാന്‍ കഴിയണമെങ്കില്‍ ആ ജീവിതത്തോടു അവര്‍ക്ക് പെട്ടന്ന് റിലേറ്റ് ചെയ്യാന്‍ കഴിയണം. അത് കഴിഞ്ഞില്ല.

Sreehari Swara's photo.
Sreehari Swara's photo.
at February 23, 2016 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: നിരീക്ഷണം

താഴ്വാരം എന്തുകൊണ്ട് വെസ്റ്റേണ്‍ ആവുന്നു..

മലയാളത്തിലെ എണ്ണം പറഞ്ഞ ആക്ഷന്‍ ത്രില്ലര്‍ എന്ന ഴോനറില്‍ മിക്കപോഴും ഉയര്‍ന്നു വരുന്ന പേരാണ് "താഴ്വാരം" . അഭിനേതാക്കളുടെ എണ്ണത്തിലും സംഭാഷണസങ്കേതത്തിലും സ്വീകരിച്ച മിനിമല്‍ അപ്പ്രോച്ചും ശക്തവും ഉദ്ദ്വേഗജനകവുമായ തിരകഥയും അതിനെ കവച്ചു വക്കുന്ന സൌന്ദര്യബോധം നിറഞ്ഞ സംവിധാനവും കൊണ്ട് ഏറ്റവും സ്ട്ടയിലിഷ് എന്ന് മറ്റു സിനിമാപ്രവര്‍ത്തകരും നിരൂപകരും അടിവരയിട്ടു പറഞ്ഞ സിനിമയാണ്. എന്നിരുന്നാലും സമാനമില്ലാത്ത ഒരു വിശേഷണം ആയി കാണുന്നതാണ് "മലയാളത്തിലെ വെസ്റ്റേണ്‍" എന്നുള്ളത്. എന്തുകൊണ്ട് അല്ലെങ്കില്‍ എങ്ങനെ താഴ്വാരം "വെസ്റ്റേണ്‍" ആവുന്നത് ?
അതിന് ആദ്യം "വെസ്റ്റേണ്‍" എന്താണെന്ന് എന്‍റെ ചെറിയ അറിവില്‍ വ്യാഖ്യാനിക്കാം. സിവില്‍ വാര്‍ കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ അമേരിക്കയുടെ പടിഞ്ഞാറ് അല്ലെങ്കില്‍ മിഡ് വെസ്റ്റ് ഉള്ള സംസ്ഥാനങ്ങളില്‍ ഒരു ഒറ്റപെട്ട ടൌണില്‍ സെറ്റ് ചെയ്ത സിനിമകളെ ആണ് പൊതുവില്‍ ഇങ്ങനെ കരുതുന്നത്. അവിടുത്തെ ആള്‍ക്കാരും ഭൂപ്രകൃതിയും പരുക്കമാണ് . മരുപ്രദേശവും സമതലങ്ങളും ഉഷ്ണകാറ്റും നിറഞ്ഞ അവിടേക്ക് ഒരു പ്രത്യേക ഉദ്ദേശത്തോടെ വരുന്ന ഒരാള്‍ (അത് പ്രതികാരം ആവാം, എന്തെങ്കിലും/ആരെയെങ്കിലും കണ്ടെത്താന്‍ ആവാം, ആരെയെങ്കിലും സംരക്ഷിക്കാന്‍ ആവാം, പുതിയ മേച്ചില്‍പുറങ്ങള്‍ തേടി വന്നത് ആവാം ) കൌബോയ്കളും നിയമപാലകരും നേറ്റീവ് ഇന്ത്യന്‍സും തമ്മിലുള്ള സ്പര്‍ദ്ധയും കുടിപകയും, എക്കാലവും ഓര്‍മ്മിക്കപെടുന്ന പശ്ചാത്തല സംഗീതവും ഒക്കെ വിശേഷലക്ഷണങ്ങള്‍ ആയി വരുന്നുണ്ട് ഇത്തരം സിനിമകളില്‍. Winchester 73 ,The Man who Shot Liberty Valance, Stagecoach, Dollars Trilogy, Wildbunch, High Noon, The Searchers, Unforgiven തുടങ്ങിയ എക്കാലത്തെയും മികച്ച വെസ്റ്റേണ്‍ സിനിമകളില്‍ ഈ പറഞ്ഞ ലക്ഷണങ്ങള്‍ കാണാവുന്നതാണ്. ഇറ്റാലിയന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന