രാഷ്ട്രീയ സിനിമകളെ വെറുതെ ഒന്ന് ഗൂഗിള്‍ സേര്‍ച്ച് ചെയ്‌താല്‍ All the President's Men പോലെയുള്ള ത്രില്ലറുകളും Being There പോലെയുള്ള സറ്റയറുകളും Mr Smith Goes to Washington പോലെയുള്ള കോമഡി ഡ്രാമകളും ഒക്കെ വരും. എന്നാല്‍ കോമഡിയുടെ ഏറ്റവും ബുദ്ധിമുട്ട് ഉള്ളതും ഏറ്റവും പ്രാചീനമെന്നും കരുതാവുന്ന "സ്ലാപ്സ്റ്റിക്ക്" ഴോനാറില്‍ രാഷ്ട്രീയം മുന്നോട്ട് വക്കുന്ന സിനിമകള്‍ വിരളമാണ്. സൈലന്റ് സിനിമയുടെ കാലത്ത് ബസ്റ്റര്‍ കീറ്റനും ചാപ്ലിനും ഹാരോള്‍ഡ് ലോയിടും ഒക്കെ സിനിമയിലൂടെ സോഷ്യല്‍ മെസ്സേജുകള്‍ പങ്കുവച്ചിരുന്നു. ഫിസിക്കല്‍ ഹ്യൂമര്‍ ആയിരുന്നിട്ട് കൂടി വ്യക്തമായ രാഷ്ട്രീയമാനം ഉള്ള ഒരു സ്ലാപ്സ്റ്റിക്ക് സിനിമ ആയി പറയാവുന്നതാണ് ചാര്‍ളി ചാപ്ലിന്റെ "മോഡേണ്‍ ടൈംസ്".
പ്രത്യക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയ Great Dictator പോലെയായിരുന്നില്ല Modern Times. മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷന്റെ സമയത്തുള്ള അമേരിക്കയുടെ സാമൂഹിക - സാമ്പത്തിക അവസ്ഥയെ പരോക്ഷമായുള്ള നിരൂപണം തന്നെയായിരുന്നു അതിശയോക്തിയില്‍ പൊതിഞ്ഞ മോഡേണ്‍ ടൈംസ് സിനിമയിലെ സ്ലാപ്സ്റ്റിക്ക് സീനുകളും സന്ദര്‍ഭങ്ങളും. മുപ്പതുകളോടെ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ കുറച്ചൊക്കെ വെളിപെടുത്തിയ ചാപ്ലിന്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഇടത് സഹയാത്രികന്‍ ആയിരുന്നു എന്നാണ് വിദഗ്ദമതം. അങ്ങനെ നോക്കുമ്പോള്‍ ഈ സിനിമ പ്രശസ്ഥമായ "അമേരിക്കന്‍ ഡ്രീംന്‍റെ" പ്രസക്തിയില്‍ യന്ത്രവത്കൃതവും മുതലാളിത്തവ്യവസ്ഥിതിയും ആയ സമൂഹത്തില്‍ മനുഷ്യന്‍ ബലപ്രയോഗത്തിലൂടെ ആ സിസ്റ്റത്തില്‍ അടിമയായി ജീവിക്കുന്നത്തിന്റെ നേര്‍രേഖയാണ് മോഡേണ്‍ ടൈംസ്.
ടൈറ്റിലില്‍ പറയുന്ന മോഡേണ്‍ അഥവാ "നവീനത്വം" അലങ്കോലം ആവുന്ന സ്ഥിതി. അവിടെ തൊഴിലാളി എല്ലാം നഷ്ട്ടപെട്ട് സര്‍ക്കാരിന് അടിമപെടുന്ന അവസ്ഥ. പണക്കാരനും പാവപെട്ടവനും തമ്മില്ലുള്ള അന്തരവും വിവേചനവും ഉണ്ട് ആ സിസ്റ്റത്തില്‍. മുതലാളിയും പോലീസും സര്‍വോപരി ഗവണ്‍മെന്റും മനുഷ്യനെ നിയന്ത്രിക്കുന്ന "മോഡേണ്‍ ടൈംസ്". ആദ്യത്തെ സീനില്‍ തന്നെ സിമ്പോളിക്ക് ആയി ഒരു കൂട്ടം ചെമ്മരിയാടുകള്‍ കൂട്ടത്തോടെ മേയ്ക്കപ്പെടുന്നതും അത് പോലെ തന്നെ അടുത്ത ഷോട്ടില്‍ മനുഷ്യര്‍ തിങ്ങിനിറഞ്ഞ ഒരു സബ്‌വേയിലൂടെ പുറത്തേക്ക് വരുന്നതും. രണ്ടും എന്തോ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപെട്ട വര്‍ഗങ്ങള്‍ ആണ്. സാങ്കേതികവിദ്യയും മനുഷ്യനും തമ്മിലുള്ള കോണ്‍ഫ്ലിക്റ്റ് ആണ് സിനിമയില്‍ പ്രധാനമായും. വലിയ മഷീനുകളുടെ യന്ത്രചക്രങ്ങളുടെ ഉള്ളില്‍ പെടുന്ന ട്രാംപ് ഈ ഒരു അവസ്ഥയുടെ ഏറ്റവും എഫക്റ്റീവ് ആയ മെറ്റഫര്‍ ആണ്. മനുഷ്യന്‍ യന്ത്രങ്ങളുടെ വേഗതയില്‍ പണിയെടുക്കാന്‍ ശ്രമിക്കുന്നതും ബോസ് വലിയ മോണിട്ടരിലൂടെ തൊഴിലാളികളെ വീക്ഷിക്കുന്നതും വരിവരിയായി ജോലിക്ക് വേണ്ടി ക്യൂ നില്‍ക്കുന്നതും ഒക്കെ നമ്മുക്ക് ചിരി വരുത്തുന്നുന്ടെങ്കിലും മുതലാളിത്തവ്യവസ്ഥിതിയിലെ സത്യങ്ങള്‍ ആണവ. രാഷ്ട്രീയനിലപാടുകള്‍ തെറ്റോ ശെരിയോ എന്നത് വേറെ വശം, പക്ഷെ സ്ലാപ്സ്റ്റിക്ക് പോലെ ഒരു ഴോനരില്‍ തന്‍റെ രാഷ്ട്രീയനിലപാടുകള്‍ എങ്ങനെ സന്നിവേഷിപ്പിക്കാം എന്ന് ഏതു ഫിലിം മേക്കരും അറിഞ്ഞിരിക്കേണ്ടുന്ന ചലനചിത്രരീതിയാണ് മോഡേണ്‍ ടൈംസ്.

No comments:
Post a Comment