Sunday, March 13, 2016

വേലായുധനും പുഴയും ... ഒരു നിരീക്ഷണം..

ജോഷി സംവിധാനം ചെയ്ത് രഞ്ജന്‍ പ്രമോദ് രചന നിര്‍വഹിച്ച "നരന്‍" കഥാപരമായി വലിയ മേന്മ ഒന്നും അവകാശപെടാന്‍ ഇല്ലെങ്കിലും കുറച്ചു റിസ്ക്കി സ്റ്റണ്ടുകളും മുന്‍കാല സിനിമകളില്‍ കണ്ടുമടുത്ത മോഹനലാല്‍ എന്ന നടനിലെ ഹീറോയിസവും ഒക്കെ ചേരും പടി ചേര്‍ത്ത അടിസ്ഥാനപരമായി ഒരു ആക്ഷന്‍ സിനിമയാണ്. എന്നിരുന്നാലും പ്രേക്ഷകനെ ശെരിക്കും പിടിച്ചിരുത്തിയത് മുള്ളന്‍കൊല്ലി വേലായുധന്‍റെ ചില "സ്വഭാവങ്ങള്‍" ആണ്. നാടിന് വേണ്ടി ജീവിക്കുന്ന ചില്ലറ കടുംപിടുത്തവും സ്വന്തം നിയമങ്ങളും വാശികളും സ്നേഹവും തല്ലുകൊള്ളിത്തരവും ഒക്കെയുള്ള ആ സിനിമയില്‍ സായികുമാറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "ഇതെന്ത്‌ സാധനമാടോ..?" എന്ന് തോന്നിപോകുന്ന ക്യാരക്റ്റര്‍.
പുഴക്ക് ഈ സിനിമയിലുള്ള പങ്ക് സ്പഷ്ട്ടം ആണ്. സ്വയം ഒരു കഥാപാത്രമായും കഥാപശ്ചാത്തലാമയും ഒഴുകുകയാണ് മുള്ളന്‍കൊല്ലി പുഴ. എന്‍റെ ചെറിയ നിരീക്ഷണത്തില്‍ വേലായുധന്‍റെ ക്യാരക്റ്റര്‍ തിരകഥാകൃത്ത് രൂപപെടുത്തിയത് "പുഴ" യുടെ സ്വഭാവത്തില്‍ നിന്നാണ്. അത്രക്കുണ്ട് പുഴയും വേലായുധനും തമ്മില്‍ സാമ്യം.
മുള്ളന്‍കൊല്ലിയുടെ എല്ലാമെല്ലാം ആണ് ആ പുഴ. വേലായുധനും അങ്ങനെ തന്നെയാണ് അവിടുത്തെകാര്‍ക്ക്. വലുതായി ആണൊരുത്തന്‍ ആയപ്പോള്‍ വേലായുധന്‍ അമ്മയുടെ സ്ഥാനത്ത് കാണുന്നത് പുഴയെയാണ്. ഒരു പുഴ നാടിന് എങ്ങനെ നീരും നേര്‍മയും നല്‍കി പരിപോഷിപ്പിക്കുന്ന പോലെ വേലായുധനും നാടിന് വേണ്ടി ആണ് ജീവിക്കുന്നത്. പുഴക്ക് കൃത്യമായ ഒരു "ഗതി" ഉണ്ട്. അത് മാറ്റാന്‍ പാടാന്. വേലായുധനും കൃത്യമായ നിയമങ്ങള്‍ ഉണ്ട്. അത് ഷാപ്പിലാലായും ജീവിതത്തില്‍ ആയാലും, നാടിന് വേണ്ടി ആയാലും. ഒരു നാടിന്റെ മാലിന്യങ്ങള്‍ സ്വയം ഏറ്റുവാങ്ങി ആ നാടിനെ വൃത്തിയാക്കുന്നത് പുഴകള്‍. വേലായുധനും നാടിന്‍റെ "മാലിന്യം" ആയ കുന്നുമ്മല്‍ ശാന്ത എന്ന വേശ്യയെ സ്വയം ഏറ്റെടുത്തു നാട്ടാരില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. പുഴക്ക് പല ഭാവങ്ങള്‍ ഉണ്ട്. കുത്തി ഒഴുകും, ശാന്തമായി ഒഴുകും അങ്ങനെ പല തലങ്ങള്‍ ഉണ്ട്. വേലായുധനും ചിലാരോട് മെക്കട്ട് കേറും കൊപാകുലന്‍ ആവും എന്നാല്‍ വലിയ നമ്പ്യാരോടും കേളപ്പെട്ടനോടും പോലത്തെ ചിലരോട് കൊച്ചു കുട്ടികളെ പോലെയും പെരുമാറും. പുഴ ഒഴുകുന്ന സ്ഥലങ്ങള്‍ (ലാന്‍ഡ്‌സ്കേപ്പുകള്‍)ക്ക് അവ മാറ്റങ്ങള്‍ വരുത്തും . വേലായുധനും ചെന്ന് പെടുന്ന ചില കാര്യങ്ങളില്‍ സ്വയം ഇടപെട്ടു മാറ്റങ്ങള്‍ വരുത്തും(ജാനകിയുടെ പറമ്പില്‍ നിന്ന് തേങ്ങ ഇടാന്‍ ശ്രമിക്കുന്ന കുറുപ്പിനെ വേലായുധന്‍ എത്രിക്കുന്നത് ഓര്‍ക്കുക). പുഴ ഒരു അതിര്‍ത്തിയാണ്. മുള്ളന്കൊല്ലിയുടെ അവസാനവും അതിര്‍ത്തിയും വേലായുധന്‍ ആണ്. അതിനെ താണ്ടിയാലെ അവിടെ കാര്യങ്ങള്‍ നടക്കൂ. എത്ര കൂലംകുത്തി ഒഴുക്കുന്ന പുഴയും കെട്ടി തടഞ്ഞു നിര്‍ത്താന്‍ ഇന്ന് മനുഷ്യന് പറ്റും. വലിയ നമ്പ്യാര്‍ വേലായുധന്‍റെ കയ്യില്‍ കെട്ടുന്ന ചരടും അത്തരത്തില്‍ ഒരു "തടയണ" ആണ്. അത് കെട്ടി കഴിഞ്ഞാലും പൊട്ടിച്ച് കഴിഞ്ഞാലും ഉള്ള ഭവിഷ്യത്തും നമ്മള്‍ സിനിമയില്‍ കാണുന്നുണ്ട്.
അങ്ങനെ ഏറിയും കുറഞ്ഞും ആടിയും തിമാര്‍ത്തും ഒഴുകുന്ന ഒരു പുഴ തന്നെയാണ് വേലായുധന്‍. അറിഞ്ഞോ അറിയാതയോ പുഴയുടെ സ്വഭാവങ്ങള്‍ വേലായുധന് കല്പ്പിച്ചതാവാം രഞ്ജന്‍ പ്രമോദ്. അല്ലെങ്കില്‍ എന്‍റെ വട്ടന്‍ നിരീക്ഷണങ്ങള്‍ ആവാം. എന്തായാലും ആ സിനിമയില്‍ പുഴക്കുള്ള സ്ഥാനം വലുതാണ്‌.

No comments:

Post a Comment

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...