വെസ്റ്റേണ്‍ സിനിമകളെ Spagetti western എന്ന് പറയുന്ന പോലെ, ബോളിവുഡിലും ഈ സ്റ്റയില്‍ പരീക്ഷിച്ചിരുന്നു. ഏറ്റവും പ്രശസ്തമായ Sholay അത്തരത്തില്‍ Curry western എന്നും അറിയപെട്ടു . ഷോലേ തന്നെ പല കാര്യങ്ങളിലും The Magnificient Seven, Once upon aTime in the West, Butch Cassidy and Sundance Kid മുതലായ വെസ്റ്റേണ്‍ സിനിമകളില്‍ നിന്നും ഷോട്ടുകളെയും സന്ദര്‍ഭങ്ങളും പ്രചോദനം ഉള്കൊണ്ടിട്ടുണ്ട്.
മലയാളത്തിലെ ആദ്യത്തെ വെസ്റ്റേണ്‍ എന്ന് പറയപെടുന്നത് "അടിമച്ചങ്ങല" ആണ്. Five Men Army എന്ന ഹോളിവുഡ് സിനിമയുടെ സീന്‍ ബൈ സീന്‍ കോപ്പിയടി ആയിരുന്നു നസ്സീരും കൊച്ചിന്‍ ഹനീഫയും ഒക്കെ അഭിനയിച്ച ഈ സിനിമ. അങ്ങനെ പ്രത്യക്ഷമായി കോപ്പി അടിക്കാതെ തന്നെ novelty കൊണ്ടുവന്നു നാടും സംസ്ക്കാരവും കഥാപാത്രങ്ങളും അതിന് അനുയോജ്യമായ രീതിയില്‍ അനുരൂപികരണം (adaptation) നടത്തിയതില്‍ ആണ് താഴ്വാരം വിജയിച്ചത്.
സിനിമയുടെ തുടക്കത്തിലെ ഫ്രേം ചെയ്ത ഫോട്ടോ കീറുന്നതിലൂടെ തന്നെ ഇത് ഒരു പ്രതികാര സിനിമയാണെന്ന് വ്യക്തമായ സൂചന തരുന്നു( eg: Once Upon a Time in the West, The Searchers). പിന്നീടുള്ള ബാലന്‍റെ കുന്നിലൂടെ ഉള്ള യാത്രയില്‍ ആണ് ക്രെടിട്ട്സ് കാണിക്കുന്നത്. നേരത്തെ പറഞ്ഞ haunting ആയ ഒരു പശ്ചാത്തല സംഗീതം വെസ്റ്റേണ്‍ സിനിമകളുടെ ശൈലിയില്‍ തന്നെ എന്നാല്‍ കേട്ടാല്‍ നാടന്‍ ഇമ്പം തോന്നിക്കുന്ന ഒരു രീതിയില്‍ ആണ് ജോണ്‍സണ്‍ മാഷ്‌ ഇവിടെ ഒരിക്കിയിരിക്കുന്നത്. ഒറ്റപെട്ട, മടുത്ത ജീവിതത്തിന്‍റെ ഒരു സൂചന ഈ മ്യൂസിക്കില്‍ തന്നെ ലഭിക്കുന്നുണ്ട്. ബാലന്‍ വരുന്നത് ഒരു remote വില്ലെജിലെക്ക് ആണ്. തന്‍റെ ഭാര്യയുടെ മരണത്തിനു പ്രതികാരം ചെയ്യാന്‍ ഉറ്റ സുഹൃത്തായിരുന്ന രാജു എന്ന വഞ്ചകനെ തേടി. നേരത്തെ പറഞ്ഞ വെസ്റ്റേണ്‍ സിനിമകളിലെ ഹീറോയുടെ ഉദ്ദേശം ഇവിടെ "പ്രതികാരം" ആണ്. കാടിന്‍റെ വന്യതയും ഭയാനകതയും പച്ചപ്പും തരിശുനിലങ്ങളും ചേര്‍ന്ന ഒരു ഭൂപ്രകൃതി. പച്ചപ്പ്‌ ഒഴികെ നമ്മള്‍ ഈ പറഞ്ഞ സ്ഥലങ്ങള്‍ വെസ്റ്റേണ്‍ സിനിമകളില്‍ കണ്ടു ശീലിച്ചിട്ടുണ്ട്. ക്യാമറ കൈകാര്യം ചെയ്ത വേണുവിന്‍റെ കഴിവ് എടുത്തു പറയേണ്ടതാണ്. "താഴവാരം" അല്ലെങ്കില്‍ കഥാ പശ്ചാത്തലം മറ്റൊരു ക്യാരക്റ്റര്‍ പോലെ ഭീതിതമായി നിര്‍ത്താന്‍ വേണുവിന് കഴിയ്യുന്നുണ്ട്. കുന്നിറങ്ങി