ജിയോപൊളിറ്റിക്കലി ലോകരാഷ്ട്രങ്ങളെ രണ്ടു തട്ടുകളിൽ ആക്കിയ ശീതയുദ്ധത്തിന്റെ(cold war) ഒരേ ഒരു പോസിറ്റിവ് വശമായി ചരിത്രകാരന്മാർ കരുതുന്ന ഒന്നാണ് അവരുടെ ശാക്തികബലാബലം മൂലം ഉണ്ടായ ശാസ്ത്ര-സാങ്കേതികവിദ്യയിലെ വളർച്ച. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ "സ്‌പേസ് റേസ്" കൊണ്ടും മൈക്രോചിപ് പോലെയുള്ള കണ്ടുപിടുത്തങ്ങൾ കൊണ്ടും മനുഷ്യരാശിക്ക് ഉണ്ടായ ഗുണം. മൂൺ മിഷനും ഇന്റർ പ്ലാനട്ടറി മിഷനുമെല്ലാം പരസ്പരം ആരാദ്യം ചെയ്യും എന്ന് വെല്ലുവിളിച്ചു കൊണ്ട് തന്നെയായിരുന്നു . ഗ്രഹങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും കൂടുതൽ അറിവ് ലഭ്യമാവാൻ ഈ "മത്സരം" സഹായമായി.
ഇങ്ങനെ തുല്യശക്തികൾ അറിഞ്ഞോ അറിയാതെയോ ആരോഗ്യകരമായ കിടമത്സരം നടത്തുമ്പോൾ അവർ വിരാജിക്കുന്ന മേഖലക്ക് മൊത്തത്തിൽ ഉയർച്ച ഉണ്ടാകുന്നതായും തന്മൂലം ക്വാളിറ്റി പ്രോഡക്റ്റ്സ് ലഭിക്കുന്നു എന്നത് നല്ല ഒരു തോട്ട് പ്രോസസ് ആണ്. സിനിമയിൽ അങ്ങനെ നോക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മലയാളം ഇൻഡസ്ട്രി ആണെന്ന് പറയേണ്ടി വരും. എൺപതുകളുടെ അവസാനത്തോടെ മലയാളത്തിൽ വ്യക്തമായ സ്ഥാനം ഉണ്ടാക്കിയ മമ്മൂട്ടി-മോഹൻലാൽ ദ്വയങ്ങൾ തങ്ങളുടെ പൊട്ടൻഷ്യൽ കൊണ്ട് അന്നത്തെ സമാന്തര-വാണിജ്യ സിനിമാക്കാർക്ക് മികച്ച കഥാപാത്രങ്ങളും സിനിമകളും ഉണ്ടാക്കാനുള്ള രാസത്വരകങ്ങൾ ആയി വർത്തിക്കുകയായിരുന്നു.
തൊണ്ണൂറുകളുടെ പകുതിയോളം വരെ ഇവർ മത്സരിച്ചഭിനയിച്ച കാലഘട്ടം തന്നെയാണ് ഇരുവരുടെയും മികച്ച അഭിനയ മുഹൂർത്തങ്ങളും സിനിമകളും എന്ന് പറയാം. ആരോഗ്യപരമായ മത്സരത്തിന്റെ ഏറ്റവും മികച്ച ബാക്കിപത്രം ആണ് മലയാളസിനിമയിലെ ഈ പിരീഡ്. ചരിത്രം നോക്കിയാൽ എഴുപതുകളിൽ ഹോളിവുഡിൽ വ്യക്തമായ മെത്തേഡ് അഭിനയശൈലികൾ കൊണ്ട് തുല്യശക്തികൾ എന്ന് വാഴ്ത്തപ്പെട്ട ഡി നീറോ-പാച്ചിനോ എന്നിവരുടെയും മികച്ച സിനിമകൾ അക്കാലത്തു ആണ്. ഇവിടെയും നേരത്തെ സൂചിപ്പിച്ച മത്സരബുദ്ധി ഗുണം ചെയ്തിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയ ഉദാഹരരണം ഹിന്ദിയിലെ 70-80 കാലഘട്ടത്തിലെ സമാന്തര സിനിമയിൽ ആണ്. നിഹലാനിയും ബെനഗലും നയിച്ച ഈ ശാഖയിൽ അപൂർവ്വത എന്ന് പറയാവുന്ന കാര്യം നടൻമാരുടെയും നടിമാരുടെയും കേസിൽ ഉയർന്നു വന്ന ഏറെക്കുറെ തുല്യശക്തികൾ ആയ ഓംപുരി - നസീറുദിൻ ഷാ ജോഡിയും ശബാന ആസ്മി - സ്മിതാ പാട്ടിൽ ജോഡിയും ആയിരുന്നു. വലിയ രീതിയിൽ ഇവർ വാണിജ്യസിനിമാ പരീക്ഷണങ്ങളും നടത്തിയില്ല. നേഷണൽ അവാർഡ് നേടിയ ഗോഡ്മദർ പിന്നെ ചെറിയ ചില നല്ല പ്രകടനങ്ങൾ ഒഴിച്ചാൽ സ്മിതാ പാട്ടിൽ മരിച്ചതിന് ശേഷം ശബാന ആസ്മിക്ക് അത്രത്തോളം നല്ല റോളുകൾ ലഭിച്ചില്ല എന്നത് വസ്തുതയാണ്.
രാവണപ്രഭുവിൽ "നീലനില്ലെങ്കിൽ ശേഖരനും ഇല്ല" എന്ന് പറയുന്ന പോലെ ശക്തനായ എതിരാളി ചിലപ്പോഴെങ്കിലും "അവനെക്കാൾ മികവുറ്റത് സൃഷ്ടിക്കാൻ" ഒരു പ്രചോദനം ആവും. നടന്മാർ ഇത് തിരിച്ചറിഞ്ഞില്ലെങ്കിലും എഴുത്തുകാർക്ക് ഈ പ്രതിഭാസം അറിയാൻ കഴിയും, അവരുടെ തൂലിക ആ മത്സരം സൃഷ്‌ടിക്കാൻ പാകപ്പെടും. അപവാദങ്ങൾ ഉണ്ടെങ്കിലും ആരോഗ്യപരമായ മത്സരങ്ങൾ സിനിമക്ക് (അകത്തു മാത്രം) ഗുണങ്ങളെ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് കരുതാം.

No comments:
Post a Comment