വരുന്ന ആദ്യ ഷോട്ട് മുതല്‍ അവസാനം ഉള്ള സംഘട്ടനത്തിലെക്ക് കലാശിക്കുന്ന ഭാഗികമായി ഒരു Mexican Standoff എന്ന് വിളിക്കാവുന്ന ബാലനും രാജുവും തമ്മിലുള്ള മുഖാമുഖത്തിലും വേണു വെസ്റ്റേണ്‍ സ്റ്റയില്‍ അറിഞ്ഞോ അറിയാതയോ കൊണ്ട് വരുന്നുണ്ട്. ഫ്രെമിലെ പശ്ചാത്തലത്തിന് ക്യാരക്ട്ടരിനെക്കാള്‍ പ്രാധാന്യം നല്‍കുന്ന golden ratio എന്ന സിനിമാട്ടോഗ്രാഫിയുടെ നിയമവും ഇവിടെ വേണു പിന്തുടരുന്നുണ്ട്. ക്യാമറ നടന്നു വരുന്ന ആളിന്റെ കാല്ലില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന shots .. ഒരു തരിശ് പാടം പോലെ ഉള്ള സ്ഥലം. രണ്ടു പേരും തമ്മിലുള്ള ഒരു സംഘട്ടനം . ഇതൊക്കെ വെസ്റ്റേണ്‍ സിനിമകളിലും "താഴ്വാരത്തിലും " നമ്മുക്ക് കാണാന്‍ പറ്റും. കഥാപാത്രങ്ങളുടെ എണ്ണം പലപ്പോഴും വെസ്റ്റേണ്‍ സിനിമകളില്‍ വിരളം ആവും. ഒരു ഗ്രാമത്തില്‍ സെറ്റില്‍ ചെയ്ത ധാരാളം കുടുംബങ്ങളെ കാണിക്കാറുണ്ടെങ്കിലും കഥയുമായി ബന്ധമുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ ആവും. ഇവിടെയും അഞ്ചോ ആറോ കഥാപാത്രങ്ങളെ കൊണ്ട് ആ മിനിമല്‍ സ്റ്റയില്‍ ഭരതന്‍ നിലനിര്‍ത്തുന്നുണ്ട്. മേല്‍ പറഞ്ഞ ഘടകങ്ങളില്‍ വെസ്റ്റേണ്‍ സിനിമകളില്‍ കണ്ടുവരുന്ന നിയമപാലകര്‍ (പോലീസ്) ഇവിടെ അങ്ങനെ കഥയുമായി നേര്‍ ബന്ധത്തില്‍ വരുന്നില്ല എന്ന് മാത്രം . ചെറിയ ടൗണിനു അല്ലെങ്കില്‍ ആ നാടിന് പുറം ലോകവുമായി അധികം ബന്ധം കാണില്ല വെസ്റ്റേണ്‍ സിനിമകളില്‍. ഇവിടെയും കൊച്ചുട്ടിക്ക് ഒരു റേഡിയോയും പിന്നെ കടയില്‍ പഴയ രാമരാജന്റെ സിനിമയുടെ ഒരു പോസ്റ്ററും തപാലാപ്പീസും ഒക്കെ കാണിക്കുന്നുണ്ട്. അതില്‍ കവിഞ്ഞ സാംസ്കാരികമായോ വാര്ത്തവിനമയമായോ ബന്ധം ആ സ്ഥലത്തിന് ഇല്ല. കൌബോയ്കളുടെ കൊസ്ട്ട്യൂമോ ponchos , വെസിറ്റ് കൊട്ട് ഒന്നും ഇല്ല , പക്ഷെ തനതായ മേക്കിംഗ് പോലെ തനതായ നാടന്‍ വസ്ത്രധാരണ രീതിയിലും ആണ് ഇവിടെ അവതരിപ്പിക്കുന്നത്‌. ഈച്ച കോപ്പി അടിക്കുന്നതിന്‍റെ അപഹാസ്യത നല്ലവണ്ണം അറിയുന്നവര്‍ ആണ് എം ടി യും ഭരതനും ഒക്കെ. സംഭാഷണങ്ങളിലെ മിതത്വം അത് വെസ്റ്റേണ്‍ സിനിമകളുടെ പര്യായം ആണ്. "‘കൊല്ലാന്‍ അവന്‍ ഇനിയും നോക്കും, ചാവതിരിക്കാന്‍ ഞാനും," ഇതുപോലത്തെ കാച്ചികുറുക്കിയ ഡയലോഗുകള്‍ മാത്രം ആണ് ഇവിടെയും. അതില്‍ പകയും, ദേഷ്യവും സിനിമയുടെ അകകാമ്പും ഉണ്ട്. നായകന്‍ വരുന്ന നാട്ടില്‍ ഒരു സ്ത്രീയുമായുള്ള ബന്ധവും ഇവിടെ ഉണ്ട്. വെസ്റ്റേണ്‍ സിനിമകളില്‍ പൊതുവേ settled ടൌണില്‍ കാണുന്ന വേശ്യകളോ അല്ലെങ്കില്‍ സലൂണ്‍ കട നടത്തുന്നവര്‍ ഒക്കെ ആവും. ഇവിടെ കൊചൂട്ടിയും ബാലനും ചില നോട്ടങ്ങളില്‍ മാത്രേ ചിലത് കൈമാറുന്നുള്ളൂ. എന്നിരുന്നാലും ഒരു empathy രണ്ടുപേര്‍ക്കിടയില്‍ ഉണ്ട്. വേണമെങ്കില്‍ ഒരു പോരായ്മ എന്ന നിലയില്‍ വെസ്റ്റേണ്‍ ഫോര്‍മാറ്റില്‍ നിന്ന് ഇന്ത്യന്‍ സിനിമയുടെ ചട്ടകൂടില്‍ കൊണ്ടുവരാന്‍ ഒരു പാട്ട് ഉള്‍പെടുത്തി എന്ന് മാത്രമേ കാണാന്‍ പറ്റൂ. എന്നാല്‍ Butch Cassidy യിലും പാട്ട് ഉണ്ടെന്ന എതിര്‍ വാദമുഖം നിരത്താവുന്നത്തെ ഉള്ളൂ. അവസാന സംഘട്ടന രംഗത്തിലെ മികവും എടുത്തു പറയേണ്ടതാണ്. തോട്ട പൊട്ടുന്നതിനിടയില്‍ കൂടി നടന്നു വരുന്ന ബാലനും ഇര കാത്തു കിടക്കുന്ന കഴുകന്മാരും ഒക്കെ സ്റ്റയിലയിസ്ട് ആണ്. വെസ്റ്റേണ്‍ സിനിമയുടെ പ്രാധാന്യം ആയ ലാന്‍ഡ്‌ സ്കേപ് മറ്റൊരു കഥാപാത്രമാകുന്ന അവസ്ഥയും "താഴ്‌വാരം" സിനിമയില്‍ പ്രകടമാണ്. വെസ്റ്റേണ്‍ സിനിമക്ക് മാത്രം അവകാശപെട്ടതല്ലെങ്കില്‍ കൂടി High Noon പോലെ ഫ്ലാഷ്ബാക്കിന്റെ ഉപയോഗം വളരെ യഥോചിതം ആയി താഴ്വാരത്തില്‍ വരുന്നുണ്ട്. വരവിന്‍റെ ഉദ്ദേശം ഒരു ക്ലാസിക്ക് intro യിലൂടെ വെസ്റ്റേണ്‍ സിനിമയില്‍ കാണിക്കുന്ന അതെ പ്രാധാന്യം തന്നെയാണ് ദൌത്യം പൂര്‍ത്തീകരിച്ചു മടങ്ങുന്ന ഷോട്ടുകളും. ഇവിടെ ബാലന്‍ രാജുവിനെ ഒരു പുരയില്‍ സംഘട്ടനത്തിലൂടെ കീഴ്പെടുത്തി തോട്ട കത്തിച്ചു ആ കുടില്‍ പൊട്ടിത്തെറിച്ച് ബാലന്‍റെ "മടക്കം" ഉണ്ട്. ഗമനവും ആഗമനവും അതിന്‍റെ ഇടയിലുള്ള പ്ലോട്ടും.
അങ്ങനെ വെസ്റ്റേണ്‍ സിനിമയുടെ ഏസ്തെറ്റിക്സ് നിലനിര്‍ത്തി കൊണ്ട് തന്നെ പൂര്‍ണമായും വേഷഭൂഷാദികളോ സംസ്ക്കാരമോ ഒന്നും അതെ പടി പറിച്ചു നടാതെ ഒരു ഗ്രാമം - പുതിയ ഒരാള്‍ - ദൌത്യം - അത് നിറവേറ്റല്‍ എന്ന സിമ്പിള്‍ വെസ്റ്റേണ്‍ ഫോര്‍മാറ്റില്‍ കൊണ്ടാവന്ന മനോഹരമായ സ്ട്ടയിലിഷ് ആയ മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായി മാറിയ "താഴവാരം" എന്തുകൊണ്ട് കാലാതീതമായി മാറുന്നു എന്നുള്ള അന്വേഷണം ആണ് ഈ പോസ്റ്റ്‌. അതെ ലാവണ്യശാസ്ത്രം കൊണ്ടും രൂപഘടന കൊണ്ടും താഴ്വാരം "വെസ്റ്റേണ്‍" സിനിമ തന്നെയാണ്. ഏറ്റവും സ്റ്റയിലിഷ് സിനിമയും. നന്ദി.

Sreehari Swara's photo.
at February 23, 2016 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: നിരീക്ഷണം
Newer Posts Home
Subscribe to: Posts (Atom)

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...

  • താഴ്വാരം എന്തുകൊണ്ട് വെസ്റ്റേണ്‍ ആവുന്നു..
    മലയാളത്തിലെ എണ്ണം പറഞ്ഞ ആക്ഷന്‍ ത്രില്ലര്‍ എന്ന ഴോനറില്‍ മിക്കപോഴും ഉയര്‍ന്നു വരുന്ന പേരാണ് "താഴ്വാരം" . അഭിനേതാക്കളുടെ എണ്ണത്ത...
  • ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - ഉറുമ്പുകളുടെ മെറ്റഫർ
    "കമൂണിസ്" (communis) എന്ന ലാറ്റിൻ പദത്തിൽ നിന്നും "കൊമൂൻ" (comun) എന്ന ഫ്രഞ്ച് പദത്തിൽ നിന്നുമാണ് "കമ്മ്യുണിസം...
  • എന്തുകൊണ്ട് ഹ്യുമർ ?
    “Gentlemen, You Can't Fight In Here! This is The War Room." കുബ്രിക്കിന്റെ മാസ്റ്റര്‍പീസ്‌ സറ്റയര്‍ ആയ Dr. Strangelove: or How I...

About Me

My photo
Sreehari Viswanath
ഒരു സിനിമാപ്രേമി. കാലങ്ങളോളം ഓര്‍ക്കുട്ട് സിനിമാ കമ്മ്യൂണിറ്റികളിലും ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളിലും ഞാന്‍ ഇട്ട പോസ്റ്റുകളുടെ സൂക്ഷിപ്പ് കേന്ദ്രം ആണ് ഈ ബ്ലോഗ്‌.
View my complete profile

Blog Archive

  • ►  2020 (6)
    • ►  December (4)
    • ►  April (1)
    • ►  January (1)
  • ►  2019 (9)
    • ►  December (3)
    • ►  October (2)
    • ►  June (4)
  • ►  2018 (7)
    • ►  November (2)
    • ►  March (5)
  • ►  2017 (14)
    • ►  July (4)
    • ►  May (1)
    • ►  April (3)
    • ►  February (6)
  • ▼  2016 (35)
    • ►  December (11)
    • ►  July (1)
    • ►  May (8)
    • ►  April (3)
    • ►  March (5)
    • ▼  February (7)
      • കുട്ടി മനുഷ്യബോംബുകളുടെ "വിശ്വരൂപം"..
      • കാസ്റ്റ് എവേ സിനിമയും ദൈവസങ്കല്‍പ്പവും
      • അവതാര്‍ സിനിമയും ഹിന്ദുയിസവും
      • ഹേ റാം സിനിമയിലെ ലൈംഗികത..
      • സ്വപ്നലോകത്തെ ഹിച്ക്കോക്ക്..
      • ഉന്നെപോല്‍ ഒരുവനും വെനസ്ഡേയും ..
      • താഴ്വാരം എന്തുകൊണ്ട് വെസ്റ്റേണ്‍ ആവുന്നു..

Labels

  • അവലോകനം
  • നിരീക്ഷണം
  • ഹാസ്യം

Report Abuse

Followers

  • Home

Search This Blog

Ethereal theme. Powered by Blogger.